ശരണംവിളിക്കാം; വിലക്ക് ഹൈക്കോടതി നീക്കി

Thursday 22 November 2018 4:08 am IST

കൊച്ചി : ശബരിമലയില്‍ ഭക്തര്‍ ഒറ്റക്കോ കൂട്ടമായോ ശരണം വിളിക്കുന്നത് വിലക്കിയ പോലീസ് നടപടി ഹൈക്കോടതി തടഞ്ഞു. ശരണം വിളി തടയരുതെന്ന് പോലീസിനോട് ഉത്തരവിട്ട  ഡിവിഷന്‍ ബെഞ്ച് ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനിടയായ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാനും  നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനും പോലീസിനും  മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത തിരിച്ചടിയാണ്  കോടതിയുടെ ഇടക്കാല ഉത്തരവ്.

  ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റീസ് പി.ആര്‍ രാമചന്ദ്രമേനോന്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

 തീര്‍ഥാടകര്‍ക്ക് നിയന്ത്രണമില്ലെന്നും ശരണം വിളിക്കുന്നതിന് തടസമില്ലെന്നും ക്രമസമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ എത്തുന്നവരെ മാത്രമാണ് തടയുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.   ഭക്തരുടെ മറവില്‍ തീവ്രവാദികളോ കലാപകാരികളോ കടക്കുന്നത് തടയണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ശരണം വിളിച്ച് ഭക്തര്‍ ഒറ്റക്കോ കൂട്ടമായോ ശബരിമലയിലെത്തുന്നത് നിരോധനാജ്ഞയുടെ പേരില്‍ തടയരുതെന്നും  കോടതി വ്യക്തമാക്കി.

 ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രശ്‌നക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കാണ് നോട്ടീസ് നല്‍കുന്നതെന്നും യഥാര്‍ത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.  ശബരിമലയിലെ സ്ഥിതിഗതി വ്യക്തമാക്കി ഡിജിപിയും ഐജി വിജയ് സാഖറെയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ എജി ഹാജരാക്കി. ശബരിമലയില്‍ ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പ്രതിഷേധങ്ങള്‍ക്കും  നിയമവിരുദ്ധമായി ഒത്തു ചേരലിനുമൊക്കെയാണ് നിരോധനമുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ മുംബൈയില്‍ നിന്ന് എത്തിയ 110 പേരടങ്ങിയ അയ്യപ്പ ഭക്തരുടെ സംഘം കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങിയതു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ ഉണ്ടാവുന്നതെന്താണ്. ശബരിമലയില്‍ നിരോധനാജ്ഞ ശരിയായ രീതിയിലാണോ പോലീസ് നടപ്പാക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്  ചോദിച്ചു. സംഘത്തില്‍ 33 കന്നി അയ്യപ്പന്മാരുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കാന്‍ എത്തിയിരുന്നു.  അയ്യപ്പഭക്തര്‍ സംഘമായി എത്തുന്നത് തടയുന്നത് ദോഷം ചെയ്യും.  അന്യ സംസ്ഥാനങ്ങളില്‍ നിന്നു പോലും എത്തുന്ന ഭക്തര്‍ക്ക് കൂട്ടം തെറ്റിപ്പോകുമെന്ന ആശങ്കയ്ക്ക് ഇത്തരം നിയന്ത്രണം കാരണമാകും. കോടതി പറഞ്ഞൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.