ഏകീകൃത തൊഴില്‍ നിയമം; ആര്‍ക്കു വേണ്ടിയാണീ ബഹിഷ്‌കരണം?

Saturday 24 November 2018 3:01 am IST

രാജ്യത്ത് ആകമാനമുള്ള ജനതയ്ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഏകീകൃത തൊഴില്‍നിയമ ഭേദഗതിയോട് തൊഴിലാളി സംഘടനകള്‍ എന്തുകൊണ്ട് മുഖം തിരിക്കുന്നു? ഇത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നിയമ ഭേദഗതിയുടെ ഭാഗമായി സാമൂഹ്യ സുരക്ഷിതത്വവും ക്ഷേമവും (ലേബര്‍കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് വെല്‍ഫയര്‍) എന്ന വിഭാഗത്തിലുള്ള കരട് ബില്ല് ചര്‍ച്ചചെയ്യാന്‍ 22ന് സര്‍ക്കാര്‍ വിളിച്ച യോഗം ബഹുഭൂരിപക്ഷം തൊഴിലാളി സംഘടനകളും ബഹിഷ്‌ക്കരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തത് ബിഎംഎസ്സും ഏതാനും ചില സംഘടനകളുമാണ്. തൊഴിലാളി സംഘടനകളും തൊഴിലുടമകളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കേണ്ട യോഗത്തിന്റെ അറിയിപ്പ് വൈകിയതാണ് ബഹിഷ്‌ക്കരണത്തിന് കാരണമായി പറയുന്നത്. എന്നാല്‍ തുടര്‍ ചര്‍ച്ചയുടെ ഭാഗമായി 27ന് വിളിക്കുന്ന യോഗവും ബഹിഷ്‌ക്കരിക്കാനാണ് ഇക്കൂട്ടരുടെ തീരുമാനം. അതിനൊപ്പം 2019 ജനുവരി 8, 9 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്കിനും അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഭേദഗതി നടപ്പാക്കുന്നതിന് മുമ്പുതന്നെ ചര്‍ച്ചയിലൂടെ തൊഴിലാളി സൗഹൃദ ഭേദഗതികള്‍ കൊണ്ടുവരാമെന്നിരിക്കെയാണ് ചര്‍ച്ചാ ബഹിഷ്‌ക്കരണവും സമര പ്രഖ്യാപനവും അരങ്ങേറുന്നത്. 

നിയമ ഏകീകരണം എങ്ങനെ ?

രാജ്യത്ത് നിലനില്‍ക്കുന്ന 44 തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച്  സമസ്ത മേഖലകളിലും തൊഴിലാളിസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. നാല് കോഡുകളാക്കി തിരിച്ചാണ് ഭേദഗതി. കോഡ് ഓഫ് വേജസ് ബില്‍ 2017, കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബല്‍, ലേബര്‍കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി & വെല്‍ഫെയര്‍ എന്നിവയാണ് കോഡുകള്‍. 

കോഡ് ഓഫ് വേജസ് ബില്‍ 2017 ന്റെ ഭാഗമായി മിനിമം വേജസ് ആക്ട്-1948, പേയ്‌മെന്റ് ഓഫ് ദി വേജസ് ആക്ട്-1963, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട്-1965, ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട്-1976 എന്നീ നിയമങ്ങളെയാണ് ക്രോഡീകരിക്കുന്നത്. കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബില്ലിന് കീഴില്‍ ട്രേഡ്യൂണിയന്‍ ആക്ട്-1926, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ്)  ആക്ട്-1945, ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്-1947 എന്നീ ആക്ടുകളാണ് ഭേദഗതി ചെയ്യുന്നത്. ലേബര്‍കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി & വെല്‍ഫെയര്‍ കോഡില്‍ ഭദഗതി ചെയ്യുന്ന നിയമങ്ങള്‍ മൂന്നെണ്ണമാണ്. രജിസ്‌ട്രേഷന്‍ ഓഫ് വര്‍ക്കര്‍-എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയിംഗ് എന്‍ഡ് ടീ, കളക്ഷന്‍ ഓഫ് കോണ്‍ട്രിബ്യൂഷന്‍, പോളിസി ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് അവ. ലേബര്‍കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി & വെല്‍ഫെയര്‍ കോഡാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വച്ചിട്ടുള്ളത്.     

തൊഴിലുടമ സംഘടനകളുടെ ആവശ്യവും രണ്ടാം ദേശീയ തൊഴില്‍ കമ്മിഷന്റെ നിര്‍ദേശങ്ങളും കണക്കിലെടുത്ത് തൊഴില്‍ നിയമങ്ങളുടെ എണ്ണം കുറയ്ക്കുക, യുക്തിസഹമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കോഡ് ഓണ്‍ ഒക്യുപേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ്, എന്ന ഒരു പുതിയ കോഡിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിയമം നിലവില്‍ വരുന്നതോടെ ഫാക്ടറീസ് ആക്ട്, കോണ്‍ട്രാക്ട് ലേബര്‍ ആക്ട്, ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട്, ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ ആക്ട്, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട്, പ്ലാന്റേഷന്‍ ലേബര്‍ ആക്ട് തുടങ്ങിയ 13 നിയമങ്ങള്‍ ഇല്ലാതാകും. 

ആനുകൂല്യങ്ങള്‍

രാജ്യത്തെ നാലരക്കോടി തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സയും അടക്കമുള്ള സുരക്ഷ ലഭ്യമാക്കാന്‍ കഴിയുന്ന ഭേദഗതിയിലൂടെ കോര്‍പ്പറേറ്റ് മുതല്‍ താഴെ തട്ടിലുള്ള സാധാരണ തൊഴിലാളിക്ക് വരെ സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. നിയമ ഏകോപനത്തിലൂടെ തൊഴിലാളിക്ഷേമം, വേതനം, സാമൂഹിക സുരക്ഷ, ആരോഗ്യം എന്നിവയില്‍ ഊന്നിയുള്ള ഭേദഗതികളാണു സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. അടല്‍ പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി അപകട ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചയിലുണ്ട്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ തൊഴിലാളിയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതിന്റെ സാധ്യതകളും  പരിശോധിക്കുന്നു. ഇവയുമായി ബന്ധപ്പെട്ടു നിലവിലുള്ള 44 നിയമങ്ങള്‍ അതീവ സങ്കീര്‍ണമാണെന്ന് വിലയിരുത്തിയാണ് ഭേദഗതി. 

തൊഴില്‍ സംരക്ഷണം

പത്തോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളും ആറു മാസത്തിനുള്ളില്‍ റജിസ്ട്രേഷന്‍ എടുക്കണം. റജിസ്റ്റര്‍ ചെയ്യാത്തതും റജിസ്ട്രേഷന്‍ റദ്ദാക്കപ്പെട്ടതുമായ സ്ഥാപനത്തില്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ല. ജോലിക്കാര്‍ക്കെല്ലാവര്‍ക്കും നിയമനക്കത്ത് നല്‍കണമെന്നും നല്‍കിയിട്ടില്ലെങ്കില്‍ മൂന്ന് മാസത്തിനകം നല്‍കണമെന്നും കോഡ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. റജിസ്റററുകളും റിട്ടേണുകളും ഇലക്ട്രോണിക് രീതിയില്‍ ആകുന്നത് പുതിയ നിയമം അനുവദിക്കുന്നുണ്ട്.

ഭരണനിര്‍വഹണം

ദേശീയ തലത്തില്‍ നാഷണല്‍ ബോര്‍ഡ് എന്ന് അറിയപ്പെടുന്ന നാഷണല്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡൈ്വസറി ബോര്‍ഡ്. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് എന്ന് അറിയപ്പെടുന്ന സംസ്ഥാന ഒക്യുപേഷനല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അഡൈ്വസറി ബോര്‍ഡ്. ഈ നിയമസംഹിതയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും നയരൂപീകരണത്തിനും വേണ്ടിയാണ് പ്രസ്തുത ബോര്‍ഡുകള്‍. ഉന്നത ഉദ്യോഗസ്ഥരും തൊഴിലുടമ, തൊഴിലാളി പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ബോര്‍ഡുകള്‍. നിലവില്‍  ഫാക്ടറി ഇന്‍സ്പെക്ടര്‍മാര്‍ നിറവേറ്റുന്ന ചുമതലകള്‍ പുതിയ നിയമസംഹിത പ്രകാരം ഫസിലിറ്റേറ്റര്‍മാരാണു ചെയ്യുക. ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള എല്ലാ അധികാരങ്ങളും ഫസിലിറ്റേറ്റര്‍മാര്‍ക്കും ഉണ്ടാകും.

ശിക്ഷാനടപടികള്‍ 

കോഡിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ക്കശമായ ശിക്ഷകള്‍ നേരിടേണ്ടിവരും. ചെറിയ വീഴ്ചകള്‍ക്കുപോലും മൂന്നുമാസം വരെയുള്ള തടവോ ഒരുലക്ഷം രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.  അപകട സാദ്ധ്യതയുള്ള തൊഴിലുടമ പാലിക്കേണ്ടതായ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാതിരുന്നാല്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്കും അഞ്ചുലക്ഷം രൂപയുടെ പിഴയ്ക്കും വ്യവസ്ഥയുണ്ട്. ഒരിക്കല്‍ ശിക്ഷിച്ചതിനുശേഷം വീഴ്ച ആവര്‍ത്തിച്ചാല്‍ ഓരോ ദിവസത്തേക്കും 25,000 രൂപ വരെ പിഴയിടും. വീഴ്ചകള്‍ ഒരുവര്‍ഷത്തില്‍ അധികമാകുന്നപക്ഷം മൂന്നുവര്‍ഷംവരെ തടവും 20 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ഫലമായി ഒരു തൊഴിലാളി മരിക്കാന്‍ ഇടയായാല്‍ 5 ലക്ഷം രൂപയില്‍ കുറയാത്ത പിഴ ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്.

നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസ്സാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇതിനായി വിവിധ കക്ഷികളുടെ പിന്തുണ തേടാന്‍ ശ്രമിക്കുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണതേടാന്‍ നിതി ആയോഗിനെയും ചുമതലപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ ജനവിഭാഗത്തെയും സര്‍ക്കാരിന്റെ സംരക്ഷണയില്‍ എത്തിച്ച് സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതുമായി സഹകരിക്കാതെ അതിന് തുരങ്കം വയ്ക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ശ്രമിക്കുന്നത്. തൊഴിലാളി താത്പര്യത്തിന് അപ്പുറം തൊഴിലാളി സംഘടനകള്‍ രാഷ്ട്രീയവത്ക്കരിക്കപ്പെടുന്നതിന്റെ ഭവിഷ്യത്ത് പേറേണ്ടിവരുന്നത് സാധാരണ തൊഴിലാളികളാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.