ഈ നേതാവിനെ വെള്ളത്തിലാക്കിയതെന്തിന്?

Wednesday 28 November 2018 1:37 am IST

മന്ത്രിയുടെ രാജി കേരളത്തില്‍ പുത്തരിയല്ല. സ്ത്രീ പീഡനം, അഴിമതി, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം തുടങ്ങി ആരോപണശരങ്ങള്‍ തുരുതുരാ വരുമ്പോഴാണ് പലരും മന്ത്രിസ്ഥാനങ്ങള്‍ പൊതുവെ രാജിവയ്ക്കാറ്. രാഷ്ട്രീയ നിലപാട് മാറ്റവും രാജിയ്ക്ക് കാരണമാകാം. ആദ്യം പറഞ്ഞ കാരണങ്ങള്‍ക്കൊന്നും മാത്യു ടി. തോമസിന്റെ രാജിയുമായി ബന്ധമില്ല. എന്നാല്‍ മാത്യു ടി. തോമസിന്റെ ആദ്യരാജി രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. കോഴിക്കോട് ലോക്‌സഭാ സീറ്റ് ഏകപക്ഷീയമായി സിപിഎം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ജനതാദള്‍ മുന്നണിവിടാന്‍ തീരുമാനിച്ചതായിരുന്നു വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മാര്‍ച്ച് 16ന് ഗതാഗതമന്ത്രിസ്ഥാനം മാത്യു ടി. തോമസ് ഉപേക്ഷിച്ചതിന് കാരണം. യുഡിഎഫുമായി ചേര്‍ന്ന് പാലക്കാട് ലോക്‌സഭാ സീറ്റ് കിട്ടിയതോടെ വീരേന്ദ്രകുമാറിന് തൃപ്തിയായി. മധുരമായി തോല്‍പ്പിച്ചപ്പോള്‍ അസഹ്യമായ കയ്പ്. ജനതാദളിനെ പിളര്‍ത്തി വീരേന്ദ്രകുമാറും കുടുംബവും എല്‍ഡിഎഫിലെത്തി. രാജ്യസഭാ സ്ഥാനവും നേടി. എല്‍ഡിഎഫില്‍ തുടര്‍ന്ന മാത്യു ടി. തോമസും തിരുവല്ലയില്‍ നിന്ന് ജയിച്ച് പിണറായി വിജയനും മന്ത്രിസഭയില്‍ അംഗമായി. 

ഇടതു മന്ത്രിസഭയിലെ മാന്യന്മാരില്‍ ഒന്നാമനെന്നാണ് മാത്യു ടി. തോമസിനെക്കുറിച്ച് പൊതുവായ വിലയിരുത്തല്‍. അഴിമതി അദ്ദേഹത്തിന് അന്യമാണ്. ആരോടുമില്ല അപ്രിയം, ലളിതമായ ജീവിതം. പച്ചയായ വ്യക്തിത്വം. പറഞ്ഞിട്ടെന്ത് കാര്യം? ജനതാദളിന്റെ ഭാവമാറ്റങ്ങളില്‍ പങ്കാളിയായി ഒരു വിരുന്നുകാരനെപ്പോലെ ജനതാദളില്‍ (സെക്യുലര്‍) എത്തിയ  കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ വല്ലാത്ത പൂതി. ദേശീയ നേതൃത്വം ഇടപെട്ടു. 

പണം കായ്ക്കാത്ത മരം പുരയ്ക്കകലെയാണെങ്കിലും മുറിക്കാന്‍ ധാരണയായി. അങ്ങനെ വിരുന്നുവന്നവന്‍ അധികാരത്തിലെത്തി. ഇനി തറവാട് മുടിയുമോ വെളുക്കുമോ എന്നാണ് കാണാനിരിക്കുന്നത്. 

സോഷ്യലിസ്റ്റ് പാരമ്പര്യമൊന്നുമില്ലെങ്കിലും മാത്യു ടി. തോമസിന് സോഷ്യലിസ്റ്റ് സഹവാസമുണ്ട്. എന്നാല്‍ കൃഷ്ണന്‍കുട്ടി കറകളഞ്ഞ സോഷ്യലിസ്റ്റാണ്. സോപ്പിന്റെ പരസ്യംപോലെ സോഷ്യലിസ്റ്റുകള്‍ എവിടെയുണ്ടോ 'അവിടെ ഭിന്നതയുമുണ്ട്''. വരും ദിവസങ്ങളിലാണ് അത് തിരിച്ചറിയേണ്ടത്.

സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ അധികമാകുംമുന്‍പേ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടിവന്നു. സ്വജനപക്ഷപാതമായിരുന്നു കാരണം. മന്ത്രി രാജിവച്ചതിലൂടെ പ്രതിച്ഛായ കൂടി എന്നായിരുന്നു മുന്നണി നേതാക്കളുടെ അവകാശവാദം. എന്നാല്‍ അധികാര ദുര്‍വിനിയോഗവും പൊതുസ്ഥലം കയ്യേറലും അനധികൃത കെട്ടിടനിര്‍മാണവുമൊക്കെ നടത്തിയെന്ന ആരോപണം ശക്തമായിട്ടും മന്ത്രിസഭയിലെ ശതകോടീശ്വരനായ തോമസ് ചാണ്ടി രാജിവയ്ക്കാതിരിക്കാനായിരുന്നു ഇടതുമുന്നണിയുടെ ശ്രമം. തെളിവുകള്‍ ഒന്നൊന്നായി ജ്വലിച്ചുനിന്നപ്പോള്‍ രാജിയല്ലാതെ ഗത്യന്തരമില്ലാതായി. പകരം വന്ന മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തേ ഫോണ്‍ കെണിയില്‍ കുടുങ്ങിയപ്പോള്‍ രാജിയല്ലാതെ പോംവഴിയില്ലായിരുന്നു. തട്ടിക്കൂട്ടിയ അന്വേഷണത്തില്‍ കുറ്റവിമോചിതനായി വീണ്ടും മന്ത്രിസഭയിലെത്തി. 

സംശുദ്ധ രാഷ്ട്രീയമാണ് മന്ത്രിമാരുടെ രാജിയെന്ന അവകാശവാദം പൊള്ളയാണെന്നാണ് എല്ലാ രാജികളും വ്യക്തമാക്കുന്നത്. കടുത്ത ആരോപണം നേരിടുന്ന കെ.ടി. ജലീല്‍ മന്ത്രിസ്ഥാനത്ത് സുരക്ഷിതനാണ്. മുന്നണിയും മുഖ്യമന്ത്രിയും ജലീലിനൊപ്പമാണ്. ബന്ധുനിയമനമാണ് ജലീലിനെ പ്രതിക്കൂട്ടിലാക്കിയത്. പാര്‍ട്ടിക്കാരനായ ജയരാജന് ഇതേവിഷയത്തില്‍ പുറത്തുപോകേണ്ടിവന്നെങ്കില്‍ സഹയാത്രികന്‍ മാത്രമായ ജലീല്‍ കേമന്‍, കെങ്കേമന്‍.

ബ്രൂവറി അഴിമതിയുടെ പേരില്‍ കരിനിഴലില്‍ നില്‍ക്കുന്ന ടി.പി. രാമകൃഷ്ണനും പാര്‍ട്ടിയുടെ തണലുണ്ട്. രാജിയുമില്ല അന്വേഷണവുമില്ല. ഒരേ പന്തിയില്‍ രണ്ട് വിളമ്പ്. ഇടതുമുന്നണി ഇഷ്ടക്കാരെ സംരക്ഷിക്കാന്‍ മുട്ടുന്യായങ്ങളെ കൂട്ടുപിടിക്കുകയാണ്. എന്നിട്ടുമെന്തേ ആരോപണ വിധേയനല്ലാത്ത ജലമന്ത്രി മാത്യു ടി. തോമസിനെ വെള്ളത്തില്‍ തള്ളിയിടുകയും കൃഷ്ണന്‍കുട്ടിയെ കരകയറ്റുകയും ചെയ്തതെന്ന ചോദ്യം ഉയര്‍ന്നുനില്‍ക്കുന്നു. 

ഒടുവിലത്തെ രാജിയോടെ മന്ത്രിസഭയിലെ ക്രിസ്ത്യന്‍ അംഗങ്ങളുടെ രണ്ട് സ്ഥാനം നഷ്ടമായി. അതെങ്ങനെ പരിഹരിക്കണമെന്നത് മുന്നണിക്ക് തലവേദനയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.