സുരേന്ദ്രന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന: എം.ടി. രമേശ്

Saturday 24 November 2018 4:23 pm IST
ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ കെട്ടിച്ചമച്ച് സുരേന്ദ്രനെ ദീര്‍ഘകാലം ജയിലിടാനാണ് സര്‍ക്കാര്‍ നീക്കം. സിപിഎം ഭരണത്തിന്റെ നെറികേടൂകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം തൊലിയുരിച്ചു കാണിക്കുന്നതിന്റെ അസഹിഷ്ണുതയാണ് പിണറായി വിജയന്‍ പുറപ്പെടുവിക്കുന്നത്.

കോഴിക്കോട്: ജാമ്യം ലഭിക്കാത്ത തരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിലടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.

കെ. സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ബിജെപി കോഴിക്കോട്ട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരൂന്നു അദ്ദേഹം. അയ്യപ്പവേട്ട നടത്തുന്ന പിണറായിയുടെ കിങ്കരന്മാരായ എസ്പിമാരാണ് ഗൂഢാലോചന നടപ്പാക്കുന്നത്. ഈ നെറികേടുകള്‍ക്ക് മുഖ്യമന്ത്രിയും പോലീസുദ്യോഗസ്ഥരും കോടതിയില്‍ കണക്ക് പറയേണ്ടിവരും.

ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ കെട്ടിച്ചമച്ച് സുരേന്ദ്രനെ ദീര്‍ഘകാലം ജയിലിടാനാണ് സര്‍ക്കാര്‍ നീക്കം. സിപിഎം ഭരണത്തിന്റെ നെറികേടൂകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം തൊലിയുരിച്ചു കാണിക്കുന്നതിന്റെ അസഹിഷ്ണുതയാണ് പിണറായി വിജയന്‍ പുറപ്പെടുവിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ ഏഴു കേസുകളില്‍ അഞ്ചു കേസുകളും വ്യാജമായിരുന്നു. പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസ് വാറണ്ടാവുന്നത് പുതുമയല്ല. എന്നാല്‍ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ജയിലിലടക്കാന്‍ ഇത്തരം കേസുകള്‍ ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

 

നിലക്കലില്‍ ഇന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കും. ബിജെപി നേതാക്കളെ ജയിലിലടയ്ക്കാനാണ് ഭാവമെങ്കില്‍ പോലീസ് സ്റ്റേഷനുകള്‍ ഉപരോധിക്കുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, ടി. ലീലാവതി തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.