ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി; ഉത്സവങ്ങള്‍ മുടങ്ങാന്‍ സാധ്യത

Sunday 25 November 2018 3:09 am IST

പമ്പ: ശബരിമലയിലെ നടവരുമാനം ഇടിഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ ഉത്സവ നടത്തിപ്പ് പ്രതിസന്ധിയില്‍. വൃശ്ചികം മുതല്‍ ഇനിയുള്ള ആറ് മാസങ്ങള്‍ ഉത്സവകാലമാണ്. ഇതിനായി ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ഉത്സവ പടിത്തരമായി നിശ്ചിത തുക നല്‍കും. ഈ തുക കണ്ടെത്തിയിരുന്നത് ശബരിമലയിലെ വരുമാനത്തില്‍ നിന്നാണ്. മേജര്‍ ക്ഷേത്രങ്ങള്‍ക്കും മൈനര്‍ ക്ഷേത്രങ്ങള്‍ക്കും വ്യത്യസ്ത തുകയാണ് അനുവദിക്കുന്നത്. 

ബോര്‍ഡിന്റെ കീഴിലുള്ള 1,250 ക്ഷേത്രങ്ങളില്‍ കേവലം 66 എണ്ണം മാത്രമാണ് സ്വയംപര്യാപ്തം. ബാക്കിയുള്ള ക്ഷേത്രങ്ങള്‍ ശബരിമല നട വരുമാനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ലക്ഷങ്ങളുടെ ചെലവ് ഉത്സവക്കാലത്ത് വരുന്നതിനാല്‍ നിശ്ചിത തുക ബോര്‍ഡ് അനുവദിക്കും. ഇത് പ്രധാനമായും ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്കും എഴുന്നള്ളത്തിനും ഉത്സവബലി ചടങ്ങുകള്‍ക്കുമാണ് ഉപയോഗിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉത്സവ പടിത്തരങ്ങള്‍ കുറയ്ക്കേണ്ടി വരുമെന്നാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇത് കുറയ്ക്കുന്നത് ക്ഷേത്ര ഉപദേശക സമിതിക്ക് അധികബാധ്യതയുണ്ടാക്കും. ഉത്സവത്തിന്റെ പടിത്തരം കിഴിച്ച് ബാക്കിയുള്ള തുക ഉപദേശക സമിതിയാണ് കണ്ടത്തേണ്ടത്. മേജര്‍ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് വന്‍ തുക ഇത്തരത്തില്‍ സ്വരൂപിക്കണം. 

ഇതിനിടെ, മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള ബോര്‍ഡിന്റെ ലേലം കഴിഞ്ഞ ദിവസവും പൂര്‍ത്തിയായില്ല. 45 ശതമാനം തുക കുറച്ചിട്ടും സന്നിധാനത്തെ അവശേഷിക്കുന്ന കടകള്‍ ലേലം കൊണ്ടില്ല. എരുമേലിയില്‍ ആറാം തവണ നടന്ന ലേലത്തിന് 35 ശതമാനം തുക കുറച്ചെങ്കിലും കടകള്‍ വിറ്റുതീര്‍ന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.