റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2012 മാര്‍ച്ച് നാലിന്

Friday 22 July 2011 12:16 pm IST

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു 2012 മാര്‍ച്ച് 4നു നടക്കും. തെരഞ്ഞെടുപ്പു കമ്മിറ്റിയംഗം യെലേന ഡബ്രോവിനയാണ് ഇക്കാര്യമറിയിച്ചത്. മാര്‍ച്ച് 11നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവധി ദിവസം തെരഞ്ഞെടുപ്പു നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നാലിലേക്കു മാറ്റിയതെന്ന് അവര്‍ അറിയിച്ചു. പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിനൊപ്പം മത്സരരംഗത്തു വരുന്നത്‌ ക്രിയാത്മകമാവില്ലെന്നതിനാല്‍ തങ്ങളില്‍ ഒരാള്‍ മാത്രമാകും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന്‌ റഷ്യന്‍ പ്രസിഡന്റ്‌ ദിമിത്രി മെദ്‌വെദേവ്‌ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതില്‍ ഇരുവരും നിലപാട്‌ വ്യക്‌തമാക്കിയിട്ടുമില്ല. ഭരണഘടനയനുസരിച്ചു രണ്ടു തവണ തുടര്‍ച്ചയായി പ്രസിഡന്റായി തുടരാന്‍ കഴിയാത്തതുകൊണ്ട്‌ 2008ല്‍ സ്ഥാനം ഒഴിഞ്ഞ വ്ലാഡിമിര്‍ പുടിനും അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. പുടിനും മെദ്‌വെദേവും ഈ വിഷയത്തില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യം തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു തൊട്ടുമുന്‍പ്‌ മാത്രമാകും പ്രഖ്യാപിക്കുകയെന്നുമാണ്‌ റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സിലിന്റെ മുന്‍ സ്പീക്കറായ സെര്‍ഗി മിര്‍നോവിന്റെ അഭിപ്രായം.