സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ നശിപ്പിക്കരുത്

Thursday 29 November 2018 1:13 am IST

ഓരോ ദിവസവും, ശബരിമലയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും വേദന ഉളവാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പുരോഗമനം കൊണ്ട് വീര്‍പ്പു മുട്ടുന്ന പുറം ലോകത്തു നിന്ന് അല്‍പ്പം ശാന്തിയും സമാധാനവും ആഗ്രഹിച്ചാണ് കാനന ക്ഷേത്രത്തില്‍ ആളുകള്‍ പോകുന്നത് അപ്പോള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പോലും ഇല്ലാത്ത പരിശോധനയും ക്രമീകരണങ്ങളുമായി വന്നാല്‍ തടവറയും ശബരിമലയും ഒരുപോലെയാകും. ശബരിമലയിലെത്തുന്ന ഒരു വിശ്വാസിയുടെ ഏകാഗ്രത കാട്ടുപന്നികള്‍ നശിപ്പിക്കില്ല; പക്ഷേ, പോലീസുകാര്‍ ഉള്‍പ്പടെ ആചാരലംഘനം നടത്തുന്ന ആരുടേയും സാമീപ്യം അരോചകമാക്കും.

ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്ന മൂര്‍ത്തിയെ ആരാധിക്കാനാണ്. ഒരു വിശ്വാസി കവിതാങ്കണത്തില്‍ കടക്കുമ്പോഴും മൂര്‍ത്തിയുടെ മുന്‍പില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും ലഭിക്കുന്ന അനുഭൂതി ഒരു കോടതിക്കും സര്‍ക്കാരിനും കൊടുക്കാന്‍ കഴിയില്ല, കൊടുക്കാന്‍ കഴിയാത്തതു എടുത്തുകളയാന്‍ ശ്രമിക്കരുത്. രാജ്യത്തു നിലനില്‍ക്കുന്ന ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും അത് വ്യാഖ്യാനിക്കാന്‍ ചുമതലപ്പെട്ടവര്‍ തങ്ങള്‍ക്കു യുക്തമെന്നു തോന്നുന്ന വിധം വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും കാലാകാലങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതുപോലെ അലിഖിതമായ ആചാര അനുഷ്ടാനങ്ങളില്‍ മാറ്റം വരുത്താന്‍ പറ്റില്ല. വിശ്വാസത്തിനു വിലയില്ലെന്ന് പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഡിഎന്‍എ ടെസ്റ്റ് നടത്തി അവരുടെ പിതൃത്വം തെളിയിക്കുകയാണ്.

ശബരിമലയെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ യുവതികളെ മല ചവിട്ടാന്‍ അനുവദിക്കാം എന്ന വിധത്തില്‍ കോടതിയില്‍ സത്യവാന്മൂലം നല്‍കിയത്. അതിനുശേഷം ക്ഷേത്രത്തിനു ചുറ്റും ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനു കോടതിയുടെ വിമര്‍ശനവും ഏറ്റുവാങ്ങി. കുറച്ചു വിവരദോഷികള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നു അവരെ ശാസിച്ചും ശിക്ഷിച്ചും ശീലിച്ച് മനുഷ്യരെ കണ്ടിട്ടില്ലാത്ത പിണറായിയുടെയും മറ്റ് സ്ഥാപിത താല്പര്യക്കാരുടെയും അജണ്ടയാണ് ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നത്. ഒരു മന്ത്രി ശബരിമല വിശദീകരണ യോഗത്തില്‍ പറയുകയാണ് 'ഒരു ദമ്പതികള്‍ക്ക് കുട്ടികളില്ല ശബരിമലയില്‍ പോയി ശാന്തിക്കാരനെ കണ്ടു, അയ്യായിരം രൂപയും കൊടുത്തു കുട്ടി ജനിച്ചു അത് കേട്ട് കൈയ്യടിക്കുന്ന അണികള്‍ ഇതാണ് ഇക്കൂട്ടരുടെ നിലവാരം.

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയല്ല; നിയന്ത്രണങ്ങളും ബാഹ്യ ഇടപെടലുകളുമാണ് അയ്യപ്പന്മാരുടെ യാത്ര ദുസ്സഹമാക്കുന്നത്. സ്വയം ഭക്ഷണമുണ്ടാക്കിയും പര്‍ണശാല കെട്ടിയുമാണ് അയ്യപ്പന്മാര്‍ ശബരിമല തീര്‍ഥാടനം നടത്തിയിരുന്നത്. കച്ചവട മനഃസ്ഥിതിയുള്ളവരുടെ കടന്നുകയറ്റത്തിന്റെ ഫലമായിട്ടാണ് സന്നിധാനം അടിസ്ഥാന സൗകര്യത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടിനാല്‍ ചുറ്റപ്പെട്ടത്. അവിടെ യഥാര്‍ത്ഥ ഭക്തര്‍ക്ക് വെള്ളവും ടോയ്‌ലറ്റ് സൗകര്യവും മാത്രം മതി. 

വിജയന്‍ കെ.എസ്, പുല്‍പ്പള്ളി.

പുനഃപരിശോധനാ ഹര്‍ജികളുടെ സാംഗത്യം

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ആചാരങ്ങള്‍ക്കു വിരുദ്ധമായി ഏതു പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം. ശബരിമലയില്‍ മാത്രമല്ല, കേരളത്തിലെ ഏതൊരു ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെതന്നെ ഇനി പ്രവേശന സ്വാതന്ത്ര്യമുണ്ട്. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ അവസാന നാളുകളിലും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അത്താഴപൂജ കഴിയുന്നതുവരെ കാത്തിരിക്കാതെയും ഏതു സമയത്തും പുരുഷന്മാരെ പോലെ ഇനി സ്ത്രീകള്‍ക്കും പ്രവേശിക്കാം. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍പതോളം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അവയെല്ലാം ജനുവരി 22ന് മാത്രമേ കോടതി പരിഗണിക്കൂ. ഈ കാലയളവിനുള്ളില്‍ നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ച് ദര്‍ശനം നടത്തണമെന്നുള്ളവര്‍ക്ക് അതാകാം. അങ്ങനെ ആചാരങ്ങള്‍ ലംഘിക്കാന്‍ അവസരമുണ്ടായിരിക്കെ പുനഃപരിശോധന ഹര്‍ജികളുടെ പ്രസക്തിയെന്താണ്? കോടതി വിധി തിരുത്തുന്ന പക്ഷം ആചാര ലംഘനങ്ങള്‍ക്ക് പരിഹാരക്രിയകള്‍ നടത്തി ക്ഷേത്രങ്ങള്‍ പഴയപടി ആക്കാമെന്നാണോ വാദം? അതിനാല്‍ ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടാല്‍, പിന്നെ പുനഃപരിശോധന ഹര്‍ജികള്‍ക്ക് സാംഗത്യമുണ്ടോ?

ടി. സംഗമേശന്‍, താഴെക്കാട്, തൃശൂര്‍.

നാമജപം ഏകതാബോധവും രാഷ്ട്രബോധവും ഊട്ടി ഉറപ്പിക്കും

കലിയുഗകാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം എല്ലാ ഹിന്ദുക്കള്‍ക്കും അറിവുള്ളതാണ്. നമ്മുടെ പുരാണ മതഗ്രന്ഥങ്ങള്‍ എല്ലാം കലിയുഗത്തിലെ ജീവിതം ധന്യമാക്കുന്നതിന് സമര്‍പ്പണ ഭാവത്തോടെയുള്ള നാമജപം തന്നെ ഉത്തമമെന്ന് പ്രസ്താവിക്കുന്നു. അതിനാല്‍ എല്ലാ ക്ഷേത്രങ്ങളിലും മറ്റുകേന്ദ്രങ്ങളിലും രാവിലെയും സന്ധ്യാസമയത്തും നാമജപസങ്കീര്‍ത്തനങ്ങള്‍ സൗകര്യപ്രദമായ സമയങ്ങളില്‍ ഓരോ ക്ഷേത്രങ്ങളിലും പ്രതിഷ്ഠയുടെ പ്രാധാന്യത്തിലുള്ള കീര്‍ത്തനങ്ങളോടൊപ്പം, ഹരേ രാമ ഹരേ കൃഷ്ണ... മന്ത്രവും, കലികാലമഹിമയും, ഭാരതമഹിമയും എല്ലാ ദിവസവും ചൊല്ലുന്നത് ഉത്തമമായിരിക്കും. ഇതിന് കുറച്ച്  ക്ഷേത്രങ്ങള്‍ തുടങ്ങിയാല്‍ മറ്റു ക്ഷേത്രങ്ങളും പിന്‍തുടരും. ഇത് ഹിന്ദുക്കളില്‍ ഏകതാബോധവും രാഷ്ട്രബോധവും ഊട്ടി ഉറപ്പിക്കുന്നതിന് സഹായിക്കും. എല്ലാ ഹിന്ദുമത സംഘടനകളും ഇതിനായി മുന്നോട്ടു വരണമെന്ന് ഈശ്വരനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

വിജയകുമാര്‍, തിരുവനന്തപുരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.