കരിങ്കല്‍ നിരത്തി ട്രാക്ക് അട്ടിമറിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

Thursday 29 November 2018 3:21 pm IST

ഓച്ചിറ: കൊല്ലം ചങ്ങന്‍കുളങ്ങരയിലെ റെയില്‍വേ പാളത്തില്‍ കരിങ്കല്‍ നിരത്തി ചെന്നൈ മെയില്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

ഇന്ന് രാവിലെ 6.20 ഓടെയാണ് ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയിലെ ബിസ്‌ക്കറ്റ് ഫാക്ടറിക്ക് മുന്നിലായാണ് അട്ടിമറി ശ്രമം നടന്നത്. 

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റ് 100 മീറ്റര്‍ മുന്വു തന്നെ ട്രാക്കില്‍ അസ്വാഭാവികമായി എന്തോ കിടക്കുന്നത് കണ്ട് നിര്‍ത്തുകയായിരുന്നു. കരിങ്കല്‍ വെച്ചതിന് 10 മീറ്റര്‍ അപ്പുറത്തായി ട്രാക്കില്‍ മെറ്റലും കൂട്ടിവെച്ചിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്നു യുവാക്കളെ സംശയാസ്പദമായി കണ്ടെത്തി, ഇവരെ ചോദ്യം ചെയ്‌തെങ്കിലും രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി സ്വദേശി അനന്തകൃഷ്ണനാണ് (19) അറസ്റ്റിലായത്. ഓച്ചിറയില്‍ പന്ത്രണ്ടുവിളക്കിന് പോയതായിരുന്നു ഇവര്‍.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കണ്ണന്‍, അനന്തു എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി കൊല്ലം റെയില്‍വേ എസ്‌ഐ വിനോദ് പ്രഭാകര്‍ അറിയിച്ചു.

യാത്രാ തടസ്സം നീക്കി 20 മിനുട്ടുകള്‍ക്കുശേഷമാണ് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. അതേസമയം തമാശയ്ക്കാണ് ഇത് ചെയ്തതാണെന്നാണ് അറസ്റ്റിലായ യുവാവ് പോലീസിനെ അറിയിച്ചത്. അനന്ത കൃഷണനെ തുടര്‍ അന്വേഷണങ്ങള്‍ക്കായി ആര്‍പിഎഫിന് കൈമാറും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.