തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള സസ്പെന്റ് ചെയ്ത് അടിയന്തര പ്രമേയം പരിഗണിക്കുകയോ, ചോദ്യോത്തരവേളക്ക് ശേഷം വിഷയം പരിഗണിക്കുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ ഒരേ വിഷയം വീണ്ടും പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അടിയന്തര പ്രമേയ നോട്ടീസില്‍ പുതിയതായി ഒന്നുമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സഭയില്‍ ഒരേ വിഷയം നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു.
പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ സഭ നടപടികളോട് സഹകരിക്കാമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: