വഴി തെറ്റുന്നത് ആര്‍ക്കാണ്?

Thursday 29 November 2018 1:11 am IST
ചുമതലാധിഷ്ഠിത സമൂഹത്തില്‍ നിന്ന് അവകാശാധിഷ്ഠിത സമൂഹത്തിലേയ്ക്കു നാം മാറിയതോടെ സമൂഹത്തില്‍ അസ്വസ്ഥതയും അസ്വാരസ്യങ്ങളും ഏറിവരുന്നു. ഒരാളുടെ അവകാശത്തിനായി നൂറുകണക്കിന് ആളുകളുടെ അവകാശം ഇന്നു ചവിട്ടിമെതിക്കപ്പെടുന്നു. ഭരണഘടന 69 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഭരണ വ്യവസ്ഥയുടെ പോക്കിനെക്കുറിച്ച് ഒരു ചിന്ത.

ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നിട്ട് 69 വര്‍ഷം പിന്നിട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരം ഭാരതത്തിന്റേതാണ്. ബഹുസ്വരതയാണ് അതിന്റെ അടിസ്ഥാനം. പ്രകൃതിയെ ഈശ്വരനായി ആരാധിക്കുന്നതും, പ്രകൃതി വിരുദ്ധതയെ നിഷേധിക്കുന്നതുമാണ് നമ്മുടെ സംസ്‌കാരം. വിവിധ ഭാഷയും വസ്ത്രവും ആചാരാനുഷ്ടാന രീതികളും വിശ്വാസങ്ങളും വച്ച് പുലര്‍ത്തുകയും പരസ്പരം അംഗീകരിക്കുകയും ചെയ്യുന്നതാണ് ജീവിത ശൈലി. അവകാശാധിഷ്ഠിതമായിരുന്നില്ല നമ്മുടെ സമൂഹം. മറിച്ച് ചുമതലാധിഷ്ഠിതമായിരുന്നു. അതിനാല്‍ ആരുടേയും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരുന്നില്ല. 

കണ്ണ് കെട്ടിയ നീതി ആയിരുന്നില്ല ഭാരതത്തിലുണ്ടായിരുന്നത്. കണ്ണ് തുറന്ന് കണ്ട് വിവേചിച്ചറിഞ്ഞു ശരിയായ നീതി നടപ്പിലാക്കുന്നതായിരുന്നു നമ്മുടെ നിയമസംവിധാനം. വിക്രമാദിത്യന്റെയും ശിബി ചക്രവര്‍ത്തിയുടേയും സമനീതി ചോഴന്റെയും നാടാണ് ഭാരതം. തുല്യനീതി ഉറപ്പാക്കുന്നതില്‍ ഭാരതത്തിലെ ഭരണാധികാരികളും ഭാരതീയ നിയമങ്ങളും ഒരിക്കലും മടിച്ചിരുന്നില്ല. ചുമതലാധിഷ്ഠിത സമൂഹത്തില്‍ നിന്ന്് അവകാശാധിഷ്ഠിത സമൂഹത്തിലേക്ക് നാം മാറിയതോടുകൂടി സമൂഹത്തില്‍ അസ്വസ്ഥതകളും അസ്വാരസ്യങ്ങളും ഏറി. ഒരാളുടെ അവകാശത്തിനായി ഇന്നു നൂറുകണക്കിനാളുകളുടെ അവകാശം ചവിട്ടിമെതിക്കപ്പെടുന്നു. 

ഇഷ്ടമൂര്‍ത്തിയുടെ നാമം ജപിക്കുന്നത് പോലും കുറ്റമായി മാറുന്നു. വിശ്വാസിക്ക് കാരാഗ്രഹവും അവിശ്വാസിക്ക് പരവതാനിയും വിധിക്കുന്നു. ഇത്തരം ഭരണകൂടം പൊതു സമൂഹത്തിന് നല്‍കുന്ന സന്ദേശം ആശങ്കയുടേതാണ്. 

ബ്രിട്ടീഷുകാരന്‍ പോലും ഭാരതത്തില്‍ പ്രകൃതി വിരുദ്ധമെന്ന് കരുതിയിരുന്നതിനെയൊക്കെ ന്യായീകരിക്കുന്നതിലേക്ക് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലയായ കുടുംബ സങ്കല്‍പത്തെ അട്ടിമറിക്കുന്ന തരത്തില്‍ വിധിന്യായങ്ങളും നിയമങ്ങളും ഉണ്ടാകുന്നു. പുരോഗമനവാദികളെന്നും പരിഷ്‌ക്കാരികളെന്നും സ്വയം അവകാശപ്പെടുന്നവരും പടിഞ്ഞാറന്‍ സംസ്‌കാരത്താല്‍ മത്തുപിടിച്ചവരുമായ ഒരു വിഭാഗം എല്ലാ മേഖലയിലും ഭാരതത്തിന്റെ സാംസ്‌കാരികാധഃപതനത്തിനായി ശ്രമിക്കുന്നു. ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ബോധവും ഇല്ലാത്ത ഈ വിഭാഗം, സമൂഹത്തില്‍ ഭിന്നതയും അരക്ഷിതാവസ്ഥയുമാണ് സൃഷ്ടിക്കുന്നത്. നടപ്പിലാക്കാനാവാത്ത വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കോടതികള്‍ക്കും ബഹുഭൂരിപക്ഷം പൗരന്മാര്‍ക്ക് ഹിതമല്ലാത്ത പരിഷ്‌ക്കാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഭരണകൂടങ്ങള്‍ക്കും കഴിയാതെ പോകുന്നു.

ധര്‍മ്മം എന്ന വാക്ക് ഭാരതത്തില്‍ ഉടലെടുത്തതും ഭാരതത്തില്‍ മാത്രം ഉള്ളതുമാണ്. ധര്‍മ്മാധിഷ്ഠിത സമൂഹം ഭാരതത്തിന്റെ കൈ മുതലാണ്. വിശിഷ്ടമായ ആ ഭാവത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൈത്താങ്ങായി നാം മാറാന്‍ പാടില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ശരിയാംവണ്ണം നീതി ലഭ്യമാക്കുന്നതിന് വേണ്ടതും ഭാരതത്തിന്റെ അടിസ്ഥാന സങ്കല്‍പങ്ങളെ പരിപോഷിപ്പിക്കുന്നതും സമൂഹത്തിന് നന്മയ്ക്കുതകുന്നതുമായ നിയമനിര്‍മ്മാണത്തിനും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും, ഭരണഘടനയുടെ ഓരോ നാഴികക്കല്ലും പ്രേരണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

(ഭാരതീയ അഭിഭാഷക 

പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.