കോട്ടയം: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശം പിണറായി സര്‍ക്കാരിനുള്ള താക്കീതാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. പിറവം പള്ളി സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാതെയാണു ശബരിമലവിധി നടപ്പാക്കാന്‍ തിടുക്കം കാട്ടുന്നതെന്ന പരാമര്‍ശം സംസ്ഥാന സര്‍ക്കാരിനുള്ള താക്കീതാണ്.
കോടിക്കണക്കിന് അയ്യപ്പവിശ്വാസികള്‍ നാളുകളായി ഉന്നയിക്കുന്ന ചോദ്യംതന്നെയാണ് കോടതിയും ചോദിക്കുന്നത്. ശബരിമല വിധി നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ ഇനിയെങ്കിലും പിന്മാറണം. ഭക്തര്‍ കൂട്ടമായെത്തുന്ന സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ തയ്യാറാവണം.
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ പള്ളികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള കേസ്സില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പിറവം പള്ളി ഉള്‍പ്പെടെയുള്ള പള്ളികള്‍ വിട്ടുനല്‍കണം എന്നായിരുന്നു സുപ്രീം കോടതിവിധി. ഈ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വോട്ടുബാങ്ക് രാഷ്ട്രീയം മുഖമുദ്രയാക്കിയതിനാലാണ്. സര്‍ക്കാരിന്റെ തനിനിറം ഹിന്ദുസമൂഹം മനസ്സിലാക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: