ലൈംഗികാതിക്രമം; ശശിക്ക് 'വെറും' സസ്‌പെന്‍ഷന്‍

Tuesday 27 November 2018 6:10 am IST
ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയതെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്നു മാത്രമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംസാരിച്ചതിനാണ് നടപടിയെന്നാണ് പാര്‍ട്ടി വിശദീകരണം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ശശി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എംപി എന്നിവരാണ് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയിട്ടും പി.കെ. ശശി എംഎല്‍എയ്ക്ക് കടുത്തശിക്ഷ നല്‍കാതെ സിപിഎം. ഷൊര്‍ണ്ണൂര്‍ എംഎല്‍എ കൂടിയായ ശശിക്ക് ആറു മാസം സസ്‌പെന്‍ഷന്‍ മാത്രം നല്‍കി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കണ്ണില്‍ പൊടിയിട്ടു പാര്‍ട്ടി.

കുറഞ്ഞപക്ഷം തരംതാഴ്ത്തുമെന്നാണ് അണികള്‍ കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിനായി മുന്നിട്ടിറങ്ങുന്ന പാര്‍ട്ടി, സ്ത്രീ പീഡനം നടത്തിയയാളെ സംരക്ഷിച്ചത് ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ അണികള്‍ പെടാപ്പാടുപെടും. പോലീസ് കേസായിരുന്നെങ്കില്‍ ശശിയെ അറസ്റ്റ് ചെയ്യേണ്ടിവന്നേനെ. എന്നാല്‍, നേതാക്കളിടപെട്ട് പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് യുവതിയെ തടഞ്ഞു.

ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പരാതി നല്‍കിയതെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചെന്നു മാത്രമാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംസാരിച്ചതിനാണ് നടപടിയെന്നാണ് പാര്‍ട്ടി വിശദീകരണം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് ശശി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.കെ. ബാലന്‍, പി.കെ. ശ്രീമതി എംപി എന്നിവരാണ് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.   

സംസ്ഥാന സമിതിക്കു മുന്‍പ് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ശശിയെ പാര്‍ട്ടിയില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. സെക്രട്ടേറിയേറ്റിനു ശേഷം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തീരുമാനം റിപ്പോര്‍ട്ടു ചെയ്തു. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി നല്‍കിയിട്ടുള്ളതിനാല്‍ നടപടി കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കണം. 

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിയോട് പാര്‍ട്ടി നേതൃത്വം നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിവച്ച ശശി, തനിക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് മന്ത്രി ബാലനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍, ശശിയും ബാലനും ഒരുമിച്ച് വേദി പങ്കിടുന്നതാണ് പരാതിക്കാരി കണ്ടത്. ഇതോടെ, കേന്ദ്ര നേതൃത്വത്തിന് കത്ത് അയച്ചു. തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.  

 പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുക സിപിഎം ഭരണഘടനപ്രകാരം അഞ്ചാമത്തെ ശിക്ഷാ നടപടിയാണ്. ഒരു കൊല്ലത്തില്‍ കവിയാത്ത ഏതെങ്കിലും കാലയളവിലേക്ക് പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ് ചെയ്യല്‍ എന്നാണ് ഈ നടപടിക്കു നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.