ജെഡിഎസില്‍ ഭിന്നത: മന്ത്രി മാത്യു ടി തോമസ് തെറിക്കും

Saturday 24 November 2018 3:21 am IST

ബെംഗളൂരു: കേരളത്തിലെ  ജനതാ ദള്‍ സെക്യുലറിലെ  കടുത്ത  ഭിന്നതയെത്തുടര്‍ന്ന് ജലവിഭവ  മന്ത്രി മാത്യു ടി തോമസിനെ നീക്കാന്‍ തീരുമാനമായി. പകരം കെ.കൃഷ്ണന്‍കുട്ടി എംഎല്‍എയെ മന്ത്രിയാക്കും. ജെഡി(എസ്) കേരള സംസ്ഥാന അധ്യക്ഷന്‍ കെ.കൃഷ്ണകുട്ടി, പി.കെ.നാണു എന്നിവര്‍ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുമായി ബെംഗളൂരുവില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.  മാത്യു ടി തോമസിനെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.  മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെഡിഎസ് വിടുമെന്ന സൂചനയുമുണ്ട്. 

് രണ്ടര വര്‍ഷം കഴിഞ്ഞ്  കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാമെന്ന് ധാരണ ഉണ്ടായിരുന്നുവെന്നാണ് ജെഡിഎസ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ പറയുന്നത്. എന്നാല്‍  ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. മാത്യു ടി തോമസിനെ മാറ്റി കെ .കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന്കാട്ടി ജെഡിഎസ് ദേശീയ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കും. 

സി കെ നാണുവും കെ കൃഷ്ണന്‍കുട്ടിയുമാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്.  പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമിതാണെന്ന് കൃഷ്ണന്‍ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്റെ പ്രമേയവും ദേവഗൗഡക്ക് ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണു ഗൗഡയുടെ ഇടപെടല്‍.  അടുത്തിടെ മാത്യു ടി തോമസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിവസതിയിലെ ഒരു മുന്‍ജീവനക്കാരിയെ ഇതിനായി എതിര്‍ചേരി ചട്ടുകമാക്കിയെന്ന പരാതിയും മാത്യു ടി തോമസിന് ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.

മന്ത്രിസ്ഥാനത്തു നിന്ന് നീക്കാനുള്ള തീരുമാനം തന്നെ വേദനിപ്പിച്ചതായി മാത്യു ടി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. തന്നെ ഒഴിവാക്കാന്‍  ഇടതു പക്ഷകക്ഷികള്‍ക്ക് യോജിക്കാത്താ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.