നവ്‌ജ്യോത് സിങ് സിദ്ദു പാക്കിസ്ഥാനില്‍ ഖാലിസ്ഥാന്‍ ഭീകരനൊപ്പം

Thursday 29 November 2018 5:43 pm IST

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ മുന്‍ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു പുതിയ വിവാദത്തില്‍. പാക് സന്ദര്‍ശനത്തിനിടെ കൊടുംഭീകരന്‍ ഹാഫീസ് സയീദിന്റെ സുഹൃത്തു കൂടിയായ ഖാലിസ്ഥാന്‍ ഭീകരന്‍ ഗോപാല്‍ ചവ്‌ളയ്‌ക്കൊപ്പം സൗഹൃദം പങ്കിട്ട്, ഒന്നിച്ച് ചിത്രമെടുത്തതാണ് വിവാദമായത്. ഇന്ത്യയെ  വെട്ടിമുറിച്ച് സിഖുകാര്‍ക്കായി ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദികളാണിവര്‍. 

സിദ്ദുവിനൊപ്പം നില്‍ക്കുന്ന ചിത്രം ചവ്‌ള തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കര്‍താര്‍പ്പൂര്‍ ഇടനാഴിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തറക്കല്ലിടുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ് സിദ്ദു. പാക് കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വയ്ക്ക് ചവ്‌ള ഹസ്തദാനം നടത്തിയതിനു പിന്നാലെയാണ് സിദ്ദുവിനെ ഇയാള്‍ കണ്ടത്. 

സിദ്ദു, സിഖ് ഭീകരനെ കണ്ടതിനെ പഞ്ചാബ് മുന്‍മുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ രൂക്ഷമായി വിമര്‍ശിച്ചു. അദ്ദേഹം ഒരു കാര്യം ഓര്‍ക്കണം, താന്‍ കൈ നല്‍കിയയാള്‍ സ്വന്തം രാജ്യത്തെ യുവാക്കളെ ഭീകരതയിലേക്ക് നയിച്ച് യുദ്ധം ചെയ്യിപ്പിച്ച് കൊല്ലിക്കുന്നയാളാണ്, ബാദല്‍ പറഞ്ഞു.

ലാഹോറിലെ ഗുരുദ്വാര സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ മുന്‍പ് തടഞ്ഞയാളാണ് ഗോപാല്‍ ചവ്‌ള. 

പാക് സിഖ് ഗുരുദ്വാര പ്രബന്ധക് സമിതി അധ്യക്ഷനായ ഇയാള്‍ക്ക് നിരവധി ഇന്ത്യാവിരുദ്ധ സംഘടനകളുമായും ബന്ധമുണ്ട്. ഖാലിസ്ഥാന്‍ വാദത്തിനായി നിലകൊള്ളുന്ന പാക്കിസ്ഥാനെ ഇയാള്‍ പ്രകീര്‍ത്തിക്കുന്ന വീഡിയോ രണ്ടു ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയെ ഹിന്ദുസ്ഥാനാക്കാനാണ് ചിലരുടെ ശ്രമമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.