പാക്കിസ്ഥാന് ശക്തമായ ഇന്ത്യന്‍ മറുപടി

Friday 30 November 2018 3:23 am IST
ഇന്ത്യ സൗഹൃദത്തിനു മുന്‍കൈ എടുത്തപ്പോഴൊക്കെ പാക്കിസ്ഥാന്റെ സമീപനം അതിനു വിരുദ്ധമായിരുന്നു. അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാനുമായി നല്ലബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. അക്കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ നിഷേധാത്മക സമീപനത്തെത്തുടര്‍ന്നാണ് അതില്‍ നിന്നു പിന്‍മാറിയത്.

പാക്കിസ്ഥാന്‍ ആതിഥ്യം വഹിക്കാനൊരുങ്ങുന്ന സാര്‍ക്ക് സമ്മേളനത്തിലേയ്ക്ക് വരുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ആ രാജ്യത്തിനുള്ള വ്യക്തമായ സന്ദേശവും മുന്നറിയിപ്പുമാണ്. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിരം സ്വഭാവം തുടരുകയും ഇടയ്ക്കിടെ സൗഹൃദത്തിന്റെ ഹസ്തം നീട്ടുകയും ചെയ്യുന്നരീതി തുടരുന്നിടത്തോളം കാലം അവരെ വിശ്വസിക്കാന്‍ ഇന്ത്യയ്ക്കാവില്ലെന്ന നിലപാടാണ്, പാക്കിസ്ഥാന്റെ ക്ഷണം നിരാകരിച്ചുകൊണ്ടു മോദി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യ സൗഹൃദത്തിനു മുന്‍കൈ എടുത്തപ്പോഴൊക്കെ പാക്കിസ്ഥാന്റെ സമീപനം അതിനു വിരുദ്ധമായിരുന്നു. അധികാരമേറ്റതു മുതല്‍ പാക്കിസ്ഥാനുമായി നല്ലബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. അക്കാര്യത്തില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ നിഷേധാത്മക സമീപനത്തെത്തുടര്‍ന്നാണ് അതില്‍ നിന്നു പിന്‍മാറിയത്.

രണ്ടു വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയത് അതിന്റെ തുടര്‍ച്ചയായിരുന്നു. അന്നു മാറ്റിവച്ച സമ്മേളനമാണ് ഇപ്പോള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ ബഹിഷ്‌കരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും 2016ല്‍ ഇസ്ലാമാബാദില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്നു പിന്‍മാറിയിരുന്നു. 

ഉപഭൂഖണ്ഡത്തില്‍ സമാധാനം സ്ഥാപിക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് സൗത്ത് ഏഷ്യന്‍ അസ്സോസിയേഷന്‍ ഓഫ് റീജനല്‍ കോഓപ്പറേഷന്‍ എന്ന സാര്‍ക്ക്. പക്ഷേ, ഭീകര പ്രസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിച്ചും അവര്‍ക്ക് ആളും അര്‍ത്ഥവും നല്‍കിയും സമാധാനം തകര്‍ക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 2016ല്‍ ജമ്മുകശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനികത്താവളം പാക് പിന്തുണയോടെ ഭീകരര്‍ ആക്രമിച്ചതോടെയാണ് ഇന്ത്യ സമ്മേളനത്തില്‍ നിന്നു പിന്‍മാറിയത്. ഒരുവശത്ത് ഭീകരവാദവും മറുവശത്തു ചര്‍ച്ചകളും എന്ന സമീപനം നടപ്പില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 

ലഹോറിലെ സുപ്രധാന സിഖ് തീര്‍ഥാടന കേന്ദ്രമായ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ നിര്‍മാണം, പരസ്പര സൗഹൃദത്തിനുള്ള നടപടിയായി വ്യാഖ്യാനിച്ചാണ് പാക്കിസ്ഥാന്റെ നീക്കം. സിഖുകാര്‍ക്കായി ഇന്ത്യയില്‍ നിന്നു പാക് അതിര്‍ത്തിവരെ ഇടനാഴി പണിയാന്‍ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ഇതിനേയും രാഷ്ട്രീയ ബന്ധത്തേയും തമ്മില്‍ കൂട്ടിയിണക്കാന്‍ നോക്കേണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള സിഖ് ജനവിഭാഗത്തിന് അവരുടെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കുള്ള യാത്ര സുഗമമാക്കുന്നത് സ്വാഗതാര്‍ഹമാണ്. അതിനപ്പുറം ആ നടപടിക്കു പ്രാധാന്യമില്ല. പാക്കിസ്ഥാനിലെ ഇടനാഴി നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഇന്ത്യയില്‍ നിന്നു കേന്ദ്രമന്ത്രിമാരായ ഹര്‍ സിമ്രത് കൗര്‍ ബാദലും ഹര്‍ദിപ് സിങ് പുരിയും പഞ്ചാബിലെ മന്ത്രി നവ് ജ്യോത്സിങ് സിദ്ദുവും പങ്കെടുത്തിരുന്നു. 

ഇന്ത്യയുമായി സമാധാനമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും അതിനുള്ള ഏക തടസ്സം കശ്മീര്‍ പ്രശ്നമാണെന്നും ഇടനാഴിക്കു തറക്കല്ലിട്ടുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ആ വിഷയത്തിനു സമാധാനപരമായ പരിഹാരം കാണാന്‍ ഇരുരാജ്യത്തേയും നേതൃത്വങ്ങള്‍ പ്രാപ്തരാണെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു പറയാനുള്ള വേദി ഇതായിരുന്നില്ലെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചത്.

ഒരുവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട ഇത്തരം ഒരു നിര്‍മാണ സംരംഭത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും  ഭീകരര്‍ക്കുള്ള സഹായം പാക്കിസ്ഥാന്‍ എന്ന് നിര്‍ത്തുന്നുവോ അന്ന് മാത്രമേ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂ എന്നും സുഷമ പറഞ്ഞു. കശ്മീര്‍ പ്രശ്നപരിഹാരത്തിനു തടസ്സം ഇന്ത്യയാണെന്ന്, അവസരം കിട്ടുന്നിടത്തൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ശൈലിക്കുള്ള മറുപടിയായി വേണം വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തെ വിലയിരുത്താന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.