അരുണാചല്‍ സ്വന്തമാക്കി ചൈനീസ്‌ പാസ്പോര്‍ട്ട്‌

Friday 23 November 2012 8:55 pm IST

ന്യൂദല്‍ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തി തര്‍ക്കം പുതിയ രൂപത്തില്‍. ചൈനീസ്‌ പാസ്പോര്‍ട്ടില്‍ അരുണാചല്‍ ചൈനയുടേതാക്കി ചിത്രീകരിച്ചിരിക്കുന്നു. അരുണാചല്‍ പ്രദേശും, അക്സായി ചിന്നും പൂര്‍ണമായും ചൈനയുടേതാണെന്ന തരത്തിലുള്ള ഭൂപട ചിത്രീകരണമാണ്‌ പുതിയ വിവാദത്തിലേക്ക്‌ വഴിവെച്ചിരിക്കുന്നത്‌. ചൈനീസ്‌ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ പാസ്പോര്‍ട്ടുകളിലാണ്‌ വിവാദ ചിത്രീകരണം. പാസ്പോര്‍ട്ടിലെ വാട്ടര്‍ മാര്‍ക്കില്‍ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിലാണ്‌ ചൈന ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്‌. ചൈനയുടെ നടപടിയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇതേത്തുടര്‍ന്ന്‌ ചൈനാക്കാരുടെ വിസയില്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടം അച്ചടിച്ച്‌ നല്‍കുകയാണ്‌. ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയാണ്‌ നടപടികള്‍ക്ക്‌ നേതൃത്വം വഹിക്കുന്നത്‌.
ജമ്മുകാശ്മീരില്‍ നിന്നുള്ളവരുടെ പാസ്പോര്‍ട്ടിലാണ്‌ ഇത്തരത്തില്‍ വിവാദ ചിത്രീകരണം നടത്തിയിരിക്കുന്നത്‌. എന്നാല്‍ തര്‍ക്ക ഭൂമിയായതിനാല്‍ ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടില്ലെന്നാണ്‌ ചൈനയുടെ നിലപാട്‌. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അവര്‍ നിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചിട്ടുണ്ട്‌. ചൈനയുടെ അതിര്‍ത്തിയില്‍ നിന്നും 1030 കിലോമീറ്റര്‍ അകലെയാണ്‌ അക്സായി ചിന്നും, അരുണാചല്‍ പ്രദേശും. ഇത്‌ പുതിയ കാര്യമല്ലെന്നും അതിനാലാണ്‌ ഭൂപടത്തില്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്നതെന്നും ചൈന പ്രതികരിച്ചു. 1962 ലെ ഇന്ത്യാ-ചൈനാ യുദ്ധവേളയില്‍ അക്സായി ചിന്നിലും, അരുണാചല്‍ പ്രദേശിലും ചെറിയതോതില്‍ യുദ്ധം നടന്നിരുന്നു. പിന്നീട്‌ 1993, 1996 എന്നീ വര്‍ഷങ്ങളില്‍ ഇരു രാഷ്ട്രങ്ങളും ഉടമ്പടിയില്‍ ഒപ്പുവെക്കുകയായിരുന്നു.
അതിര്‍ത്തി പ്രശ്നം തന്നെയാണ്‌ ദീര്‍ഘനാളായി ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്നത്‌. കമ്പോഡിയയില്‍ അടുത്തിടെ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ജിയാബാനോയും അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചാണ്‌ ചര്‍ച്ചചെയ്തത്‌. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ശിവശങ്കര്‍ മേനോന്‍ ചൈന സന്ദര്‍ശിക്കാനിരിക്കെയാണ്‌ പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.