ശബരിമലയ്ക്കായി‘കന്നി പരസ്യം; ആളെക്കൂട്ടാന്‍ ബോര്‍ഡ് ചെലവഴിച്ചത് ലക്ഷങ്ങള്‍

Friday 23 November 2018 3:38 am IST

പൊന്‍കുന്നം: ലോകത്തെ പ്രധാനപ്പെട്ട അഞ്ച് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയ്ക്ക് വിചിത്ര പ്രചരണവുമായി സര്‍ക്കാര്‍. പ്രതിവര്‍ഷം ഏഴ് കോടിയോളം ഭക്തരെത്തുന്ന ശബരിമലയിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍ പരസ്യം. ഇതിനായി ചെലവഴിച്ചത് ലക്ഷങ്ങള്‍. 

ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ഏതെങ്കിലുമൊരു ക്ഷേത്രത്തിലേക്ക് ഭക്തരെ ക്ഷണിച്ച് കൊണ്ട് ഔദ്യോഗികമായി ഇത്തരമൊരു പരസ്യം പ്രസിദ്ധീകരിക്കുന്നത്. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിആര്‍ഡി വഴിയാണ് പരസ്യം നല്‍കിയത്. തീര്‍ഥാടകരെ ആകര്‍ഷിക്കാനുള്ള പാക്കേജും പരസ്യത്തിലുണ്ട്. പൂജാസമയക്രമവും, ശരമണമന്ത്രവും സ്വാമി അയ്യപ്പന്റെയും ശബരിമലയുടെയും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാനന പാതയില്‍ കുടിവെള്ളം, ചികിത്സാ സൗകര്യങ്ങള്‍, സന്നിധാനത്ത് വിപുലമായ അന്നദാന സൗകര്യം ഇങ്ങനെ പോകുന്നു പരസ്യവാചകങ്ങള്‍. ഇതൊന്നും പരസ്യത്തിലല്ലാതെ സന്നിധാനത്തും കാനനപാതയിലും കാണാനില്ലെന്നത് വേറെ കാര്യം.

തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത പിടിപ്പ്‌കേട് മറയ്ക്കാനായാണ് ബോര്‍ഡ് ശബരിമല അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചത്. ബോര്‍ഡിന്റെ അക്കൗണ്ടില്‍ ശബരിമലയുടെ പേരില്‍ 1300 കോടിയോളം രൂപയുണ്ട്. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള പണവും ഇതില്‍പ്പെടും. ഈ തുകയില്‍ നിന്നാണ് ശബരിമലയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള പണം കണ്ടെത്തുന്നത്. ശൗചാലയങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത ബോര്‍ഡ് ഇതേ പണം വിനിയോഗിച്ച് പരസ്യപ്രചാരണം നല്‍കി. ക്ഷേത്രത്തോടനുബന്ധിച്ച സമ്മേളനങ്ങള്‍, പദ്ധതികള്‍, പ്രത്യേക പൂജകള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച പരസ്യങ്ങള്‍ മാത്രമാണ് മുന്‍പ്  നല്‍കിയിരുന്നത്. 

ഒരു വര്‍ഷം കൊണ്ട് തിരുപ്പതിയില്‍ ലഭിക്കുന്ന നടവരുമാനമാണ് ഒരു മണ്ഡലകാലത്ത് ശബരിമലയില്‍ ലഭിക്കുന്നത്. ശരാശരി 170 കോടി വരുമാനം ദേവസ്വം ബോര്‍ഡിന് ലഭിക്കുമ്പോള്‍ സര്‍ക്കാരിന് ഒരു തീര്‍ഥാടന കാലത്ത് ലഭിക്കുന്നത് 1700 കോടിയോളം രൂപയാണ്. വാറ്റ്, പെട്രോള്‍, തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീര്‍ഥാടകര്‍  പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് ഇത്രയധികം രൂപ ഖജനാവിലെത്തുന്നത്. ഭക്തരെ ദ്രോഹിക്കുന്ന പോലീസിന് നല്‍കുന്നതും ഭക്തരുടെ ഈ കാണിക്കപ്പണം തന്നെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.