പ്രളയദുരിതാശ്വാസം; കേന്ദ്രത്തിന്റെ അധിക സഹായം 2,500 കോടി

Saturday 1 December 2018 1:38 am IST
ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് തുക നിശ്ചയിച്ചത്. അധിക സഹായം തേടി കേരളം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അധിക ധനസഹായ തുക നിശ്ചയിച്ചത്.

ന്യൂദല്‍ഹി: പ്രളയക്കെടുതിയില്‍പ്പെട്ട സംസ്ഥാനത്തിന് അധിക സഹായമായി 2,500 കോടി അനുവദിക്കാന്‍ കേന്ദ്രതീരുമാനം. നേരത്തെ നല്‍കിയ 600 കോടിക്ക് പുറമേയാണിത്.  രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച വ്യോമസേനയുടെ വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വാടക നല്‍കണമെന്ന് കേന്ദ്ര നിര്‍ദേശം ലഭിച്ചെന്ന മുഖ്യമന്ത്രിയുടെ വ്യാജ പ്രചാരണത്തിനിടെയാണ് കേന്ദ്രം വലിയ ധനസഹായം അനുവദിച്ചത്.  

ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ്  തുക നിശ്ചയിച്ചത്. അധിക സഹായം തേടി കേരളം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം  സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് അധിക ധനസഹായ തുക നിശ്ചയിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിതല സമിതിയുടെ, അടുത്തയാഴ്ച നടക്കുന്ന യോഗത്തില്‍ തുക കേരളത്തിന് കൈമാറാന്‍ അന്തിമ തീരുമാനമെടുക്കും. 

ആഭ്യന്തരമന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി ബി.ആര്‍. ശര്‍മയുടെ അധ്യക്ഷതയിലുള്ള മന്ത്രാലയ സമിതിയാണ് കേരളം സന്ദര്‍ശിച്ചത്. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിലുള്ള മന്ത്രാലയ സമിതി വിലയിരുത്തി. സമിതിയുടെ ശുപാര്‍ശ രാജ്‌നാഥ്‌സിങ്, അരുണ്‍ ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍സിങ് എന്നിവരുള്‍പ്പെട്ട ഉന്നതാധികാര സമിതിക്ക് നല്‍കി. അടുത്താഴ്ച സമിതി ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിക്കും. 

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രളയക്കെടുതികള്‍ വിലയിരുത്തി പ്രാഥമികമായി അനുവദിച്ചത് നൂറുകോടി രൂപയായിരുന്നു. ഇതിന് പിന്നാലെ മഹാപ്രളയം വന്നതോടെ പ്രധാനമന്ത്രി ദുരന്ത മേഖല സന്ദര്‍ശിക്കുകയും 500 കോടി ധനസഹായം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിശദമായ നാശനഷ്ടക്കണക്ക് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെങ്കിലും കേരളം ഒരുമാസത്തെ കാലതാമസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എടുത്തത്. ഇതാണ് കേന്ദ്രത്തിന്റെ അധിക ധനസഹായം വൈകാന്‍ കാരണം. 

2,500 കോടി രൂപ കൂടി കേരളത്തിന് അധികമായി ലഭിക്കുന്നതോടെ ആകെയുള്ള കേന്ദ്രധനസഹായം 3,100 കോടി രൂപയായി. 

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് രണ്ടായിരം കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 600 കോടി മാത്രമേ കേന്ദ്രം തന്നിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ 2,500 കോടി രൂപ കൂടി എത്തുന്നതോടെ കേരളം ആവശ്യപ്പെട്ടതിലും അധികം തുക കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നുറപ്പായി. 

പ്രളയത്തിന് മുമ്പായി ദുരന്ത നിവാരണ ഫണ്ടില്‍ ഉണ്ടായിരുന്ന 562 കോടിയില്‍ 450 കോടി രൂപയും കേന്ദ്രഫണ്ടായി വന്നതാണ്. ഇതിന് പുറമേയാണ് ബിജെപി ഭരണത്തിലുള്ള 19 സംസ്ഥാന സര്‍ക്കാരുകളും മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും സര്‍ക്കാര്‍ വകുപ്പുകളും നല്‍കിയ കോടികളുടെ ധനസഹായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.