ലോകകപ്പ് ഹോക്കി: ഇന്ത്യ തുടങ്ങി

Thursday 29 November 2018 5:02 am IST

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വപ്‌ന തുല്യ തുടക്കം. ഇന്നലെ പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇന്ത്യക്ക് വേണ്ടി സിമ്രന്‍ജിത് സിങ്ങ് രണ്ട് ഗോളുകള്‍ നേടി.

കളിയുടെ 10-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്. ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറാണ് മന്‍ദീപ് ലക്ഷ്യത്തിലെത്തിച്ചത്. രണ്ട് മിനിറ്റിനുശേഷം ഇന്ത്യലീഡ് ഉയര്‍ത്തി. സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ ആകാശ് ദീപ് സിങാണ് ലക്ഷ്യം കണ്ടത്. ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ നേടിയ ഇന്ത്യക്ക് പക്ഷേ, രണ്ടാം ക്വാര്‍ട്ടറില്‍ ലീഡ് ഉയര്‍ത്താനായില്ല. ഇതോടെ ഇടവേളയില്‍ 2-0ന് ഇന്ത്യ ലീഡ് നേടി.

മൂന്നാം ക്വാര്‍ട്ടറിലും ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തെ പിച്ചീച്ചീന്തിയ ഇന്ത്യ രണ്ട് ഗോളുകള്‍ ഈ ക്വാര്‍ട്ടറില്‍ നേടി. 43-ാം മിനിറ്റില്‍ സിമ്രന്‍ജിത് സിങ്ങും 45-ാം മിനിറ്റില്‍ ലളിത് ഉപാദ്ധ്യായയും ഫീല്‍ഡ് ഗോളിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ വല കുലുക്കിയത്.നാലാം ക്വാര്‍ട്ടര്‍ ആരംഭിച്ച് ആദ്യ മിനിറ്റില്‍ ഇന്ത്യ അഞ്ചാം ഗോളും നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് സിമ്രന്‍ജീത് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 

ഇന്നലെ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം വിജയത്തോടെ തുടക്കം കുറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാനഡയെ അവര്‍ തോല്‍പ്പിച്ചു. ബെല്‍ജിയത്തിനായി മൂന്നാം മിനിറ്റില്‍ ഫെലിക്‌സ് ഡിനെയറും 22-ാം മിനിറ്റില്‍ തോമസ് ബ്രീല്‍സും ലക്ഷ്യം കണ്ടപ്പോള്‍ കാനഡയുടെ ആശ്വാസഗോള്‍ നേടിയത് 48-ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണ്‍.

ഡിസംബര്‍ രണ്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ ബെല്‍ജിയമാണ്. അന്ന് കാനഡ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

ഇന്ന് പൂള്‍ എയിലെ മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനിനെയും ന്യൂസിലാന്‍ഡ് ഫ്രാന്‍സിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.