ബാഴ്‌സയെ പിന്നിലാക്കി സെവിയയുടെ കുതിപ്പ്

Tuesday 27 November 2018 3:00 am IST

മാഡ്രിഡ്്: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്ദ്രെ സില്‍വയുടെ ഗോളില്‍ റയല്‍ വല്ലഡോളിഡനെ തോല്‍പ്പിച്ച്  സെവിയ ലാലിഗയില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ സീസണില്‍ ഇതാദ്യമായാണ് സെവിയ ഒന്നാം സ്ഥാനത്തെത്തുന്നത്. രാമോണ്‍ സാഞ്ച്‌സ് - പിസ് യുവാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സെവിയ വിജയം നേടിയത്.

ഈ സീസണില്‍ സെവിയയുടെ ഏട്ടാം വിജയമാണിത്. ഇതോടെ അവര്‍ 26 പോയിന്റുമായി മുന്നിലെത്തി. തുടക്കം മുതല്‍ മുന്നില്‍ നിന്ന ബാഴ്‌സലോണയാണ് തൊട്ടു പിന്നില്‍. അവര്‍ക്ക് 25 പോയിന്റുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്്.

വല്ലഡോളിഡിന്റെ നാലാം തോല്‍വിയാണിത്. നാല് ജയവും അഞ്ചു സമനിലയും നേടിയ അവര്‍ പതിനേഴു പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ്.

ഇരു ടീമുകളും ആക്രമണ ഫുട്‌ബോളാണ് കെട്ടഴിച്ചത്. മധ്യനിരയിലേക്ക്് ഇറങ്ങിക്കളിച്ച സെവിയന്‍ താരങ്ങള്‍ സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കി. അതേസമയം ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ വല്ലഡോളിഡ് മുന്നേറ്റ നിരക്കാര്‍ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സെവിയന്‍ കീപ്പറെ കീഴടക്കാനായില്ല.

ഒത്തിണക്കത്തോടെ പൊരുതിയ സെവിയ പിന്നീട് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മുപ്പതാം മിനിറ്റില്‍ ഗോളും നേടി. പാബ്‌ളോ സരാബിയ ഗോള്‍ മുഖത്തേക്ക് ഉയര്‍ത്തിവിട്ട് പന്തില്‍ തലവെച്ച് ആന്ദ്രെ സില്‍വ പന്ത് വലയിലാക്കി. ഇടവേളയ്ക്ക്് സെവിയ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിലും ഇരു ടീമുകളും തകര്‍ത്തുകളിച്ചെങ്കിലും ഗോള്‍ പിറന്നില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.