കബോട്ടാഷ് നിയമ ഇളവ് ആഭ്യന്തര കപ്പല്‍ സര്‍വീസ് ജനുവരിയില്‍

Thursday 29 November 2018 3:50 am IST

മട്ടാഞ്ചേരി: ഇന്ത്യന്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര ചരക്ക് കപ്പല്‍ സര്‍വീസ് ജനുവരിയില്‍ തുടങ്ങും. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സംയുക്ത സംരംഭമായ വിശ്വസമുദ്ര കോസ്റ്റല്‍ ആണ് സര്‍വീസ് തുടങ്ങുന്നത്. 

ഗുജറാത്തിലെ ദീനദയാല്‍ തുറമുഖ(കണ്ട്‌ല)ത്ത് നിന്ന് ന്യൂ മാംഗ്ലുര്‍, കൊച്ചി, തമിഴ്‌നാട് ചിദംബരനാര്‍ (തൂത്തുക്കുടി) തുറമുഖങ്ങള്‍ വഴിയാണ് സര്‍വീസ്. ഇന്ത്യന്‍ ഫ്‌ളാഗ് കപ്പലുകളെ നിയന്ത്രിച്ചിരുന്ന കബോട്ടാഷ് നിയമത്തിലെ ഇളവുകളാണ്  പ്രേരണ.  പത്ത് വര്‍ഷത്തേക്ക് 2.49 കോടി രൂപ ടെന്‍ഡറിലാണ് വിശ്വസമുദ്ര സര്‍വീസ് നടത്തുന്നത്. 

രണ്ടു കപ്പലുകള്‍ ആദ്യഘട്ടത്തില്‍ സര്‍വീസിനിറങ്ങും, 20 അടിയുള്ള 700 കണ്ടെയ്‌നറുകളാണ് ഒന്നിലുണ്ടാകുക. 21,000 ടണ്‍ ചരക്ക് നീക്കം ഇതിലൂടെ നടക്കും. നിശ്ചിതതോതില്‍ ചരക്കില്ലെങ്കില്‍ കോണ്‍ട്രാക്ടര്‍ ചരക്ക് ഒരുക്കിത്തരും, കണ്ടെയ്‌നറുകള്‍ക്കൊപ്പം ചൊരി (ബള്‍ക്ക്) ചരക്കുകളുടെ കടത്തിനും കപ്പലില്‍ സൗകര്യമൊരുക്കും. കുറഞ്ഞ നിരക്കില്‍ ആഭ്യന്തര ചരക്ക് നീക്കത്തിന് കപ്പല്‍ സര്‍വീസിന് സാധിക്കുമെന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍. 

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആഭ്യന്തര അരി നീക്കം കപ്പല്‍ സര്‍വീസിലൂടെ നടത്താന്‍ തുടങ്ങിയതും കൊച്ചി തുറമുഖത്ത് അരിക്കപ്പല്‍ എത്തിയതും ഏറെ ഗുണകരമായെന്നാണ് വിലയിരുത്തല്‍. കോണ്‍കറിന്റെ സര്‍വീസില്‍ കൊച്ചി ഉള്‍പ്പെട്ടത് കേരളത്തിന് വന്‍നേട്ടമാകുമെന്ന് വ്യവസായകേന്ദ്രങ്ങള്‍ പറയുന്നു. 

ഇതിനിടെ ഇന്ത്യയിലെ കാര്‍ കടത്ത് കപ്പല്‍ സര്‍വീസ് കൊച്ചിയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ചെന്നൈ- ഗുജറാത്ത് തുറമുഖങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ കാര്‍കപ്പല്‍ തുടക്കത്തില്‍ കൊച്ചിയിലെത്തിയിരുന്നെങ്കിലും, തൊഴില്‍ത്തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. കപ്പല്‍ വഴിയുള്ള ഒരു കാര്‍ കടത്തിന് 2000-8000 രൂപ വരെ ലാഭമുണ്ടായിരുന്നു. ഒപ്പം റോഡുക ളിലെ വാഹനത്തിരക്കും ഒഴിവാക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.