ധ്യാനിക്കേണ്ടത് ബ്രഹ്മത്തെ

Friday 30 November 2018 2:05 am IST

ധ്യാനിക്കുന്നയാളുടെ ചുറ്റുപാടുമുള്ള ക്രമീകരണത്തേയും ആസനരീതിയേയും വിവരിച്ച ശേഷം മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ കൊണ്ടുവരേണ്ട കാര്യങ്ങളെ പറയുന്നു.

മനസ്സിനെ സംന്യാസ ഭാവത്തില്‍ നിര്‍ത്തുന്നതാണ് അത്യാശ്രമസ്ഥഃ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. തോന്നിയപോലെ വിഷയങളില്‍ അലഞ്ഞ് നടക്കലാണ് മനസ്സിന്റെ സ്വഭാവം. മനസ്സിനെ വിഷയവസ്തുക്കളില്‍ നിന്ന് നിസ്സംഗമാക്കണം. മാനസിക വിക്ഷോഭങ്ങളില്‍ മോചനം നേടുകയും വേണം. ഇതിനെ അതി- ആ ശ്രമ അവസ്ഥ അഥവാ സംന്യാസം എന്നാണ് പറയുന്നത്. വഴിവിട്ട സഞ്ചാരങ്ങളില്‍ നിന്ന് മനസ്സിനെ വിമക്തമാക്കലാണിത്.

മനസ്സിലെ ചിന്തകളെല്ലാം ഒതുക്കി, വിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ഏകമായ ആ ഒന്നിലേക്ക് മാത്രം കേന്ദ്രീകരിക്കാന്‍ സംന്യാസഭാവം തന്നെ വേണം. അതില്‍ തന്നെ ഉറച്ച് നില്‍ക്കാനും കഴിയണം. നികൃഷ്ടമായതിലേക്ക് തിരിയാതെ എന്നും ഉത്കൃഷ്ടതയില്‍ ഇരിക്കുവാന്‍ മനസ്സിന് നല്ല പരിശീലനം വേണ്ടിവരും.

എല്ലാ ഇന്ദ്രിയങ്ങളേയും നല്ല പോലെ നിയന്ത്രിക്കുന്നതാണ് സകലേന്ദ്രിയാണി നിരുദ്ധ്യ എന്നതിന്റെ അര്‍ഥം. ചിട്ടയായ മനസ്സിന് മാത്രമേ ഇന്ദ്രിയ നിയന്ത്രണം സാധ്യമാകൂ. പുറമെയുള്ള വിഷയങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെയാണ് നമുക്കുള്ളില്‍ കയറുന്നത്. മനസ്സിന്റെ സാന്നിദ്ധ്യം കൂടെയില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തന ശേഷി ഇല്ലാത്തവയാകും. വിഷയങ്ങള്‍ ഉള്ളില്‍ കടക്കാനനുവദിച്ചാല്‍ മനസ്സ് അതിന് പിന്നാലെ പോകും. അതിനാല്‍ ധ്യാന സമയത്ത് ഇന്ദ്രിയ നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

 ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് മനസ്സ് കൊണ്ടും മനസ്സിനെ അടക്കേണ്ടത് വിവേക ബുദ്ധികൊണ്ടുമാണ്. മനസ്സിനേയും ബുദ്ധിയേയും ആദ്ധ്യാത്മികതയുടെ ഉന്നതിയിലേക്ക് വഴി തിരിച്ചുവിടാന്‍ യോഗ്യനായ ഒരു ഗുരു വേണം. ഈ ഗുരുവില്‍ പൂര്‍ണമായും ശരണമടയുകയും വേണം. ഗുരുപാദങ്ങളില്‍ വളരെ ഭക്തിയോടെ നമസ്‌കരിക്കണം.

ഗുരുവിന്റെ പാദങ്ങള്‍ ജ്ഞാനത്തിന്റേയും ഭക്തിയുടേയും പ്രതീകമാണ്. ഗുരുവിന്റെ ചിന്താധാരയുമായി ഏകീഭവിച്ച് മനസ്സിനേയും ബുദ്ധിയേയും ഉയര്‍ത്തുന്നത് ധ്യാനത്തെ ശ്രേഷ്ഠമാക്കും. ശാന്തമായ മനസ്സും തെളിഞ്ഞ ബുദ്ധിയും ധ്യാനനിര്‍വൃതിയിലേക്ക് എളുപ്പം എത്തിക്കും.

ആദരവും പ്രേമഭക്തിയും ധ്യാനിക്കുന്നയാളെ അത്യുന്നതിയിലേക്ക് നയിക്കും. ഇതിലൂടെ ധ്യാന പൂര്‍ണത കൈവരിക്കാം. ഇനിയാണ് ശരിയായ ധ്യാനം. എന്തിനെയാണ് ധ്യാനിക്കേണ്ടത്. ബ്രഹ്മത്തെയാണ് ധ്യാനിക്കേണ്ടത്. വിരജവും വിശുദ്ധവും വിശോകവുമായ ബ്രഹ്മത്തെ വിശദമായി ഹൃദയമാകുന്ന താമരയില്‍ വിചിന്തനം ചെയ്യണം.

യാതൊരു തരത്തിലുള്ള മാലിന്യങ്ങളും പറ്റാത്തത് എന്നതാണ് വിരജം. രജസ് പൊടി അഥവാ മനസ്സിലെ മാലിന്യങ്ങളെ കുറയ്ക്കുന്നു. രണ്ടാമതൊരു വസ്തു കലരാത്തതിനാല്‍ ബ്രഹ്മം പൂര്‍ണമായും വിരജമാണ് വിശുദ്ധവുമാണ്. ഒരു തരത്തിലുള്ള കളങ്കമോ കുടിക്കലര്‍പ്പോ അതിലില്ല. പൂര്‍ണ ചൈതന്യമായ ബോധമായ ബ്രഹ്മം അത്രയ്ക്കധികം പരിശുദ്ധമാണ്.

പരമ ആനന്ദമായി വിലസുന്ന ബ്രഹ്മത്തില്‍ യാതൊരു ദു:ഖവും ഇല്ല. ശരീരം മനസ്സ്, ബുദ്ധി എന്നീ തലങ്ങളിലാണ് ശോകം അനുഭവപ്പെടുക.  ബ്രഹ്മത്തെ ധ്യാനിക്കുന്നയാളുടെ അവസ്ഥയും ഇതേ സവിശേഷതയോടു കൂടിയാകും.

വളരെ വ്യക്തമായി ആ ബ്രഹ്മാവസ്ഥയെ ധ്യാനയോഗത്തിലൂടെ സാധിക്കാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. എന്തിനെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നുവോ ആ ഭാവത്തിലേക്ക് പകരാന്‍ സാധാരണ മനുഷ്യമനസ്സിന് പോലും കഴിയും. അപ്പോള്‍ വേണ്ടവിധത്തില്‍ ബ്രഹ്മ വിചിന്തനം ചെയ്യാന്‍ മനസ്സിനും ബുദ്ധിക്കും ചേര്‍ന്ന് സാധിക്കുമെങ്കില്‍ അത് ഏറ്റവും ഉയര്‍ന്ന തലം തന്നെയാകും. ധ്യാനത്തിന്റെ തുടര്‍ നടപടികള്‍ ഇനിയുള്ള മന്ത്രങ്ങളിലും കാണാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.