പത്ത്‌ രൂപാ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ ആര്‍ബിഐ ആലോചന

Friday 23 November 2012 8:42 pm IST

ന്യൂദല്‍ഹി: പത്ത്‌ രൂപാ നോട്ടുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ റിസര്‍വ്‌ ബാങ്കിന്റെ തീരുമാനം. പത്ത്‌ രൂപാ പേപ്പര്‍ നോട്ടുകളുടെ ശരാശരി ആയുസ്‌ ഒന്‍പത്‌ മുതല്‍ പത്ത്‌ മാസം വരെയാണെന്ന്‌ കണ്ടാണ്‌ റിസര്‍വ്വ്‌ ബാങ്ക്‌ പേപ്പര്‍ കറന്‍സിക്കുപകരം നാണയം ഇറക്കാന്‍ തീരുമാനിച്ചത്‌. ധനകാര്യ സഹമന്ത്രി നമോനരൈന്‍ മീന കഴിഞ്ഞ ദിവസം ലോകസഭയെ രേഖാമൂലം അറിയിച്ചതാണിത്‌. എന്നാല്‍ ആവശ്യത്തിന്‌ ചില്ലറകളുടെ ലഭ്യത പരിഗണിച്ചേ പേപ്പര്‍ കറന്‍സി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നത്‌ പരിഗണിക്കാനാകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്ത്‌ രൂപാ നോട്ടിന്റെ നിര്‍മ്മാണച്ചെലവ്‌ 96 പൈസയാകുമ്പോള്‍ നാണയത്തിന്‌ ആറ്‌ രൂപയിലധികമാകും. നോട്ടിന്റെ കാലദൈര്‍ഘ്യം പരിഗണിക്കുമ്പോള്‍ നാണയം തന്നെയാണ്‌ ലാഭം.
നോട്ടുകളുടെ കാലദൈര്‍ഘ്യം സംബന്ധിച്ച്‌ പുതിയ പരീക്ഷണങ്ങള്‍ക്ക്‌ തയ്യാറാകേണ്ടത്‌ റിസര്‍വ്‌ ബാങ്കും സര്‍ക്കാരുമാണെന്ന്‌ പറഞ്ഞ മന്ത്രി പരീക്ഷണാര്‍ത്ഥം ദശലക്ഷം പത്ത്‌രൂപ പോളിമര്‍ പ്ലാസ്റ്റിക്‌ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും സൂചിപ്പിച്ചു. ഒരു ചോദ്യത്തിനുള്ള മറുപടിയായി ധനമന്ത്രി പി. ചിദംബരം നോട്ടുകള്‍ അച്ചടിക്കുന്നതില്‍ രാജ്യം സ്വയം പര്യാപ്തമാണെന്ന്‌ അറിയിച്ചു. രാജ്യത്ത്‌ ആവശ്യമായുള്ള വ്യത്യസ്ത സംഖ്യകളിലുള്ള 17,600 ദശലക്ഷം നോട്ടുകള്‍ നാല്‌ പ്രസ്സുകളിലായി രാജ്യത്ത്‌ അച്ചടിക്കുന്നതായി അറിയിച്ചു. കള്ളനോട്ടുകളുടെ വ്യാപനം തടയാന്‍ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ പരിശ്രമിക്കുന്നുണ്ടെന്ന്‌ പറഞ്ഞ ധനമന്ത്രി എന്നാല്‍ കള്ളനോട്ടുകളുടെ സംഖ്യ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ കൃത്യതയില്ലെന്ന്‌ അറിയിച്ചു. കള്ളനോട്ടുകളുടെ വ്യാപനം തടയുന്നതിനുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഫേക്ക്‌ ഇന്ത്യന്‍ കറന്‍സി നോട്ട്സ്‌ കോ-ഓഡിനേഷന്‍ സെന്റര്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.