രാഹുലിന്റെ ബ്രാഹ്മണ്യം ഏതു വകയില്‍?

Thursday 29 November 2018 1:11 am IST
ജവഹര്‍ലാലിന്റെ മരുമകനും മകള്‍ ഇന്ദിരാപ്രിയദര്‍ശിനിയുടെ ഭര്‍ത്താവുമായ ഫിറോസ്, പാഴ്‌സിയായിരുന്നുവെന്ന സത്യം തമസ്‌കരിക്കപ്പെടാന്‍ മറ്റൊരു കാരണവുമുണ്ട്. ഗുജറാത്തിലെ പാഴ്‌സി വിഭാഗത്തിന്റെ പേര് 'ഗണ്ഡി' എന്നാണ്. മകള്‍ ഭാവി പ്രധാനമന്ത്രി ആവേണ്ടവളാണെന്ന് തീരുമാനിച്ചുറച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒത്താശയോടെ 'ഗണ്ഡി'യെ ഗാന്ധിയാക്കുകയും, ഇന്ദിര സ്വന്തം പേരിനൊപ്പം ഇത് ചേര്‍ക്കുകയുമായിരുന്നു.

നെഹ്‌റു കുടുംബത്തിനുവേണ്ടി എപ്പോഴും സംസാരിക്കുക കാലാകാലങ്ങളില്‍ അവര്‍ വളര്‍ത്തിയെടുത്തിട്ടുള്ള വിധേയന്മാരും വിദൂഷകന്മാരുമാണ്. ഇന്ത്യയെ വിഭജിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ഉറച്ചുനിന്ന ജവഹര്‍ലാല്‍ നെഹ്‌റു നവഭാരത ശില്‍പിയാണ്. തികഞ്ഞ സ്വേച്ഛാധിപതിയായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യ കണ്ട ഏറ്റവുംവലിയ ജനാധിപത്യവാദിയാണ്. കഴിവുകേടിന്റെ പര്യായമായിരുന്ന രാജീവ് ഗാന്ധി സമര്‍ത്ഥനായ ഭരണാധികാരിയാണ്. ഇന്ത്യന്‍ പൗരത്വമെടുക്കാന്‍ പതിനാലു വര്‍ഷം മടിച്ചുനിന്ന സോണിയാ ഗാന്ധിയാണ് ഏറ്റവും വലിയ ദേശസ്‌നേഹി... യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത ഇത്തരം കാര്യങ്ങള്‍ കുടുംബവാഴ്ച നിലനിര്‍ത്താന്‍ പറഞ്ഞുപരത്തിയത് നെഹ്‌റു കുടുംബത്തിന്റെ വിധേയന്മാരാണ്.

നെഹ്‌റു കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട രാഹുല്‍ ഗാന്ധിക്കുവേണ്ടിയും വിധേയന്മാര്‍ ഇപ്പോള്‍ വിയര്‍പ്പൊഴുക്കുകയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ രാഹുല്‍ പൂണൂല്‍ ധാരിയാണ്, ശിവഭക്തനാണ് എന്നൊക്കെ വിളംബരപ്പെടുത്തിയത് കോണ്‍ഗ്രസ്സ് വക്താവായ രണ്‍ജിത് സിങ് സുര്‍ജേവാലയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന്റെ ഒത്തനടുവില്‍വച്ച് നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വെളിപ്പെടുത്തല്‍ കൂടി ഉണ്ടായിരിക്കുന്നു! താന്‍ കശ്മീരി ബ്രാഹ്മണനാണെന്നും ഗോത്രം ദത്താത്രേയ ആണെന്നും രാജസ്ഥാനിലെ പുഷ്‌കര്‍ തടാകത്തില്‍ നടന്ന പൂജയ്ക്കിടെ  പൂജാരിയോട് രാഹുല്‍ പറഞ്ഞിരിക്കുന്നു! മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, മേനകാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവര്‍ പുഷ്‌കറില്‍ പൂജയ്ക്ക് വന്നിരുന്നതായി ദിനനാഥ് കൗള്‍ എന്ന പൂജാരിയും പറയുന്നു. രാഹുലിന്റെ അച്ഛനായ രാജീവ് ഗാന്ധിയുടെ പേര് വിട്ടുപോയതാണോ, അദ്ദേഹം പുഷ്‌കറില്‍ പൂജയ്ക്ക് ചെല്ലാതിരുന്നതാണോയെന്ന് വ്യക്തമല്ല.

ആദ്യം പൂണൂല്‍ ധാരിയും ശിവഭക്തനും, ഇപ്പോള്‍ ബ്രാഹ്മണനും അതില്‍ത്തന്നെ ദത്താത്രേയ ഗോത്രവും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാര്യത്തില്‍ ബ്രാഹ്മണ്യം വകവച്ചുകൊടുക്കാമെങ്കിലും, നെഹ്‌റു കുടുംബത്തിലെ അഞ്ചാംതലമുറയില്‍പ്പെട്ട രാഹുലിന്റെ കാര്യത്തില്‍ ഇത് വെറും അവകാശവാദം മാത്രമാണ്. ജനങ്ങളുടെ ചരിത്രബോധത്തെ മാത്രമല്ല, സാമാന്യബോധത്തെപ്പോലും വെല്ലുവിളിക്കുന്നതുമാണ്.

പാഴ്‌സി മതക്കാരനായ ഒരാളുടെ ചെറുമകന്‍ എങ്ങനെ ഹിന്ദുവാകും എന്ന ഒറ്റ ചോദ്യത്തില്‍ത്തന്നെ രാഹുലിന്റെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീഴുന്നു. ഹിന്ദുവല്ലെങ്കില്‍പ്പിന്നെ എങ്ങനെ ബ്രാഹ്മണനാകും! അതില്‍ത്തന്നെ എങ്ങനെ ദത്താത്രേയ ഗോത്രമാവും? ശുദ്ധ അസംബന്ധം എന്നല്ലാതെ എന്തുപറയാന്‍!

രാഹുല്‍ ഗാന്ധിയുടെ അച്ഛനാരെന്നും അച്ഛന്റെ അച്ഛനാരെന്നും ചരിത്രം തിരഞ്ഞ് കണ്ടുപിടിക്കേണ്ട കാര്യമൊന്നുമില്ല. താന്‍ ജനിക്കുന്നതിനും പത്ത് വര്‍ഷം മുന്‍പുമാത്രം മരിച്ചുപോയ ഫിറോസ് ജഹാംഗീര്‍ ഗണ്ഡിയാണ് മുത്തച്ഛനെന്ന് രാഹുലിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പാഴ്‌സിയായ ഫിറോസിനും ഹിന്ദുവായ ഇന്ദിരാ നെഹ്‌റുവിനും പിറന്ന മകനാണ് രാജീവ്. മതപരമായി പാഴ്‌സിയായ രാജീവിനും കത്തോലിക്കാ മതക്കാരിയായ അന്റോണിയോ മെയ്‌നോ എന്ന സോണിയയ്ക്കും പിറന്ന രാഹുല്‍ മതപരമായി ഹിന്ദുവാകുന്നില്ല. ഗോത്രബന്ധം വരുന്നത് പിതൃപാരമ്പര്യം വഴിയാണ്. മറ്റൊരു ഗോത്രത്തില്‍പ്പെടുന്ന സ്ത്രീ ആരുടെയെങ്കിലും ഭാര്യയായാല്‍ അവര്‍ ഭര്‍ത്താവിന്റെ ഗോത്രക്കാരിയാവും. ഗോത്രഖണ്ഡനം എന്നൊരു ചടങ്ങുപോലും വിവാഹത്തിലുണ്ട്. നെഹ്‌റു കുടുംബത്തില്‍പ്പെട്ട ഇന്ദിര പാഴ്‌സിയായ ഫിറോസ് ഗണ്ഡിയെ വിവാഹം ചെയ്തതോടെ അവരുടെ ഗോത്രബന്ധം നഷ്ടപ്പെട്ടു. 

 താന്‍ ഒരു പാഴ്‌സിയാണെന്ന് പ്രധാനമന്ത്രിയായിരിക്കെ ഫ്രാന്‍സില്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രായപൂര്‍ത്തിയായ വ്യക്തിക്ക് അമ്മയുടെ ജാതി തെരഞ്ഞെടുക്കാമെന്ന് ചില കോടതിവിധികളുണ്ടെങ്കിലും സ്വാഭാവികമായി പിതൃപാരമ്പര്യമനുസരിച്ചാണ് ജാതി നിര്‍ണയിക്കപ്പെടുക. രാഹുലിനെ സംബന്ധിച്ചിടത്തോളം അമ്മയുടെ ജാതി സ്വീകരിക്കുക അസാധ്യമാണ്. കാരണം ജാതിവ്യവസ്ഥതന്നെ അന്യമായ വിദേശ വനിതയും കത്തോലിക്കാ മതവിശ്വാസിയുമാണല്ലോ സോണിയ.

രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കാന്‍ നെഹ്‌റു കുടുംബത്തിന്റെ മാഹാത്മ്യം വാഴ്ത്തി കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിലാസ് റാവു മുത്തംവര്‍ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ''രാഹുലിന്റെ അച്ഛനെ എല്ലാവര്‍ക്കുമറിയാം, രാജീവ് ഗാന്ധി. രാജീവിന്റെ അമ്മയെ എല്ലാവര്‍ക്കുമറിയാം, ഇന്ദിരാഗാന്ധി. അവരുടെ അച്ഛനെ എല്ലാവര്‍ക്കുമറിയാം, ജവഹര്‍ലാല്‍ നെഹ്‌റു.'' രാജീവിന്റെ അമ്മയെ എല്ലാവര്‍ക്കുമറിയാം എന്നുപറയുന്നുണ്ടെങ്കിലും രാജീവിന്റെ അച്ഛനെക്കുറിച്ച് മൗനംപാലിക്കുന്നത് ശ്രദ്ധേയമാണ്.

നെഹ്‌റു കുടുംബത്തിന്റെ വൈതാളികരും ദല്ലാളുകളും മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യത്തെ എതിര്‍ക്കുന്ന ജനാധിപത്യവാദികളും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം വിചിത്രമാണ്. ഇത് സമര്‍ത്ഥമായി മുതലെടുക്കുകയാണ് നെഹ്‌റു കുടുംബം ചെയ്തത്. നെഹ്‌റു കുടുംബത്തിന്റെ വംശപരമ്പരയില്‍ പാഴ്‌സിയായ ഒരാള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ ഹിന്ദുവാണെന്നും ബ്രാഹ്മണനാണെന്നുമൊക്കെ അവകാശപ്പെടാനാവില്ലല്ലോ.

ജവഹര്‍ലാലിന്റെ മരുമകനും മകള്‍ ഇന്ദിരാപ്രിയദര്‍ശിനിയുടെ ഭര്‍ത്താവുമായ ഫിറോസ്, പാഴ്‌സിയായിരുന്നുവെന്ന സത്യം തമസ്‌കരിക്കപ്പെടാന്‍ മറ്റൊരു കാരണവുമുണ്ട്. ഗുജറാത്തിലെ പാഴ്‌സി വിഭാഗത്തിന്റെ പേര് 'ഗണ്ഡി' എന്നാണ്. ഇതില്‍പ്പെടുന്നയാളാണ് ജഹാംഗീര്‍ ഫരേദും. 'ഗണ്ഡി'യുടെയും രത്തിമയ് കമ്മിസാരിയത്തിന്റെയും മകനായി പിറന്ന ഫിറോസ് 'ഗണ്ഡി.' മകള്‍ ഭാവി പ്രധാനമന്ത്രിയാവേണ്ടവളാണെന്ന് തീരുമാനിച്ചുറച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒത്താശയോടെ 'ഗണ്ഡി'യെ ഗാന്ധിയാക്കുകയും, ഇന്ദിര സ്വന്തം പേരിനൊപ്പം ഇത് ചേര്‍ക്കുകയുമായിരുന്നു. എന്നിട്ട് ഫിറോസിനെ ഗാന്ധിജി ദത്തെടുക്കുകയുണ്ടായി എന്നൊരു കള്ളക്കഥയും പ്രചരിപ്പിച്ചു. അതോടെ, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായ ഗാന്ധിജിയുടെ കുടുംബത്തില്‍പ്പിറന്നതാണ് ഇന്ദിരയെന്ന് സാധാരണ ജനങ്ങള്‍ കരുതാന്‍ തുടങ്ങി. ഇന്ദിരയുടെ മക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ചെറുമക്കള്‍ക്കും വരെ ഈ പേര് ചാര്‍ത്തിക്കൊടുത്തു. ഇത്രയും ലജ്ജാകരമായ ഒരു കാര്യം ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ, ഇത് അഭിമാനകരമായി കൊണ്ടുനടക്കുകയാണ് നെഹ്‌റു കുടുംബക്കാര്‍!!

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പലയാവൃത്തി  ജയിലിലാവുകയും, പില്‍ക്കാലത്ത് പാര്‍ലമെന്റംഗമാവുകയും ചെയ്ത ഫിറോസിനെക്കുറിച്ചുള്ള ഓര്‍മകള്‍ തുടച്ചുനീക്കിയില്ലെങ്കില്‍ നെഹ്‌റു കുടുംബത്തിന് ചാര്‍ത്തിക്കിട്ടിയ 'ഗാന്ധിപ്പട്ടം' നഷ്ടമാകും. ഇതിനാലാണ് ഫിറോസിന്റെ പിറന്നാളിനും ചരമദിനത്തിലും കോണ്‍ഗ്രസ്സ് ഒരുപോലെ മൗനം പാലിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെയും ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും ചരിത്രത്തില്‍ സ്വന്തമായി ഇടമുള്ളയാളാണെങ്കിലും ഫിറോസിനെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ മാത്രമാണ് ഇറങ്ങിയിട്ടുള്ളതത്രേ. ഇതിലൊന്ന് നെഹ്‌റുകുടുംബത്തിനുവേണ്ടി എഴുതിയതാണെന്നേ വായിച്ചാല്‍ തോന്നൂ. കാരണം 'ഗണ്ഡി' ഒരു സുപ്രഭാതത്തില്‍ ഗാന്ധിയായത് വളരെ സ്വാഭാവികമായ കാര്യമായാണ് വിദേശി എഴുതിയ ഈ പുസ്തകം വിവരിക്കുന്നത്.

താന്‍ പൂണൂല്‍ ധാരിയാണ്, ബ്രാഹ്മണനാണ് എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നതല്ലാതെ ഹിന്ദുവാണെന്ന് രാഹുല്‍ പറയുന്നില്ല. സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഇങ്ങനെ പറയാന്‍ അവസരം ലഭിച്ചതാണ്. അപ്പോള്‍ അഹിന്ദുവാണ് താനെന്ന് എഴുതി ഒപ്പുവയ്ക്കുകയായിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയെങ്കിലും ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കി ഹിന്ദുക്കളെ വിഭജിക്കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത്.

തെരഞ്ഞെടുപ്പ് കാലത്തെ രാഹുലിന്റെ ഹൈന്ദവനാട്യങ്ങള്‍ക്കപ്പുറം ഹിന്ദുക്കളെ വിഭജിക്കുകയും മുസ്ലിംവോട്ടുബാങ്കിനെ എകോപിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞു. ഇപ്പോള്‍ ഹിന്ദുക്കളാണെന്നു പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണെന്നും, അധികാരം കിട്ടിയാല്‍ അവരെ (ഹിന്ദുക്കളെ) കൈകാര്യം ചെയ്യുമെന്നുമാണ് കമല്‍നാഥ് മുസ്ലിങ്ങളുടെ ഒരു യോഗത്തില്‍ ഉറപ്പുകൊടുത്തത്. അതേസമയം 90 ശതമാനം മുസ്ലിങ്ങളുടെയും വോട്ടു കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നുപോകുമെന്നും കമല്‍നാഥ് പറയുകയുണ്ടായി.

ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ്സ് മുക്തമാവുന്നു എന്ന സത്യം തിരിച്ചറിയുന്ന അതിന്റെ നേതാക്കള്‍ ഇതൊഴിവാക്കാന്‍ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ്. ഈ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് രാഹുല്‍ഗാന്ധിയുടെയും മറ്റും പ്രവൃത്തികളില്‍ തെളിയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.