ഇന്ത്യ സെമിയില്‍ വീണു

Saturday 24 November 2018 4:04 am IST

നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് നാലാം തവണയും സെമിയില്‍ കാലിടറി. 2009ലെ ആദ്യ ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലീഷ് വനിതകള്‍ എട്ട് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് കലാശപ്പോരാട്ടത്തിലേക്ക് കുതിച്ചു. 2014നുശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടി 20 ലോകകപ്പ് ഫൈനലാണിത്. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 17 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയതീരത്തെത്തുകയായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് നിര്‍ണായക മത്സരത്തില്‍ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.

സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 19.3 ഓവറില്‍ 112, ഇംഗ്ലണ്ട് 17.1 ഒാവറില്‍ 116/2. 

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ മിതാലി രാജിനെ പുറത്തിരുത്തിയാണ് ഇറങ്ങിയത്. നാല് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യന്‍ നിരയില്‍ 34 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്‌കോറര്‍. ജെമിമ റോഡ്രിഗസ് (26), നായിക ഹര്‍മന്‍പ്രീത് കൗര്‍ (16), താനിയ ഭാട്ട്യ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്ന് വിക്കറ്റെടുത്ത ഹീഥര്‍ നൈറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഗോര്‍ദോനും എക്ലെസ്റ്റോണുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ആറു ബാറ്റ്സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 

ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. മന്ദാനയും താനിയയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6 ഓവറില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ദാനയെ എക്ലെസ്‌റ്റോണ്‍ സ്വന്തം ബൗളിങില്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. സ്‌കോര്‍ 53-ല്‍ എത്തിയപ്പോള്‍ താനിയയെ ഹീഥര്‍ നൈറ്റും മടക്കി. പിന്നീട് മൂന്നാംവിക്കറ്റില്‍ ജമിമ റോഡ്രിഗസും ഹമര്‍മന്‍പ്രീതും ചേര്‍ന്ന് സ്‌കോര്‍ 89-ല്‍ എത്തിച്ചു. റോഡ്രിഗസ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ തകര്‍ച്ച അതിവേഗമായി. ഒരുഘട്ടത്തില്‍ രണ്ടിന് 89 എന്ന നിലയില്‍ നിന്നാണ് 112ന് ഓള്‍ ഔട്ടായത്. 23 റണ്‍സെടുക്കുന്നതിനിടെയാണ് അവസാന എട്ട് വിക്കറ്റുകളും ഇന്ത്യന്‍ താരങ്ങള്‍ വലിച്ചെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍ ടാമി ബ്യൂമോന്റിനെ നഷ്്ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍ നേടിയ ബ്യൂമോന്റിനെ രാധാ യാദവ് പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഡാനിയേല വയറ്റും (എട്ട് റണ്‍സ്) പുറത്തായി. ഇതോടെ രണ്ട് വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായി ഇംഗ്ലണ്ട്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആമി ജോണ്‍സും നഥാലി സ്‌കീവറും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് വിജയത്തിലേക്ക് നിങ്ങി. അപരാജിതമായ മൂന്നാം വിക്കറ്റില്‍ 92 റണ്‍സാണ് ഇവര്‍ അടിച്ചുകൂട്ടിയത്. ആമി 47 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ സ്‌കീവര്‍ 38 പന്തില്‍ 52 റണ്‍സെടുത്തു. 

മറ്റൊരു സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസ് വനിതകളെ 71 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ യോഗ്യത നേടിയത്. 2010, 12, 14 വര്‍ഷങ്ങളില്‍ കിരീടം നേടിയ ഓസ്‌ട്രേലിയ 2016ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടു. ഈ പരാജയത്തിന് പകരം വീട്ടാനും ഓസീസ് വനിതകള്‍ക്കായി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വനിതകള്‍ 17.3 ഓവറില്‍ 71ന് എല്ലാവരും പുറത്തായി. ഒരാള്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. നായിക സ്‌റ്റെഫാനി ടെയ്‌ലര്‍ 16 റണ്‍സെടുത്തു. ഇന്നലെ 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 73 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയെ പോലെ വിന്‍ഡീസും ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.