വൈക്കത്തപ്പന്റെ മഹോത്സവം

Friday 30 November 2018 2:03 am IST

വൈക്കത്തെ പ്രശസ്തമാക്കുന്നത് വൈക്കത്തഷ്ടമിയാണ്. ആചാരങ്ങള്‍കൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടും ഏറെ പ്രത്യേകതകളും, വ്യത്യസ്തതകളുമുള്ള ഉത്സവമാണ് വൈക്കം ക്ഷേത്രത്തിലേത്.  വൃശ്ചികമാസത്തിലെ അഷ്ടമി മഹോത്സവമാണ് ഉത്സവങ്ങളില്‍ പ്രധാനം. മറ്റ് ക്ഷേത്രങ്ങളിലേതു പോലെ  കൊടിയേറ്റും ആറാട്ടും അനുസരിച്ചല്ല അഷ്ടമി ഉത്സവം നടത്തുന്നത്. പന്ത്രണ്ട് നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ അവസാനദിവസം അഷ്ടമി വരുംവിധമാണ് ഉത്സവം നടക്കുന്നത്. 

വ്യാഘ്രപാദ മഹര്‍ഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് അഷ്ടമിദര്‍ശനത്തിനുള്ളത്. കൃഷ്ണാഷ്ടമി ദിവസം രാത്രിയുടെ അന്ത്യയാമത്തില്‍ ശ്രീപരമേശ്വരന്‍ പാര്‍വതീസമേതനായി വ്യാഘ്രപാദ മഹര്‍ഷിക്കു ദര്‍ശനം നല്‍കി, ദുഃഖവിമോചനവും, അഭീഷ്ടസിദ്ധിയും പ്രദാനം ചെയ്തു. ഈ ധന്യമുഹൂര്‍ത്തത്തിലാണ് അഷ്ടമിദര്‍ശനം.

ഉത്സവത്തോടനുബന്ധിച്ച് രോഹിണി നാളില്‍ രാത്രി 11 മണിക്ക് വൈക്കത്ത് കൂടിപൂജ നടക്കുന്നു. ഈ സമയം ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അന്നപ്രാശം നടത്തും. ഉദയനാപുരത്തപ്പന്‍ (സുബ്രഹ്മണ്യന്‍) ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേക്ക് പോകും വഴി പിതാവിനെ കാണാന്‍ വൈക്കത്തെത്തുന്നു.

ഇരുവരുടെയും ബിംബങ്ങള്‍ അടുത്തുവച്ച് ശ്രീകോവില്‍ നടയടച്ച് പൂജയാരംഭിക്കുന്നു. ഇതേസമയം ശിവന്‍, പാര്‍വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തില്‍ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങള്‍ വൈക്കം ക്ഷേത്രത്തിലെ തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രം അറിവുള്ളതാണ്.    

ഉത്സവത്തിന്റെ ഏഴാം നാള്‍ ഋഷഭവാഹന എഴുന്നള്ളത്ത് നടത്തുന്നു. 50 മൂസ്സത് കുടുംബങ്ങളിലെ അവകാശികളായ പുരുഷന്മാരുടെ ചുമലിലേറിയാണ് അന്ന് ഭഗവാന്റെ എഴുന്നള്ളത്ത്. പത്ത് ആനകളും അകമ്പടി സേവിക്കും. പന്ത്രണ്ടാം ദിനമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് ഒരുമണിക്കൂര്‍ മുമ്പേ നട തുറക്കും. അഷ്ടമിനാളിലെ മഹാ നിര്‍മാല്യദര്‍ശനത്തിന് ഓരോ വര്‍ഷവും വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. അന്ന് ക്ഷേത്രത്തില്‍ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാന്‍ ഉപവാസമനുഷ്ഠിക്കുന്നു എന്ന വിശ്വാസത്തിനാലാണിത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ഗംഭീരസദ്യയുണ്ടായിരിക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിര്‍ബന്ധമാണത്രേ! 

അന്നു വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ദുഷ്ടന്മാരായ താരകാസുരനെയും ശൂരപത്മനെയും വധിച്ചശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തുന്ന സുബ്രഹ്മണ്യനെ മഹാദേവന്‍ കിഴക്കേ ആനക്കൊട്ടിലിലേക്ക് ആനയിക്കുന്നു. തുടര്‍ന്നാണ് വലിയ കാണിക്ക എന്ന ചടങ്ങ്. ആദ്യം വരുന്നത് കറുകയില്‍ കൈമളാണ്. തുടര്‍ന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിക്കുന്ന ഭക്തര്‍, അഷ്ടമിദിവസം ക്ഷേത്രത്തില്‍ വന്ന് തൊഴുതില്ലെങ്കില്‍ അത് അപകടകരമാണെന്ന് വിശ്വസിക്കുന്നു. 

ഇതും കഴിഞ്ഞാല്‍ 'വിടപറയല്‍' എന്ന ചടങ്ങാണ്. ഈ ചടങ്ങിനിടെ വൈക്കത്തപ്പന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകള്‍ വേദനാജനകമായ പല ശബ്ദങ്ങളുമുയര്‍ത്തും. വാദ്യോപകരണങ്ങളെല്ലാം നിര്‍ത്തി, വിളക്കണച്ച്, തികച്ചും മൗനത്തോടെ സുബ്രഹ്മണ്യന്‍ ഉദയനാപുരത്തേക്കും ശിവന്‍ ശ്രീകോവിലിലേക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേര്‍പാടോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. പിറ്റേദിവസമാണ് ആറാട്ട്. ആറാട്ട് കഴിഞ്ഞുവരുന്ന ദേവന്റെ ക്ഷീണം മാറ്റുവാന്‍ വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും ഉണ്ടാകും.

 വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ സദാശിവ ഭാവത്തിലുള്ളതാണ്. ശാന്തഭാവം നിറഞ്ഞ ഭഗവാന്‍ ഇവിടെ മഹാശിവലിംഗരൂപത്തില്‍ കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. പൂജകള്‍ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാന്‍ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളില്‍ ദര്‍ശനം നല്‍കുന്നു.

രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും, പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂര്‍ത്തിയായും ഉച്ചയ്ക്ക് അര്‍ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നല്‍കി ശാന്തനാക്കാന്‍ അവതരിച്ച കിരാതമൂര്‍ത്തിയായും വൈകിട്ട് കൈലാസത്തിലെ രത്‌നപീഠത്തില്‍ വാമാംഗത്തില്‍ പാര്‍വതീദേവിയെയും മടിയില്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും ഇരുത്തി ദര്‍ശനം നല്‍കുന്ന രാജരാജേശ്വരനായും. രാവിലത്തെ ദര്‍ശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദര്‍ശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദര്‍ശനം കൊണ്ട് കുടുംബസൗഖ്യവും ലഭിക്കുമെന്നാണ് വിശ്വാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.