മനുഷ്യക്കടത്തെന്ന് സംശയം; 32 മലയാളി നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമം

Thursday 29 November 2018 3:52 am IST

ബെംഗളൂരു: മംഗളൂരുവില്‍ നഴ്‌സിങ് പഠിച്ച 32 മലയാളികളെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമം. ബെംഗളൂരു വിമാനത്താവളം ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഇടപെടലില്‍ ഇവര്‍ രക്ഷപ്പെട്ടു. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവരാണ് ഭൂരിഭാഗവും. 

ജര്‍മന്‍ ഭാഷ പഠിക്കാനെന്ന വ്യാജേന അര്‍മേനിയയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തില്‍ നിന്നാണ് നഴ്‌സുമാര്‍ രക്ഷപ്പെട്ടത്. മംഗലാപുരം ആസ്ഥാനമായ ഏജന്‍സിയാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ജര്‍മനിയിലേക്ക് പോകാന്‍ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരുടെ വിമാന ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് സംശയം തോന്നി. നഴ്‌സുമാരോട് അന്വേഷിച്ചപ്പോള്‍ ഇവര്‍ ജര്‍മനിയിലെ യൂണിവേഴ്‌സിറ്റിയില്‍ ജര്‍മന്‍ ഭാഷ പഠിക്കാന്‍ പോകുന്നെന്നാണ് അറിയിച്ചത്.  

സംശയം ബലപ്പെട്ട ഇമിഗ്രേഷന്‍ വിഭാഗം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ടോണി ടോം എന്നയാളാണെന്ന് കൊണ്ടുപോകുന്നതെന്ന് നഴ്‌സുമാര്‍ അറിയിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ടോണിയാണ് ഇവരെ അര്‍മേനിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കലാ കൃഷ്ണസ്വാമി അറിയിച്ചു.

ഒരു പത്രത്തില്‍ നല്‍കിയ പരസ്യം കാണിച്ചാണ് നഴ്‌സുമാരെ ഇയാള്‍ വലവീശിയത്. എന്നാല്‍, പത്രപ്പരസ്യം വ്യാജമെന്ന് പോലീസ് കണ്ടെത്തി. നഴ്‌സുമാരില്‍ നിന്ന് വിമാന ടിക്കറ്റിനായി 30,000 രൂപയും കോഴ്‌സ് പഠിക്കുന്നതിന് ഒരു ലക്ഷം രൂപയും ഇയാള്‍ വാങ്ങി. ടോണിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ലീസ് അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.