ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത: ബിജെപി

Tuesday 20 November 2018 1:00 am IST

കോഴിക്കോട്: ശബരിമലയില്‍ ശരണം വിളിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ സര്‍ക്കാരിന്റെ ചട്ടുകമായി മാറരുത്. ഒരു പ്രകോപനവുമില്ലാതെ അയ്യപ്പന്‍മാരെ അറസ്റ്റുചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ദേശീയ - സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളിലടക്കം പരാതി നല്‍കുമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ട് പറഞ്ഞു.

ഭക്തര്‍ക്കുനേരെ കാടത്തമാണ് പോലീസ് കാണിച്ചത്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരത. കറുത്തപൊട്ടായി ഈ ദിവസം മാറും. ഭക്തര്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന 144 പിന്‍വലിക്കണം. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം വരുന്ന അയ്യപ്പഭക്തര്‍ക്ക് ഗുരുസ്വാമിക്കൊപ്പം മലകയറാനാവാത്ത അവസ്ഥയാണ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.   ശ്രീനാരായണ ഗുരുദേവന്‍ തന്നെ പറഞ്ഞിരിക്കുന്നത് 11 ദിവസമാണ് പുലയെന്നാണ്. കെ. സുരേന്ദ്രനെതിരെ കുപ്രചാരണം നടത്തുകയായിരുന്നു ദേവസ്വം  മന്ത്രി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.