ഇരുട്ടുമുറിയില്‍ നിന്ന് നാലാം നിലയിലേക്ക്

Sunday 25 November 2018 3:16 am IST
അക്കാലത്ത് കണ്ണൂര്‍ നഗരത്തിന്റെ ജനസംഘം നേതാക്കള്‍ക്ക് ആതിഥേയരാകാന്‍ തയ്യാറുള്ള പ്രമുഖര്‍ ഉണ്ടായിരുന്നില്ല. ദീനദയാല്‍ജി ഒരിക്കല്‍ എത്തിയപ്പോള്‍ താമസിച്ചത് കണ്ണൂര്‍ സ്പിന്നിങ് മില്ലിലെ ഉദ്യോഗസ്ഥന്‍ ഭാര്‍ഗവയുടെ വീട്ടിലായിരുന്നു. ദീനദയാല്‍ജിയും അദ്ദേഹവും യുപിയിലെ മഥുരയ്ക്കു സമീപം ഒരേ താലൂക്കുകാരും അയല്‍ക്കാരുമായിരുന്നുവെന്നത് ആ സമാഗമ വേളയില്‍ സന്തോഷകരമായ വെളിപ്പെടലായി. അതോടെ ഭാര്‍ഗവ സംഘപ്രസ്ഥാനങ്ങളുമായി കൂടുതല്‍ അടുത്തു. ഏതാനും പേര്‍ക്ക് സ്പിന്നിങ് മില്ലില്‍ ജോലി നല്‍കാന്‍ അതിന്റെ ഉടമസ്ഥന്‍ കാല്യത്ത് ദാമോദരന്‍ സന്നദ്ധനായത്, പഴയ പ്രചാരക് വി.പി. ജനാര്‍ദ്ദനനും മാധവ്ജിയും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമൂലമായിരുന്നു. നാലഞ്ചുപേര്‍ക്കും ജനസംഘത്തിനും അതു ഗുണംചെയ്തു.

ഒക്‌ടോബര്‍ മൂന്നാമത്തെ ആഴ്ചയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വന്ന് അവിടെ പാര്‍ട്ടി നിര്‍മ്മിച്ച പുതിയ ജില്ലാ കാര്യാലയം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നാലുനിലയിലുള്ള ആ സൗധം ഒരു രാഷ്ട്രീയകക്ഷിയുടെ ജില്ലാ കാര്യാലയത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കാന്‍തക്ക വിധത്തിലാണ് നിര്‍മിക്കപ്പെട്ടെതന്നറിയുന്നു. നഗരമധ്യത്തില്‍തന്നെ റെയില്‍വേ സ്‌റ്റേഷനും സര്‍ക്കാരാപ്പീസുകള്‍ക്കുമൊക്കെ, നടക്കാവുന്ന മാത്രം അകലെ ഈ സൗകര്യം ഒരുക്കിയ പാര്‍ട്ടി പ്രവര്‍ത്തകരും അതിന് സഹായിച്ച അഭ്യുദയകാംക്ഷികളും അഭിനന്ദനമര്‍ഹിക്കുന്നു. പ്രവര്‍ത്തനസജ്ജമായ മട്ടന്നൂരിലെ മൂര്‍ക്കന്‍പറമ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാമത്തെ യാത്രക്കാരന്‍ അമിത്ഷാ ആയി എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതില്‍ പലര്‍ക്കും അരിശവും അമര്‍ഷവും  ഉണ്ടായി എന്നതു മറച്ചുവയ്ക്കുന്നില്ല. 

താന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിയുക്തനായപ്പോള്‍ പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള കാര്യാലയങ്ങള്‍ ഏതെല്ലാം രീതിയില്‍ സജ്ജമായിരിക്കണമെന്നതിന് ഷാ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നത്രേ. കേരളത്തിലെ എല്ലാ ജില്ലകൡലും അതിനുള്ള പ്രയത്‌നം വിവിധ ഘട്ടങ്ങളില്‍ എത്തി പുരോഗമിക്കുകയാണെങ്കിലും ഒന്നാമതെത്തിയത് കണ്ണൂരായി എന്നേയുള്ളൂ. ഒരു കണക്കിന് അത് ഉചിതമാണുതാനും; മറ്റു ജില്ലകളില്‍ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണെന്നറിയാം. കോട്ടയത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ജില്ലാ അധ്യക്ഷനായിരിക്കെ സാമാന്യം വലിയ ജില്ലാ കാര്യാലയം ഉയര്‍ന്നിരുന്നുവെന്നു മറക്കുന്നില്ല. അതുപോലെതന്നെ ഇന്നത്തെ കണ്ണൂര്‍ കാര്യാലയമിരിക്കുന്ന സ്ഥലത്തിനടുത്തുതന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് എ. ദാമോദരന്‍ ജില്ലാ അധ്യക്ഷനായിരുന്ന സമയത്ത് വാങ്ങിയ വീടും സ്ഥലവും നവീന കാര്യാലയത്തിന് അടിത്തറയായി എന്നും കരുതാം.

കണ്ണൂര്‍ ജില്ലയിലെ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലത്തെക്കുറിച്ചും, അതിനായി പണിയെടുത്തവരെക്കുറിച്ചും അല്‍പമൊന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു. 1959-ലോ 60-ലോ എന്നോര്‍മയില്ല പി. മാധവ്ജി കണ്ണൂര്‍ ജില്ലാ പ്രചാരകനും ഈ ലേഖകന്‍ തലശ്ശേരി പ്രചാരകനുമായിരുന്നപ്പോള്‍, കോഴിക്കോടിനടുത്ത് ബേപ്പൂരില്‍ ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഒരു പഠനശിബിരം സംഘടിപ്പിക്കുന്നുവെന്നും, അതിലേക്കു പറ്റിയ ചിലരെ കണ്ടെത്തി അയയ്ക്കണമെന്നും താല്‍പര്യപ്പെട്ടുകൊണ്ട്, സംസ്ഥാന സംഘടനാ കാര്യദര്‍ശി പി. പരമേശ്വര്‍ജിയുടെ കത്തുകള്‍ എനിക്കും മധവജിക്കും ലഭിച്ചു.

തലശ്ശേരിയില്‍നിന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മടത്തെ സി. ചിന്തേട്ടനും തളിപ്പറമ്പിലെ കെ. കണ്ണനുമാണ് മാധവജിയുടെ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നത്. ഇരുവരോടും അദ്ദേഹം സംസാരിച്ചതനുസരിച്ച് അവര്‍ ബേപ്പൂര്‍ ശിബിരത്തില്‍ പങ്കെടുത്തു. ശരിക്കും ജനസംഘത്തിന്റെ ഔപചാരിക തുടക്കം അങ്ങനെയാണെന്നു പറയാം. തലശ്ശേരിയില്‍ ഒരു കരുണാകരനും പോയതോര്‍ക്കുന്നു. കണ്ണേട്ടന്‍ കണ്ണൂരിലെ ഏറ്റവും മുതിര്‍ന്ന നേതാവായി ഇന്നും നമ്മുടെയിടയില്‍ പ്രായാധിക്യമുണ്ടെങ്കിലും ആവേശത്തോടെ കഴിയുന്നു. അന്നത്തെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗിലും കാസര്‍കോട്ടും കുമ്പളയിലും നിന്ന് ഏതാനുംപേര്‍ പോയിരുന്നതായറിയാം. അന്ന് പയ്യന്നൂര്‍ പുഴയ്ക്ക് വടക്കുള്ള ഭാഗം കാസര്‍കോട് താലൂക്ക് മുഴുവന്‍ സംഘദൃഷ്ടിയില്‍ കര്‍ണാടകത്തിന്റെ ഭാഗമായിരുന്നതിനാല്‍ അവരുമായി അധികം അടുപ്പമുണ്ടായില്ല.

ധര്‍മ്മടത്തെ ചിന്നേട്ടനാകട്ടെ കുറച്ചുകാലം നന്നായി പ്രവര്‍ത്തിച്ചുവെങ്കിലും, അര്‍ബുദരോഗബാധയെത്തുടര്‍ന്ന് രംഗത്ത് തുടരാനാകാത്ത സ്ഥിതിയിലായി. വിമോചനസമരക്കാലത്ത് ചില പ്രകടനങ്ങള്‍ നടത്തിയതും, ജഗന്നാഥറാവു ജോഷി, ഗോപാലറാവു ഠാക്കൂര്‍ തുടങ്ങിയവരും ദീനദയാല്‍ജിയും സന്ദര്‍ശിച്ച് പ്രവര്‍ത്തകയോഗങ്ങളില്‍ പങ്കെടുത്തതുമായിരുന്നു ശ്രദ്ധേയമായ കാര്യങ്ങള്‍.

ജഗന്നാഥറാവു ജോഷി ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത് പറങ്കിപ്പട്ടാളത്തിന്റെ ഭീകരമര്‍ദ്ദനത്തിനിരയായശേഷമാണ് വന്നത്. കര്‍ണാടക സംസ്ഥാന (അന്ന് മൈസൂര്‍)ക്കാരനായ അദ്ദേഹത്തിന്റെ വെടിക്കെട്ടുപോലത്തെ പ്രസംഗങ്ങള്‍ മറക്കാനാവാത്തതാണ്. ഇംഗ്ലീഷ്, കന്നട, ഹിന്ദി, മറാഠി ഭാഷകള്‍ ഒരേ വൈദഗ്ധ്യത്തോടെ കൈകാര്യംചെയ്ത അദ്ദേഹത്തിന് 'കര്‍ണാടക കേസരി' എന്ന പേരും ലഭിച്ചു. ആ പ്രഭാഷണ ശൈലിയെയായിരുന്നു താന്‍ ഉള്‍ക്കൊള്ളാന്‍ ശീലിച്ചതെന്ന് ഇന്നത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഒരിക്കല്‍ പറഞ്ഞിരുന്നു.

1962-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ ജനസംഘ സ്ഥാനാര്‍ത്ഥിയായി അഡ്വക്കേറ്റ് ഐ.ജി. മേനോക്കി മത്‌സരിച്ചതാണ് കണ്ണൂര്‍ ജനസംഘക്കാര്‍ക്ക് ഈ രംഗത്തെ ആദ്യത്തെ അനുഭവം. തൡപ്പറമ്പുകാരനും കണ്ണൂര്‍ സ്പിന്നിങ് മില്‍ തൊഴിലാളിയുമായ പി.വി. കൃഷ്ണന്‍നായര്‍, തൡപ്പറമ്പിലെ കെ. കണ്ണന്‍, കുഞ്ഞമ്പുനായര്‍, മാമാ വാര്യര്‍ തുടങ്ങിയ മുതിര്‍ന്ന സ്വയംസേവകരും മേനോക്കിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മലയാളം വിദ്വാന്‍ പരീക്ഷ കഴിഞ്ഞ് പറശ്ശിനിക്കടവ് സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ഗോവിന്ദന്‍മാരാര്‍ (പില്‍ക്കാലത്ത് കെ.ജി. മാരാര്‍) മാടായി, തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ യോഗങ്ങള്‍ക്കെത്തിയിരുന്നു.

സംഘടനാ രംഗത്തു പിച്ചവെയ്ക്കുകമാത്രം ചെയ്തുതുടങ്ങിയ ജനസംഘം തെരഞ്ഞെടുപ്പ് രംഗത്ത് പ്രവേശിക്കുന്നതുകൊണ്ടെന്തു പ്രയോജനം എന്ന് പലരും ചോദിക്കുമായിരുന്നു. ഇതിന് ദീനദയാല്‍ജിയുടെ ഉത്തരം ശ്രദ്ധേയമായിരുന്നു. ജനസംഘമെന്നൊരു പാര്‍ട്ടിയുണ്ടെന്നും, അതിന്റേത് കാവിനിറമുള്ള കൊടിയാണെന്നും, അതിന്റെ ചിഹ്‌നം ദീപമാണെന്നും നാട്ടില്‍ കുറേപ്പേരെയെങ്കിലും ധരിപ്പിക്കാനും, അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രചരിപ്പിക്കാനും ഇത്രയും നല്ല അവസരമുണ്ടാവില്ല എന്നായിരുന്നു അത്. മണ്ഡലത്തിലെ കന്നട താലൂക്കുകളില്‍ നല്ല പ്രാസംഗികരുണ്ടായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലനും കോണ്‍ഗ്രസ്സിലെ ഡോ. ബി.എ. ഷേണായിയുമായിരുന്നു. ഒന്‍പതിനായിരത്തില്‍പരം വോട്ടുകള്‍ നേടാനേ മേനോക്കിക്കു സാധിച്ചുള്ളൂ.

അക്കാലത്ത് കണ്ണൂര്‍ നഗരത്തിന്റെ ജനസംഘം നേതാക്കള്‍ക്ക് ആതിഥേയരാകാന്‍ തയ്യാറുള്ള പ്രമുഖര്‍ ഉണ്ടായിരുന്നില്ല. ദീനദയാല്‍ജി ഒരിക്കല്‍ എത്തിയപ്പോള്‍ താമസിച്ചത് കണ്ണൂര്‍ സ്പിന്നിങ് മില്ലിലെ ഉദ്യോഗസ്ഥന്‍ ഭാര്‍ഗവയുടെ വീട്ടിലായിരുന്നു. ദീനദയാല്‍ജിയും അദ്ദേഹവും യുപിയിലെ മഥുരയ്ക്കു സമീപം ഒരേ താലൂക്കുകാരും അയല്‍ക്കാരുമായിരുന്നുവെന്നത് ആ സമാഗമ വേളയില്‍ സന്തോഷകരമായ വെളിപ്പെടലായി. അതോടെ ഭാര്‍ഗവ സംഘപ്രസ്ഥാനങ്ങളുമായി കൂടുതല്‍ അടുത്തു. ഏതാനും പേര്‍ക്ക് സ്പിന്നിങ് മില്ലില്‍ ജോലി നല്‍കാന്‍ അതിന്റെ ഉടമസ്ഥന്‍ കാല്യത്ത് ദാമോദരന്‍ സന്നദ്ധനായത്, പഴയ പ്രചാരക് വി.പി. ജനാര്‍ദ്ദനനും മാധവ്ജിയും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയതുമൂലമായിരുന്നു. നാലഞ്ചുപേര്‍ക്കും ജനസംഘത്തിനും അതു ഗുണംചെയ്തു.

രാഷ്ട്രീയ പരിതഃസ്ഥിതികളില്‍ വന്ന പരിവര്‍ത്തനത്തില്‍ ധാരാളം പുതിയ ചെറുപ്പക്കാര്‍ ജനസംഘ രാഷ്ട്രീയത്തില്‍ തല്‍പരരായി. കെ.ജി. മാരാര്‍ കുറേ വര്‍ഷങ്ങള്‍ അന്തര്‍മുഖനായി കഴിഞ്ഞശേഷം പൗരസ്ത്യഭാഷാധ്യാപക പ്രസ്ഥാനത്തില്‍ സജീവമാകുകയും, മലയാളം ഔദ്യോഗികഭാഷയാക്കണമെന്ന പ്രസ്ഥാനവുമായി മുന്നോട്ടുവരികയും ചെയ്തു. അതിലൂടെ പില്‍ക്കാലത്ത് പ്രസിദ്ധവും അന്യാദൃശവുമായ അദ്ദേഹത്തിന്റെ നര്‍മസമൃദ്ധ പ്രഭാഷണശൈലി തെളിഞ്ഞുവന്നു. പരമേശ്വര്‍ജി അദ്ദേഹത്തെ മെല്ലെ ജനസംഘ വേദികളിലേക്കു നയിച്ചു. അങ്ങനെ അതുല്യനും അമൂല്യനുമായ നേതാവിനെ ജനസംഘത്തിനു ലഭിച്ചു. മാരാരുടെ സമ്പര്‍ക്കത്തില്‍ വന്ന മുന്‍ കര്‍ഷകസംഘം നേതാവും ഉറച്ച കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന വിഷ്ണുഭാരതീയന്‍ ജനസംഘത്തില്‍ ചേരുക മാത്രമല്ല 1967-ല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു.

കോഴിക്കോട് ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം നിശ്ചയിക്കപ്പെട്ടപ്പോള്‍, താന്‍ സ്‌കൂള്‍ അധ്യാപകജോലി ഉപേക്ഷിച്ച് ജനസംഘത്തിനായി ജീവിതം സമര്‍പ്പിക്കാമെന്ന് മാരാര്‍, പരമേശ്വര്‍ജിെയ അറിയിച്ചു. കണ്ണൂര്‍ ക്യാമ്പ് ബസാറിലെ ഒരു ഇരുനില കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറി അദ്ദേഹം വാടകയ്‌ക്കെടുത്ത് അവിടെ കാര്യാലയമാക്കി. പലപ്പോഴും ഉറക്കം അവിടെയായിരുന്നു. അതിന്റെ 'സുഖം' മാരാരോടൊപ്പം അനുഭവിക്കാന്‍ എനിക്കും കഴിഞ്ഞിരുന്നു.

ക്യാമ്പ് ബസാറിലെ കൊതുകുകള്‍ ഇത്ര ഭയങ്കരികളാവുമെന്നു ഞാന്‍ കരുതിയില്ല. പ്രാഥമിക കൃത്യങ്ങള്‍ക്കവിടെ സൗകര്യമില്ലായിരുന്നു. അതിന് മാരാരുടെ സുഹൃത്തിന്റെ ഭാരത് റസ്‌റ്റോറന്റിലെ ഒരു ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ ഉടമ നമ്പ്യാര്‍ അനുവദിച്ചു. അതാണ് ആദ്യത്തെ ജനസംഘ കാര്യാലയത്തിന്റെ കഥ. അവിടെനിന്ന് ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും കുതിച്ചുകയറ്റം തുറന്ന പുസ്തകമാണ്. കെ. കുഞ്ഞിക്കണ്ണനെപ്പോലുള്ള എത്രയെത്ര ചെറുപ്പക്കാര്‍ മുന്നോട്ടുവന്ന് ഇന്ന് ഏതെല്ലാം രംഗങ്ങളില്‍ മുടിചൂടാമന്നന്മാരായി കഴിയുന്നു. ക്യാമ്പ് ബസാറിലെ ഇരുട്ടുമുറിയില്‍നിന്ന് നാലുനില കെട്ടിടത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രാരംഭം ഓര്‍ക്കുകയായിരുന്നു ഈ വരികളില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.