ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടുത്ത സമ്മര്‍ദ്ദത്തില്‍; രാജിയിലേക്കെന്ന് സംശയം

Tuesday 20 November 2018 1:16 am IST

പമ്പ: ശബരിമലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ദേവസ്വം ബോര്‍ഡ് കടുത്ത സമ്മര്‍ദ്ദത്തില്‍. സന്നിധാനത്തെ പോലീസ് തേര്‍വാഴ്ചയില്‍ പരസ്യ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും പോലീസ് നിലപാട് മാറ്റാന്‍ തയാറാകാത്തത് പ്രസിഡന്റ് എ. പദ്മകുമാറിനെ അസ്വസ്ഥനാക്കുന്നു. ഇന്നലെ ഭക്തര്‍ക്കെതിരെ പോലീസ് അതിക്രമം നടന്നിട്ടും ബോര്‍ഡിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. വ്യാപക വിമര്‍ശനം കേള്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് വരെ ആലോചിക്കുന്നതായി പ്രസിഡന്റ് അടുപ്പമുള്ളവരോട് പറഞ്ഞെന്നാണ് വിവരം.

ഭക്തര്‍ക്ക് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രസിഡന്റ് ഡിജിപിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ്  സന്നിധാനത്ത് പോലീസ് അഴിഞ്ഞാടിയത്. ഇതാണ് പ്രസിഡന്റിനെ കൂടുതല്‍ അസ്വസ്ഥനാക്കിയത്. സര്‍ക്കാരിന് വിശ്വാസം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിനെയാണെന്നതും പദ്മകുമാറിനെ അലോസരപ്പെടുത്തുന്നു.

സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ബോര്‍ഡിന്റെ വരുമാനം അനുദിനം കുറയുകയാണ്. കാണിക്ക വരുമാനവും അപ്പം, അരവണ വില്‍പ്പനയും കുറഞ്ഞതും ബോര്‍ഡിന് വലിയ തിരിച്ചടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഭക്തരുടെ വരവ് ഇനിയും കുറഞ്ഞേക്കും. ദിവസം ശരാശരി 18,000 ഭക്തര്‍ മാത്രമേ ദര്‍ശനത്തിന് എത്തുന്നുള്ളൂ. ഒരു ലക്ഷത്തോളം ഭക്തരെ ദിവസം പ്രതീക്ഷിച്ച സ്ഥാനത്താണിത്. ഇന്നലെ രാവിലെ നല്ല  തിരക്ക് അനുഭവപ്പെട്ടുവെങ്കിലും വൈകിട്ടും രാത്രിയിലും തിരക്ക് കുറഞ്ഞു.

ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ബോര്‍ഡിന്റെ കീഴിലുള്ള ആയിരത്തിഇരുനൂറോളം ക്ഷേത്രങ്ങളെയും ബാധിക്കും. 60 ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വന്തം കാലില്‍ നില്‍ക്കുന്നത്. 10,000ത്തോളം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ജീവിതവും താളംതെറ്റും. ബോര്‍ഡിന് സാമ്പത്തിക ചെലവ് ഉണ്ടാകുന്ന ഉത്സവകാലമാണ് വരുന്നത്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 13 മാസത്തെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുന്‍കൂറായി കണ്ടെത്തണം.

ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് അതിന്റെ ചരിത്രത്തില്‍ മുമ്പെങ്ങും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ദേവസ്വം ബോര്‍ഡിനെ പ്രസിഡന്റ് എ. പദ്മകുമാര്‍ എത്രനാള്‍ നയിക്കുമെന്ന ചോദ്യമാണ് ജീവനക്കാരുടെ സംഘടനകളില്‍ നിന്നുയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.