ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ലീഗല്‍ മെട്രോളജി ഓഫീസ് മട്ടന്നൂരിലേക്ക് രഹസ്യമായി മാറ്റിയ തീരുമാനത്തില്‍ വന്‍ പ്രതിഷേധം. പേരാവൂര്‍ മണ്ഡലം എംഎല്‍എയായ തന്നോടോ ഇരിട്ടി താലൂക്കിന്റെ ഭാഗമായ ഉളിക്കല്‍ പഞ്ചായത്തുകൂടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എംഎല് എ കെ.സി.ജോസഫിനോടോ ആലോചിക്കാതെ മട്ടന്നൂരില്‍ അടുത്തദിവസം നടത്താനിരിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് എംഎല്‍എ സണ്ണിജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ പുതുതായി അനുവദിച്ച പതിനാല് താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയില്‍ ഓഫീസ് സ്ഥാപിക്കുന്നതിനായി സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ മട്ടന്നൂരില്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്.
ഇരിട്ടി താലൂക്കിലെ 19 വില്ലേജുകളില്‍ 17 വില്ലേജുകളിലെ ജനങ്ങള്‍ക്കും സൗകര്യപ്രദമായ ഇടം ഇരിട്ടി തന്നെയാണ്. താലൂക്കിലെ മൂന്നു ലക്ഷത്തോളം വരുന്ന ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള സങ്കുചിതമായ ഒരു തീരുമാനം മാത്രമാണിത്. ഇതിനെതിരെ എല്ലാ കോണില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്നും ഇരിട്ടിക്കനുവദിച്ച മിനി സിവില്‍ സ്റ്റേഷനായി പണം അനുവദിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിക്കുന്നതായും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: