അവകാശലംഘനം: യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പരാതി നല്‍കി

Friday 23 November 2018 2:13 pm IST

ന്യൂദല്‍ഹി: എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക് സഭാ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കി. യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കേന്ദ്ര മന്ത്രി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തന്നോട് എസ്‌പി അപമര്യാദയായി പ്രവര്‍ത്തിച്ചുവെന്നും അപമാനിച്ചുവെന്നും പൊന്‍‌രാധാകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടേന്തി നിലയ്ക്കല്‍ ഇടത്താവളത്തില്‍ നിന്ന് സന്നിധാനത്തേക്ക് മന്ത്രി യാത്രതിരിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു എസ്‌പിയുടെ വിളയാട്ടം. നിലയ്ക്കലില്‍  നിന്ന് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാത്തതെന്തുകൊണ്ടെന്ന്  മന്ത്രി ചോദിച്ചപ്പോഴാണ് എസ്‌പി മോശമായി പെരുമാറിയത്. 

തീര്‍ഥാടകരുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ്‌പിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാരാണ് അതിന് ഉത്തരം പറയേണ്ടതെന്ന് മന്ത്രിയും തിരിച്ചടിച്ചു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ഉത്തരവ് നല്‍കിയാല്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്‌പിയുടെ ധിക്കാരപരമായ മറുപടി. 

കറുത്ത കണ്ണട വച്ച് ധാര്‍ഷ്ഠ്യത്തോടെ നിന്ന യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ നിങ്ങള്‍ എന്ന് സംബോധന ചെയ്ത് സംസാരിച്ചത് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കള്‍ ചോദ്യംചെയ്തു. കേന്ദ്രമന്ത്രിയോട് മാന്യമായി സംസാരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്പിയോട് ആവശ്യപ്പെടുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ മോശം പെരുമാറ്റത്തിലും തീര്‍ഥാടക വാഹനങ്ങള്‍ പമ്പയിലേക്ക് വിടാത്തതിലും പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കെഎസ്ആര്‍ടിസി ബസ്സിലാണ് ഭക്തര്‍ക്കൊപ്പം പമ്പയിലേക്ക് പോയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.