ആചാരങ്ങള്‍ പാലിക്കുന്ന ക്ഷേത്രമുണ്ട്; കടകംപള്ളിയുടെ മണ്ഡലത്തില്‍

Friday 23 November 2018 4:35 am IST

തിരുവനന്തപുരം: ഹൈന്ദവ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ വലുത് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വാദിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയുക. മന്ത്രിയുടെ മണ്ഡലത്തില്‍ ആചാരങ്ങള്‍ക്കും വിശ്വാസത്തിനും കോട്ടംതട്ടാതെ ശ്രീനാരായണ ഗുരുദേവന്റെ അരുള്‍ പ്രകാരം ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട് കോലത്തുകര ശിവക്ഷേത്രം.

തിരുവനന്തപുരം കുളത്തൂര്‍ കോലത്തുകര മഹാദേവ ക്ഷേത്രത്തിലാണ് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നത്. സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. ചുറ്റമ്പലത്തിന് പുറത്ത് നിന്ന് മാത്രമേ ദേവനെ ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. വിധി പ്രകാരം പൂജാരിയ്ക്ക് മാത്രമേ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഉത്സവ സമയത്ത്  ക്ഷേത്ര കമ്മറ്റിക്കാര്‍ക്ക് പത്ത് ദിവസത്തെ വ്രതാനുഷ്ഠാനത്തോട് കൂടിമാത്രം ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിക്കാം. മുമ്പ് ഭദ്രകാളി ക്ഷേത്രമെന്നാണ് കോലത്തുകരയെ അറിയപ്പെട്ടിരുന്നത്. ഗുരുദേവനാണ് ശിവപ്രതിഷ്ഠ നടത്തി കോലത്തുകരയിലെ പ്രധാന ആരാധനാ കേന്ദ്രമാക്കി ക്ഷേത്രത്തെ  മാറ്റിയത്. 

അരുവിപ്പുറവും, മണ്ണന്തല ആനന്ദവല്ലീശ്വരി ക്ഷേത്രത്തിലെയും പ്രതിഷ്ഠയ്ക്ക് ശേഷമാണ് കോലത്തുകരയില്‍ ഗുരുദേവന്‍ ശിവപ്രതിഷ്ഠ നടത്തുന്നത്.  മൂലപ്രതിഷ്ഠയായ ഭദ്രകാളി വിഗ്രഹം മാറ്റിയ ശേഷമാണ് ശിവപ്രതിഷ്ഠ നടത്തിയത്. 1893 മാര്‍ച്ച് 23നാണ് ശിവപ്രതിഷ്ഠ നടത്തുന്നത്. ഭദ്രകാളി വിഗ്രഹം ചുറ്റമ്പലത്തിലെ വടക്കെപടിഞ്ഞാറ് മൂലയില്‍ സൂക്ഷിച്ചിട്ടുണ്ട്. അന്നുമുതല്‍ സ്ത്രീക്കും പുരുഷനും ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനമില്ല. മാറ്റിയ വിഗ്രഹത്തെ ദര്‍ശിക്കാനോ ആരാധന നടത്താനോ പാടില്ലെന്നാണ് ഐതിഹ്യം ചൂണ്ടിക്കാണിക്കുന്നത്. ഗുരുദേവന്‍ രണ്ടുവരി ശ്ലോകവും കുമാരനാശാന്‍ രണ്ടുവരി ശ്ലോകവും ക്ഷേത്രത്തെക്കുറിച്ച് എഴുതി നല്‍കി. 

ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന ദേവസ്വം മന്ത്രി കാണുക കോലത്തുകരയില്‍  ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമാണ് പ്രധാന്യം. അതിന് യാതൊരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഇവിടത്തെ വിശ്വാസി സമൂഹം. 

ശ്രീനാരായണഗുരുദേവന്റെ ശാസനങ്ങള്‍ക്ക് അനുസരിച്ച്  വിഗ്രഹത്തിന്റെ പവിത്രതയും മഹത്വവും ഭക്തജനങ്ങള്‍ ഭക്ത്യാദരപൂര്‍വം കാത്ത് സൂക്ഷിക്കുന്നുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.