കള്ളക്കേസുകള്‍ക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്: കെ. സുരേന്ദ്രന്‍

Saturday 24 November 2018 4:15 am IST

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കാന്‍ കൊട്ടാരക്കര സബ്ജയിലില്‍ നിന്നും കൊണ്ടുപോകാന്‍ പുറത്തെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ നിന്നും എന്തു പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും പിന്മാറില്ല. തന്റെ പേരില്‍ ചുമത്തിയിരിക്കുന്നതെല്ലാം കള്ളക്കേസുകളാണ്, നിലവില്‍ ഇല്ലാത്ത കേസുകള്‍ പോലും തന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുകയാണ്. ശബരിമല ഭക്തരുടെ ആത്മവിശ്വാസം തകര്‍ക്കുക എന്നതാണ്  സര്‍ക്കാരിന്റെ ലക്ഷ്യം.

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ജയിക്കുമോയെന്ന ഭയമാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍. 

കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ല. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടും. നെഞ്ചുവേദനയൊന്നും താന്‍ അഭിനയിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. 

റാന്നി കോടതിയില്‍ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്. ശബരിമല ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. റാന്നിയില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ  തിരിച്ചു  കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ട് വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.