ശബരിമല: പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Wednesday 21 November 2018 2:52 pm IST

കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞയുടെ പേരിൽ പോലീസ് കൊണ്ടുവന്ന നടപടികൾ വിശ്വാസികളെ ഭയപ്പെടുത്തിയെന്ന് ഹൈക്കോടതി. ചില പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തു. മുംബൈയിൽ നിന്ന് വന്ന അയ്യപ്പന്മാർ എന്തുകൊണ്ടാണ് മടങ്ങിപോയതെന്നും കോടതി ചോദിച്ചു.

ഐജി വിജയ സാക്കറെക്കും എസ്‌പി യതീഷ് ചന്ദ്രയ്ക്കും മലയാളം അറിയില്ലേ. ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ എന്തുകൊണ്ട് അവര്‍ക്ക് മനസിലാകുന്നില്ല. ഇരുവര്‍ക്കും എതിരെ ക്രിമിനല്‍ കേസ് ഉള്ളതല്ലേ. സമ്പത്ത് കേസുമായി ബന്ധമുള്ള ആളല്ലേ വിജയ് സാക്കറെ. എന്തുകൊണ്ട് ഇയാളെത്തന്നെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. 

ഐജിയുടെയും എസ്‌പിയുടെയും വിശദാംശങ്ങള്‍ ഹാജരാക്കണം. ഇവരെ എന്തിന് നിയമിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ കുറിച്ച് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഐ ജി വിജയ് സാക്കറെ സമർപ്പിച്ച റിപ്പോർട്ടിൽ ശബരിമായിൽ നിരോധനാജ്ഞ അത്യാവശ്യമാണെന്നും,വിശ്വാസികൾക്ക് ഇത് ബാധകമല്ലെന്നും സൂചിപ്പിച്ചു. 

മണ്ഡലകാലത്ത് സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത്. നേരത്തെ നടതുറന്നപ്പോഴും സംഘര്‍ഷമുണ്ടായിരുന്നു. ഇനിയും സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതെന്നും ഐ.ജി.വിജയ് സാക്കറെ കോടതിയെ അറിയിച്ചു. യഥാര്‍ത്ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. 

എന്നാൽ ഐ ജി സമർപ്പിച്ച റിപ്പോർട്ടിലെ പോലെയാണ് കാര്യങ്ങളെങ്കിൽ അത് അംഗീകരിക്കുന്നു, എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് കോടതി നിരീക്ഷിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.