പി.ബി അബ്ദുള്‍ റസാഖിന് ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭ ആദ്യദിനം പിരിഞ്ഞു

Tuesday 27 November 2018 8:29 am IST
നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കായി ആദ്യാവസാനം പ്രവര്‍ത്തിച്ച ആളാണ് റസാഖെന്നും സപ്തഭാഷ ഭൂമിയായ കാസര്‍ഗോഡിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു. 

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അന്തരിച്ച അംഗത്തെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു.നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുള്‍ റസാഖെന്നും അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു.

നാടിനും നാട്ടുകാര്‍ക്കും ഗുണം ചെയ്യുന്ന കാര്യങ്ങള്‍ക്കായി ആദ്യാവസാനം പ്രവര്‍ത്തിച്ച ആളാണ് റസാഖെന്നും സപ്തഭാഷ ഭൂമിയായ കാസര്‍ഗോഡിന്റെ വൈവിധ്യങ്ങളെ സമന്വയിപ്പിച്ചാണ് അദ്ദേഹം ജനപ്രിയനായ നേതാവായി മാറിയതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. 

വി.എസ്.സുനില്‍ കുമാര്‍ (സിപിഐ), എം.കെ.മുനീര്‍(ഐയുഎംഎല്‍),സി.കെ.നാണു(ജനതാദള്‍), കെ.എം.മാണി(കേരള കോണ്‍ഗ്രസ് എം), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), ഒ.രാജഗോപാല്‍ (ബിജെപി), വിജയന്‍പിള്ള (സിഎംപി), കെബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), പിസി ജോര്‍ജ്,  തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു. 

നാളെ സഭ വീണ്ടും ചേരുമ്പോള്‍ ശബരിമല, പി.കെ.ശശി, കെടി ജലീലിനെതിരായ ബന്ധു നിയമന വിവാദം തുടങ്ങിയവ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാവും പ്രതിപക്ഷനീക്കം. സുപ്രീംകോടതി വിധിയും നവോത്ഥാന പ്രസ്ഥാനവും ഉയര്‍ത്തിയാവും സര്‍ക്കാര്‍ ശബരിമല വിഷയത്തിലെ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുക.

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും.

ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.