സിബിഐക്ക് 'ഊരുവിലക്ക് ' ?

Thursday 22 November 2018 1:08 am IST

സിബിഐ വീണ്ടും അരങ്ങുതകര്‍ക്കുകയാണ്. ഇത്രയേറെ ആ ഏജന്‍സി ചര്‍ച്ചചെയ്യപ്പെട്ട നാളുകള്‍ വേറെയുണ്ടോ ?  അഗ്നിശുദ്ധി വരുത്തി വരുന്ന  സിബിഐയെ പലരും ഭയപ്പെടുന്നുണ്ടാവണം. തീര്‍ച്ചയായും അതിന്റെ വിശ്വാസ്യത വളരെയേറെ വര്‍ധിക്കാന്‍ ഇത് സഹായിക്കും. ആ ഏജന്‍സിയില്‍ ചില തകരാറുകള്‍, അക്ഷരത്തെറ്റുകള്‍,  ഉണ്ടായിരുന്നിരിക്കണം; അത് തിരുത്തപ്പെടുന്നു.  ഇവിടത്തെ ഒരു ഭരണകൂടത്തിന്,  അതിനെ നേരായ പാതയില്‍ കൊണ്ടുവരാന്‍ കഴിയുന്നു എന്നതാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. 

വലിയ വിവാദങ്ങള്‍ പുറത്ത് അരങ്ങേറുമ്പോഴും എല്ലാം ശാന്തമായി കേട്ടുകൊണ്ട്, ചിരിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ അതിനെയൊക്കെ നോക്കിക്കാണുന്നു. എന്തൊക്കെയാണ് ചിലര്‍ ഇതിനിടയില്‍ വിളിച്ചുകൂവിയത്; എന്തൊക്കെയോ വലിയ അന്വേഷണത്തിന് ആരൊക്കെയോ ഉത്തരവിടാന്‍ തീരുമാനിച്ചപ്പോള്‍ ഇളക്കി പ്രതിഷ്ഠ നടത്തിയെന്നും അഴിമതിക്കാര്‍ സിബിഐയെ ഭയപ്പെടുന്നു എന്നുമൊക്കെ പറഞ്ഞവരുണ്ടല്ലോ.   കഴിഞ്ഞ ദിവസം സുപ്രീം കോടതി ആ  കേസ് കേട്ട് പിരിഞ്ഞപ്പോള്‍ അവരെന്താണ് മിണ്ടാതായത്? എന്തുകൊണ്ടാണ് ചിലര്‍ സിബിഐക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്?  കാര്യങ്ങള്‍ രസകരമാണ്. ഓരോന്നായി വിലയിരുത്താം. ഒരുകാര്യം ആദ്യമേ സൂചിപ്പിക്കട്ടെ, സിബിഐക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നു എന്നത് വെറും രാഷ്ട്രീയ പ്രസ്താവന  മാത്രമാണ്.   

 ആന്ധ്ര സര്‍ക്കാരാണ്   സിബിഐ ഇനി മേല്‍ തങ്ങളുടെ സംസ്ഥാനത്തേക്ക് കടക്കരുത് എന്ന ഉത്തരവിട്ടത്. പിന്നാലെ മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. എന്താണിതിന് ഇത്ര പ്രാധാന്യം?  സിബിഐ  പ്രവര്‍ത്തിക്കുന്നത് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റിന് കീഴിലാണ്. അവര്‍ക്ക് മറ്റൊരു സംസ്ഥാനത്തുള്ള ഒരു  കേസ് അന്വേഷിക്കണമെങ്കില്‍ ആ സംസ്ഥാനത്തിന്റെ അനുമതി വേണം. അതില്‍ പുതുമയൊന്നുമില്ല. സിബിഐക്ക് കേസുകള്‍ വിട്ടുകൊണ്ട് സംസ്ഥാനങ്ങള്‍ ഉത്തരവിറക്കുന്നത് അതുകൊണ്ടാണ്. അത്തരം കേസുകളേ  സിബിഐ ഏറ്റെടുക്കാറുള്ളു. അല്ലെങ്കില്‍ അതേ അവര്‍ക്ക് അന്വേഷിക്കാനാവൂ. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ പോലും, സിബിഐയും അത് പരിശോധിക്കും. അന്വേഷിക്കാനാവുന്ന കേസാണോ, അതില്‍ എന്തെങ്കിലും അത്രമാത്രം ഗൗരവമോ  മറ്റോ ഉണ്ടോ എന്നൊക്കെ. ബോധ്യം വന്നാലേ അവര്‍ അന്വേഷണം ഏറ്റെടുക്കാറുള്ളു.   

സംസ്ഥാനങ്ങള്‍ ആവശ്യപ്പെടാതെ ഒരു കേസും സിബിഐക്ക് സ്വമേധയാ അന്വേഷിക്കാനാവില്ല എന്ന് പറയുമ്പോള്‍ തന്നെ മറ്റൊന്നുണ്ട്. അത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ നടത്തുന്ന അന്വേഷണങ്ങളാണ്. നാം സാധാരണ കേള്‍ക്കാറുള്ള കാര്യമാണ്, സിബിഐ അന്വേഷണമാവശ്യപ്പെട്ട് വ്യക്തികള്‍ കോടതിയെ സമീപിക്കുന്നത്. കോടതി അത് പരിശോധിക്കും. നിലവിലെ അന്വേഷണരീതി ഒക്കെ നോക്കും. അതിനുശേഷം നിയമാനുസൃതമല്ല അല്ലെങ്കില്‍ നീതിപൂര്‍വമല്ല കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് കണ്ടാല്‍ സിബിഐയെ ഏല്‍പ്പിക്കും. അപ്പോഴും സിബിഐയുടെ കൂടി അഭിപ്രായം കോടതി തേടാറുണ്ട്. തങ്ങള്‍ അന്വേഷിക്കേണ്ടതാണ്  എന്ന് ആ കേന്ദ്ര ഏജന്‍സിക്ക് ബോധ്യമുണ്ടായാല്‍ അത് അവര്‍ കോടതിയില്‍ സമ്മതിക്കും. ഇല്ലെങ്കില്‍ കഴിയില്ലെന്ന് പറയും. അങ്ങിനെ കോടതി ഉത്തരവിട്ടാല്‍ അത് കേന്ദ്ര ഏജന്‍സിക്ക് അന്വേഷിക്കേണ്ടിവരും. അതിന് ഇപ്പോഴും തടസമൊന്നുമില്ല. അത് ആന്ധ്രയിലും പശ്ചിമ ബംഗാളിലും തുടരുകതന്നെ ചെയ്യും. കോടതി ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് ചന്ദ്രബാബു നായിഡുവിനൊ മമത ബാനര്‍ജിക്കോ  പറയാനാവുമോ എന്നറിയില്ല. 

ഒരു കേസ് അന്വേഷിക്കുന്നതിനിടെ ഒരു സുപ്രധാന വിവരം സിബിഐക്ക് ലഭിക്കുന്നു എന്ന് കരുതുക. അത് ആ കേസില്‍ സുപ്രധാനമാണ് എന്ന് വന്നാല്‍ തീര്‍ച്ചയായും സിബിഐക്ക് ഏത് സ്ഥലത്തും കടന്നുചെല്ലാം. അവിടെയും ആ അടിസ്ഥാന കേസ് അന്വേഷിക്കുന്ന നാട്ടിലെ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അത് ചെയ്യാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിയും. കേന്ദ്ര സര്‍ക്കാരിന് കീഴിലെ വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍  എന്നിങ്ങനെയുള്ള കേസുകള്‍, പരാതികള്‍  അന്വേഷിക്കാന്‍ സിബിഐക്ക് കഴിയും. അതിന് ആരുടേയും ഔദാര്യം ആവശ്യമില്ല.  കേന്ദ്ര സര്‍ക്കാരുമായോ ഒരു പൊതുമേഖലാ സ്ഥാപനവുമായി ബന്ധപ്പെട്ടതോ ആയ  വിഷയമാണെങ്കില്‍, അത് ആന്ധ്രയിലായാലും ബംഗാളിലായാലും കേരളത്തിലായാലും, സിബിഐക്ക് ആരുടേയും അനുമതികൂടാതെ അന്വേഷണം നടത്താം. 

അഴിമതിക്കേസുകളുടെ അന്വേഷണം  സിബിഐവേണ്ടവിധം മുന്നോട്ട് കൊണ്ടുപോകുന്നതാണല്ലോ  പലരെയും വിഷമിപ്പിക്കുന്നത്.  അത് സിബിഐ മാത്രമാണോ അന്വേഷിക്കുന്നത്, അല്ലല്ലോ.  വരവില്‍ കവിഞ്ഞ സ്വത്ത് പോലുള്ള വിഷയങ്ങളില്‍   ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങി ആരൊക്കെ  ഇടപെടുന്നുണ്ട്. ആദായ നികുതിക്കാരും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരും തങ്ങളുടെ നാട്ടില്‍ കടന്നുകൂടെന്ന് ഇവര്‍ നാളെ ഉത്തരവിടുമോ?  അഴിമതിക്കേസില്‍ കുടുങ്ങിയവര്‍ കാണിക്കുന്ന ബേജാര്‍ ആണിത്.  ആ മനോനിലയില്‍ നിന്നുകൊണ്ട് തികച്ചും ബാലിശമായ വാദഗതികളാണ്  അവര്‍ ഉയര്‍ത്തുന്നത്. 

ആന്ധ്ര മുഖ്യമന്ത്രിക്ക്  കഴിഞ്ഞദിവസം  ഉറക്കമെണീറ്റപ്പോള്‍ എന്താണിങ്ങനെ തോന്നിയത്? അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും  ചിലര്‍ക്കെതിരെ ഉയര്‍ന്ന വലിയ അഴിമതി ആക്ഷേപങ്ങള്‍ സിബിഐ ഇപ്പോള്‍ത്തന്നെ അന്വേഷിക്കുന്നുണ്ട്. അതൊക്കെ വ്യക്തമായ തെളിവുകളുടെ വെളിച്ചത്തിലാണ്. എന്നാല്‍ അതിനപ്പുറം ചിലതുണ്ട് എന്ന് കരുതുന്നവരാണ് പലരും. സിബിഐയിലെ  പുതിയ സംഭവവികാസങ്ങളില്‍ ചില വഴിവിട്ട കളികള്‍ നടത്തിയവരില്‍  ആന്ധ്രക്കാരുമുണ്ട്. ചില 'പദ്ധതികള്‍' രൂപപ്പെട്ടത് അവിടെവെച്ചാണ്  എന്നും കണ്ടിരുന്നു. അതില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടത് എന്നത് ഏറെക്കുറെ  പുറത്തുണ്ടെങ്കിലും ഇപ്പോള്‍ പറയുകവയ്യ. കാരണം   സുപ്രീം കോടതിയുടെ പരിഗണയിലാണ് പ്രശ്നം.  സീല്‍ ചെയ്ത കവറില്‍ കൈമാറേണ്ടുന്ന ഗൗരവമുള്ള വിവരങ്ങള്‍ അതിലുള്‍പ്പെട്ടിട്ടുണ്ട് എന്ന് ഇതിനകം വ്യക്തമായല്ലോ.  സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍  ആണ് അത് അന്വേഷിച്ചത്; മാത്രമല്ല സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് അത്  നടന്നത് ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലുമാണ്. സിവിസി ബന്ധപ്പെട്ടവരെ വിളിച്ചു മൊഴിയെടുത്തപ്പോഴും രേഖകള്‍ പരിശോധിച്ചപ്പോഴുമൊക്കെ ആ മുന്‍ ജഡ്ജി സന്നിഹിതനായിരുന്നു. അത് അന്വേഷണത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുക തന്നെ ചെയ്തു.  അതായത് നീതിപൂര്‍വമായ, സുതാര്യമായ അന്വേഷണം.  സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അത് ബോധ്യപ്പെട്ടിരുന്നിരിക്കണം. സിബിഐ തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയായിത്തീരുമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് ഇത് വിഷമമുണ്ടാക്കിയിരിക്കണം. 

മമത ബാനര്‍ജിയെ വിഷമിപ്പിച്ചത് രണ്ട് ചിട്ടി ഫണ്ട് തട്ടിപ്പുകളാണ്. അത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്നമല്ല. ശാരദ ചിട്ടിയുടെ കാര്യത്തില്‍  പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത് അനുസരിച്ചാണ് സിബിഐ ഏറ്റെടുക്കുന്നത്. മറ്റൊന്ന് ഓര്‍മ്മ ശരിയെങ്കില്‍, കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും. അത് രണ്ടും ഇപ്പോഴും മമതയുടെ ഉറക്കം കെടുത്തുന്നുണ്ട്. ആന്ധ്രയില്‍ അതുപോലൊന്ന് ചന്ദ്രബാബു നായിഡുവിന്റെ തുറിച്ചു നോക്കുന്നു.  ബിജെപി പറയുന്നത് വിശ്വസിക്കാമെങ്കില്‍ 'അഗ്രിഗോള്‍ഡ്' തട്ടിപ്പില്‍ ഉള്‍പ്പെട്ടത്  6,830 .കോടിയാണ്. ആ ഇടപാടുകള്‍ ഒന്‍പത് സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇത്തരമൊരു അന്തര്‍ സംസ്ഥാന വിഷയം സിബിഐക്കല്ലേ   അന്വേഷിക്കാനാവൂ. ഇതൊക്കെയാണ് അവരെ വിഷമിപ്പിക്കുന്നത്. തങ്ങള്‍ അനുമതി നല്‍കില്ല എന്നുപറഞ്ഞ് ഊരുവിലക്ക് ഏര്‍പ്പെടുത്തി അവരെല്ലാം സ്വയം സമാധാനിക്കട്ടെ. സിബിഐ അതിന്റെ വഴിക്ക് പോവുകയും ചെയ്യട്ടെ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.