ഏകതാപ്രതിമയോട് മത്സരത്തിനൊരുങ്ങി നായിഡുവിന്റെ അമരാവതി

Friday 23 November 2018 4:02 pm IST

വിജയവാഡ:  സര്‍ദാര്‍ വല്ലഭഭായ്  പട്ടേലിന്റെ ഏകതാപ്രതിമയേക്കാള്‍ ഉയരത്തില്‍ ആന്ധ്രയുടെ നിയമസഭാ മന്ദിരം കെട്ടിപ്പൊക്കുമെന്ന വീരവാദവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയുടെ നിര്‍ദിഷ്ട നിയമസഭാ മന്ദിരമായ അമരാവതിക്ക് സര്‍ദാര്‍ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുണ്ടാവുമെന്നാണ് നായിഡു അവകാശപ്പെടുന്നത്. 168 മീറ്ററാണ് ഏകതാ പ്രതിമയുടെ ഉയരം.

250  അടി ഉയരത്തില്‍, മൂന്നു നിലകളിലായി തലകീഴായുള്ള ലില്ലിപ്പൂവിന്റെ മാതൃകയിലാണ് സ്വപ്‌നനഗരി അമരാവതി പണിയുന്നത്. ഇതിന്റെ രൂപരേഖ സര്‍ക്കാര്‍ അനുമതിയക്കായി സമര്‍പ്പിച്ചു. അമേരിക്കക്കാരനായ നോര്‍മ ഫോസ്റ്ററാണ്  ശില്‍പി. നവംബര്‍ അവസാനത്തോടെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കും. രണ്ടു വര്‍ഷം കൊണ്ട്  കെട്ടിടം പൂര്‍ത്തിയാകുമെന്ന് നഗരവികസനവകുപ്പ് മന്ത്രി പി. നാരായണ പറഞ്ഞു. 

മന്ദിരത്തില്‍ രണ്ട് ഗ്യാലറികളുണ്ടായിരിക്കും.80 മീറ്റര്‍ ഉയരത്തിലുള്ള ആദ്യഗ്യാലറിയില്‍ 300 പേര്‍ക്കും 250 മീറ്ററില്‍ പണിയുന്ന രണ്ടാമത്തെ ഗ്യാലറിയില്‍ 20 പേര്‍ക്കും ഇരിപ്പിടം സജ്ജമാക്കും. ചില്ലുകള്‍ ആവരണം ചെയ്താവും രണ്ടാമത്തെ ഗ്യാലറി നിര്‍മിക്കുക. ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന തരത്തിലാവും കെട്ടിടത്തിന്റെ ഇതിന്റെ രൂപകല്‍പ്പന. 

ഗുജറാത്തില്‍ ഏകതാപ്രതിമ അനാച്ഛാദനം ചെയ്തതോടെ, മറ്റാരേയും പിന്നിലാക്കി ഉയരത്തിലുള്ള പ്രതിമകള്‍ പണിയാനുള്ള മത്സരത്തിലാണ് സംസ്ഥാനങ്ങള്‍. യുപിയില്‍ 201 മീറ്ററില്‍  ശ്രീരാമപ്രതിമ നിര്‍മാണത്തിനൊരുങ്ങുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 125 അടി ഉയരത്തില്‍ കാവേരി മാതാവിന്റെ പ്രതിമ യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടകവും തയ്യാറെടുപ്പിലാണ്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കിയാവും അമരാവതി തലയുയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.