കോഴിക്കോട്: മുഖ്യമന്ത്രിയുടെ പകപോക്കലിനും അതിക്രമങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്നും തലയുയര്‍ത്തി മുന്നോട്ടുപോകുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. വ്യാജ റിപ്പോര്‍ട്ടുകള്‍ നല്കി തന്നെ മണ്ഡലകാലം മുഴുവന്‍ ജയിലില്‍ ഇടാനാണ് ഗൂഢാലോചന നടത്തുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പൗരാവകാശങ്ങള്‍ പോലും ലംഘിച്ച് സര്‍ക്കാരും പോലീസും ക്രൂരമായാണ് പെരുമാറുന്നത്. കസ്റ്റഡി ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോടതിയിലെത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം. എന്നാല്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ലോക്കല്‍ പോലീസ് തള്ളിയിടാന്‍ ശ്രമിച്ചു.
ഡിവൈഎഫ്ഐക്കാരായ ചില പോലീസുകാര്‍ കൈ പിടിച്ചു വലിച്ചു. കൈയുടെ വേദന മാറിയിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. കള്ളക്കടത്തുകാര്‍ക്ക് പോലും സംരക്ഷണം നല്കുന്ന പോലീസാണ് തന്നെ മിണ്ടാന്‍ പോലും അനുവദിക്കാത്തത്. മുഖ്യമന്ത്രി പകപോക്കുകയാണ്. വിമര്‍ശിക്കുന്നവരോട് മുഖ്യമന്ത്രിക്ക് വിദ്വേഷമാണ്, സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: