ഡിഐജി ഷെഫീന്‍ അഹമ്മദ് ; പച്ചവെളിച്ചത്തിന്റെ സംരക്ഷകന്‍: സഹായം സിപിഎമ്മിനും

Friday 23 November 2018 5:20 am IST

ന്യൂദല്‍ഹി: മതതീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ബറ്റാലിയന്‍ ഡിഐജി ഷെഫീന്‍ അഹമ്മദ് സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സംരക്ഷകനും ഇടനിലക്കാരനും. തീവ്ര മുസ്ലിം സംഘടനകളുമായുള്ള രഹസ്യ ഇടപാടുകള്‍ക്കും രാഷ്ട്രീയ കച്ചവടങ്ങള്‍ക്കും പിണറായിയും പാര്‍ട്ടിയും ഷെഫീന്‍ അഹമ്മദിനെ ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്രത്യുപകാരമായാണ് ഇയാളുടെ ഡപ്യൂട്ടേഷന്‍ ദീര്‍ഘിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ സമീപിച്ചത്. ശബരിമലയിലെ പോലീസ് നടപടികളില്‍ ചുമതലയില്ലാതിരിക്കെ അനധികൃത ഇടപെടല്‍ നടത്താന്‍ സിപിഎം ബന്ധമാണ് ഷെഫീന്‍ അഹമ്മദിന് ധൈര്യമാകുന്നത്. സിപിഎം സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ.ഒ. ഹബീബിന്റെ മകനാണ് ഷെഫീന്‍. 

കേരള പോലീസില്‍ തീവ്രവാദ സംഘടനകളുമായി ആഭിമുഖ്യമുള്ളവരെ സംരക്ഷിക്കുന്നതും ഷെഫീനാണ്. ഇത്തരക്കാര്‍ ഉള്‍പ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പായ 'പച്ചവെളിച്ച'ത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതരമതസ്ഥരായ ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിന് ആദ്യം അന്വേഷണ ചുമതല നല്‍കിയെങ്കിലും ഷെഫീന്‍ അഹമ്മദിന്റെ ഇടപെടലോടെ അട്ടിമറിക്കപ്പെട്ടു. മതതീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച പോലീസുകാര്‍ രക്ഷപ്പെടുകയും ചെയ്തു. 

അഭിമന്യു വധക്കേസിലെ പ്രതികള്‍ക്ക് പോലീസിന്റെ നീക്കങ്ങള്‍ പച്ചവെളിച്ചം ഗ്രൂപ്പിലുള്ളവര്‍ ചോര്‍ത്തി നല്‍കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാരായ സംസ്ഥാന പ്രസിഡണ്ട് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിന് മുന്‍പ് വിവരം പുറത്തെത്തി. ഇതിനിടയില്‍ സിപിഎമ്മിനെയും  പോപ്പുലര്‍ ഫ്രണ്ടിനെയും ധാരണയിലെത്തിക്കാനും ഷെഫീന്‍ ചരടുവലിച്ചു. ഇപ്പോള്‍ അന്വേഷണം ഏതാണ്ട് അവസാനിച്ച അവസ്ഥയിലാണ്. പോലീസിന് അന്വേഷണത്തില്‍ താല്‍പ്പര്യമില്ലെന്ന് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍ അടുത്തിടെ തുറന്നടിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നിട്ടും അഭിമന്യു കേസില്‍ ഇപ്പോഴും ഏഴ് പ്രതികളെ പിടികൂടാന്‍ ഇടത് സര്‍ക്കാരിനായിട്ടില്ല. സംസ്ഥാന പോലീസ് മേധാവി ബെഹ്‌റയുടെ ഓഫീസിലിരുന്നാണ് ഷെഫീന്‍ ശബരിമലയില്‍ ഇടപെടല്‍ നടത്തുന്നത്. 

നിലയ്ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട്, സിപിഎം അനുയായികളായ പോലീസുകാരെ നിയോഗിച്ച് ഭക്തരെ തല്ലിച്ചതച്ചതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിച്ചതും ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.