മഴയില്‍ ഒലിച്ച് ഇന്ത്യ-ഓസീസ് രണ്ടാം ടി 20

Saturday 24 November 2018 3:58 am IST

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കളി ഉപേക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ നില്‍ക്കെയാണ് മഴയെത്തിയത്.

ഇടയ്ക്ക് മഴ മാറിയപ്പോള്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി നിശ്ചയിച്ചെങ്കിലും വീണ്ടും കനത്ത പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചത്. പരമ്പരയില്‍ ഒപ്പമെത്താനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് ഇതോടെ നഷ്ടമായത്.

നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ബൗളര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. മുന്‍നിര തകര്‍ന്നടിഞ്ഞിട്ടും വാലറ്റത്ത് ബെന്‍ മക്ഡര്‍മോര്‍ട്ടിന്റെയും (30 പന്തില്‍ 32 നോട്ടൗട്ട്), നഥാന്‍ കോള്‍ട്ടര്‍നൈലിന്റെയും (9 പന്തില്‍ 18), ആന്‍ഡ്ര്യു ടൈയുടെയും (13 പന്തില്‍ 12 നോട്ടൗട്ട്) ചെറുത്തു നില്‍പ്പാണ്  ഓസീസിനെ 100 കടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് എക്‌സ്ട്രാ ഇനത്തില്‍ 16 റണ്‍സ് സംഭാവന ചെയ്തു.

ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്.  ഭുവനേശ്വറിനൊപ്പം ഓപ്പണിങ് സ്‌പെല്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് തന്റെ രണ്ടാം ഓവറില്‍ അപകടകാരിയായ ക്രിസ് ലിന്നിനെ (13) മടക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ ബൗള്‍ഡാക്കിയ (14)തോടെ കൈവിട്ട ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നില്ല. മാക്‌സ്വെല്ലിനെ (19) ക്രുനാല്‍ പാണ്ഡ്യ ബൗള്‍ഡാക്കിയപ്പോള്‍ സ്റ്റോയിനസിനെ (4) ബൂമ്ര കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു.

ഇന്ത്യക്കായി ഭൂവനേശ്വര്‍കുമാര്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബുംറയും കുല്‍ദീപും ക്രുണാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം നാളെ സിഡ്‌നിയില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.