കേന്ദ്രം ഇടപെട്ടു; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സിബിഎസ്ഇ സ്‌കൂള്‍ മീറ്റ് ഉപേക്ഷിച്ചു

Saturday 24 November 2018 4:00 am IST

കൊച്ചി: കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച സിബിഎസ്ഇ സ്‌കൂള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് മീറ്റ് ഉപേക്ഷിച്ചു. വന്‍ സാമ്പത്തിക തട്ടിപ്പിനുള്ള ആസൂത്രണമെന്ന  പരാതികളെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പായപ്പോഴാണിത്. തല്‍ക്കാലത്തേക്ക് സ്‌പോര്‍ട്‌സ് മീറ്റ് നീട്ടി എന്നാണ് ഔദ്യോഗിക അറിയിപ്പ്. നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ജില്ലാതല മത്സരം തീര്‍ക്കാനായിരുന്നു പരിപാടി. ശേഖരിച്ച പണം തിരികെ കൊടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. 

ചട്ടവിരുദ്ധമായിരുന്നു സ്‌പോര്‍ട്‌സ് മീറ്റ്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പ്രത്യേകം പരാമര്‍ശിക്കാനും സിബിഎസ്‌സി നേരിട്ട് സ്‌പോര്‍ട്‌സ് നടത്താനും നിശ്ചയിച്ചിരുന്നു. വിജയികള്‍ക്ക് ഉന്നത പഠനത്തിന് പ്രത്യേക പരിഗണനയും വ്യവസ്ഥചെയ്തു. 2017 ഏപ്രിലില്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് തീരമാനമെടുത്തത്. അന്ന് പങ്കെടുത്ത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് ആവശ്യപ്പെട്ട പ്രകാരം േകരളത്തിനു മാത്രം ഒരുവര്‍ഷത്തെ ഇളവ് കേന്ദ്രം അനുവദിച്ചു.

കേന്ദ്രമന്ത്രാലയ തീരുമാനമനുസരിച്ച് ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് മീറ്റ് പാലായില്‍ കഴിഞ്ഞു. അതിനു പിന്നാലെയാണ് കേരള സ്‌റ്റേറ്റ് സ്‌പോട്‌സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് പ്രത്യേക സ്‌പോര്‍ട്‌സ് മീറ്റ് നിശ്ചയിച്ചത്. പങ്കെടുക്കുന്ന കുട്ടികള്‍ 150 രൂപ വീതം നല്‍കണമെന്നും സ്‌കൂളുകള്‍ വിഹിതം നല്‍കണമെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ്കുമാര്‍ ഐഎഫ്എസ് അയച്ച സര്‍ക്കുലറില്‍ പറയുന്നു. ഇതു സംബന്ധിച്ച തീരുമാനമെടുത്ത കൗണ്‍സില്‍ യോഗത്തില്‍ സിബിഎസ്ഇ മേഖലാ ഓഫീസര്‍ തരുണ്‍കുമാര്‍ പങ്കെടുത്തതായും സര്‍ക്കുലറിലുണ്ട്. 

സ്‌പോര്‍ട്‌സ് മീറ്റ് നടത്താന്‍ പ്രതേ്യക സമിതിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിരാ രാജനും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ജി. രാജ് മോഹനുമാണ്. ഇവര്‍ സ്‌കൂളുകള്‍ക്ക് അയച്ച 2018 ഒക്‌ടോബര്‍ 31 ലെ സര്‍ക്കുലറില്‍ പറയുന്ന രണ്ടുകാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്: മീറ്റില്‍ പങ്കെടുക്കുന്ന സ്‌കൂളുകള്‍ 5000 രൂപ കൊടുക്കണം. അധിക ഇവന്റുകളില്‍ ചേരാന്‍ 2000 രുപ വീതം, കുട്ടികള്‍ 150 രൂപ വീതം നല്‍കണം. രണ്ട്: ഡിഡി ആയി, കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റിന്റെ പേരില്‍ വേണം പണം നല്‍കാന്‍. 1400 സിബിഎസ്ഇ സ്‌കൂളുകളുണ്ട്. 

സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തീരുമാനം കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കെതിരാണ് ഈ നടപടികള്‍. ഇങ്ങനെയൊരു മീറ്റ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോ, കൗണ്‍സിലിനോ അധികാരമില്ല. 2017-ല്‍ കൗണ്‍സില്‍ നടത്തിയ ഈ പരിപാടിയുടെ കണക്കുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരുകോടിയിലേറെ വരുന്ന പണപ്പിരിവിന് കൗണ്‍സിലിന് ഉത്തരവാദിത്തമില്ല. സര്‍ക്കാരില്‍ പണം ചെല്ലുന്നില്ല. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പ്രകാരം വിദ്യാര്‍ഥികളില്‍നിന്ന് ഒരു പണപ്പിരിവും നടത്താന്‍ പാടില്ല. ഇതെല്ലാം ലംഘിച്ചാണ് സ്‌പോര്‍ട്‌സ് മീറ്റ് നിശ്ചയിച്ചത്.

കേന്ദ്ര മാനവശേഷി മന്ത്രാലയം ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തില്‍ എടുത്ത തീരുമാനം സംസ്ഥാനത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതില്‍ ഹര്‍ജിയുണ്ട്. ഇതും, കൗണ്‍സിലിന്റെ സ്‌പോര്‍ട്‌സ് മീറ്റ് ചട്ടം ലംഘിച്ചാണെന്നും വിശദീകരിച്ച്, നടപടി ആവശ്യപ്പെട്ട്, കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണമുണ്ടായി. തുടര്‍ന്നാണ് തിടുക്കത്തില്‍ മീറ്റ് നീട്ടിവെച്ചതായി അറിയിപ്പു വന്നത്. 

സ്‌പോര്‍ട്‌സ് മീറ്റിന്റെ രജിസ്‌ട്രേഷന് ഒരുക്കിയ പ്രത്യേക വെബ്‌സൈറ്റില്‍ 'രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി' എന്നാണ് അറിയിപ്പ്. രജിസ്‌ട്രേഷന്‍ തല്‍ക്കാലം നിര്‍ത്തിയെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് നിര്‍ത്തിയതെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ഞയന്‍ കുമാര്‍ 'ജന്മഭൂമി'യോടു പറഞ്ഞു. ''കൂടുതല്‍ കൂടിയാലോചനകള്‍ വേണം. അതിനാല്‍ തല്‍ക്കാലം രജിസ്‌ട്രേഷന്‍ നിര്‍ത്തി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേള വേണോ എന്ന് ആലോചിക്കും,''വിവാദങ്ങളെക്കുറിച്ച് വിശദീകരിക്കാതെ സെക്രട്ടറി പറഞ്ഞു. പനി ബാധിച്ച് ചികിത്സയിലായതിനാല്‍ മീറ്റിന്റെ ജനറല്‍ കണ്‍വീനര്‍ ഡോ. ഇന്ദിരാ രാജനെ സമ്പര്‍ക്കം ചെയ്യാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.