ഇവള്‍ കാടിന്റെ കാവലാള്‍

Sunday 2 December 2018 2:34 am IST
എന്നും വാഴച്ചാല്‍ പുഴയെ കണി കാണണം. പുഴയുടെ ഇരമ്പല്‍ കേള്‍ക്കണം. എല്ലാ ദിവസവും പ്രകൃതിയെ കണ്ട് ഉണരണം. അപ്പോഴാണ് മനസ്സ് ശാന്തമാകുന്നത്. ഗീതയുടെ എപ്പോഴത്തെയും സ്വപ്‌നമിതാണ്. ഓര്‍മ്മവെച്ച നാള്‍ കാണുന്ന കാടും പുഴയും മാറ്റി നിര്‍ത്തി ഗീതയ്‌ക്കൊരു ജീവിതമില്ല. ഗീതയുടെ വീടിന്റെ അതിരിനോട് ചേര്‍ന്ന് കുതിച്ചുപായുകയാണ് വാഴച്ചാല്‍ പുഴ...ഗീതയെന്ന ഊരു മൂപ്പത്തിയുടെ മനസ്സറിഞ്ഞ്, അല്ല മനസ്സുപോലെ....

വാഴച്ചാല്‍ വനവാസികള്‍ക്ക് ഇന്ന് ഭയമില്ലാതെ ഊരുകളില്‍ ഉറങ്ങാം. കഴുകന്‍ കണ്ണുകളില്‍ നിന്ന് കാടിനേയും പുഴയെയും കാടിന്റെ മക്കളെയും രക്ഷിക്കാന്‍ ഒരു നേതാവുണ്ട് അവര്‍ക്കിപ്പോള്‍. തങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രവര്‍ത്തിക്കുന്ന കാടിന്റെ മക്കളുടെ സ്വന്തം വനിതാ പോരാളി. വനവാസികളെ തങ്ങളുടെ ആവാസ സ്ഥലമായ കാട്ടില്‍നിന്ന് കുടിയൊഴിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ ധീരമായി സമരരംഗത്തിറങ്ങിയ അവള്‍ ഇപ്പോള്‍ വാഴച്ചാല്‍ വനവാസി കോളനിക്കാരുടെ 'ഊരുമൂപ്പത്തി'. അധികാരികളോട് നിരന്തരം പോരാടി സാമൂഹിക വനാവകാശ രേഖ നേടിയ സംസ്ഥാനത്തെ ആദ്യ വനവാസി കോളനിയെന്ന നേട്ടത്തിന് വാഴച്ചാലിനെ അര്‍ഹമാക്കിയ ധീരനേതാവ്. കാടിനേയും പുഴയെയും മരങ്ങളെയും ജീവനായി കാണുന്ന വാഴച്ചാല്‍ കറുമ്പയ്യന്‍ ഗീത എന്ന വി.കെ. ഗീതയിന്ന് വാഴച്ചാല്‍ വനവാസികളുടെ സംരക്ഷകയും കാണപ്പെട്ട ദൈവവും. 

വാഴച്ചാല്‍ വനവാസി കോളനി 

മലക്കപ്പാറ ബോര്‍ഡറില്‍ വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലുള്ളത് ഒമ്പത് വനവാസി ഊരുകള്‍. എട്ട് ഊരുകളില്‍ താമസിക്കുന്നത് കാടരും ഒരെണ്ണത്തില്‍ മലയര്‍ വിഭാഗവും. വാഴച്ചാല്‍ വനവാസി കോളനിയില്‍ താമസിക്കുന്നത് കാടര്‍ വിഭാഗം. 69 വീടുകളിലായി 74 കുടുംബങ്ങള്‍. എട്ടു ഊരുകളിലായി 1,187 കാടര്‍. ഇവരില്‍ സ്ത്രീകളാണ് കൂടുതലും. ജലവൈദ്യുതിക്കായി ഡാമുകള്‍ നിര്‍മ്മിച്ചപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരാണ് കോളനിക്കാര്‍. 

15 വര്‍ഷമായി പുളിയിലപ്പാറ അങ്കണവാടി അധ്യാപികയാണ് ഗീത. മൂന്നര വര്‍ഷമായി ഊരുമൂപ്പത്തിയും. ഊരുകൂട്ടം കൂടിയാണ് ഊരുമൂപ്പത്തിയായി തെരഞ്ഞെടുത്തത്. 

വാഴച്ചാലില്‍ നാലു സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലാണ് ഗീതയും കുടുംബവും താമസിക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കുള്ള വിവിധ അപേക്ഷകള്‍ എഴുതിക്കാന്‍ ദിവസവും ഊരിലുള്ളവര്‍ സമീപിക്കും.  ട്രൈബല്‍ ഹോസ്റ്റലിലെ പാചകക്കാരനായിരുന്നു കറുമ്പയ്യന്‍. ഗിരിജ അങ്കണവാടി ഹെല്‍പ്പറും. എട്ടാം ക്ലാസ് മുതല്‍ അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ക്ലാസ് കഴിഞ്ഞതോടെ പൊതുരംഗത്ത് സജീവമായി. ഇപ്പോള്‍ പൊതു പരിപാടികള്‍ക്കെല്ലാം ക്ഷണിച്ചാല്‍ പോകും. പത്താം ക്ലാസ് വരെ വെറ്റിലപ്പാറ ഗവ.എച്ച്എസ്എസ്സിലായിരുന്നു പഠനം.  ജ്യേഷ്ഠന്‍ രവി പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ വീണു മരിച്ചു. ചേച്ചി രമണി അടുക്കളയില്‍ പാചകത്തിനിടെ തീപിടിച്ചും മരിച്ചു. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കറുമ്പയ്യനും മരിച്ചതോടെ കൂട്ടിനിപ്പോള്‍ അമ്മയും ചേച്ചിയും മാത്രം.

ഊരുമൂപ്പത്തിയാകുന്നതിന് മുന്‍പ് ട്രൈബല്‍ പ്രമോട്ടറായും ഗീത പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് വാഴച്ചാല്‍ മേഖലയിലെ വ്യാജവാറ്റിനെതിരെ ശക്തമായി പ്രതികരിച്ചു. നിരവധി സമരങ്ങളും നടത്തി. ഇക്കാരണത്താല്‍ വ്യാജവാറ്റ് ലോബിയില്‍നിന്ന് വധഭീഷണി വരെയുണ്ടായി. എന്നാല്‍ കോളനിയില്‍നിന്ന് മദ്യപാനം തുടച്ചുമാറ്റാന്‍ വ്യാജവാറ്റ് സംഘത്തെ കാട് കടത്തണമെന്നായിരുന്നു ഗീതയുടെ തീരുമാനം. ഒടുവില്‍ മേഖലയില്‍നിന്ന് ഇത്തരക്കാരെ ഒഴിപ്പിക്കാന്‍ സാധിച്ചു. എന്നാല്‍ ഊരുകളില്‍ നിന്ന് മദ്യപാനം പൂര്‍ണമായും തുടച്ചുമാറ്റാനായിട്ടില്ലെന്ന നിരാശയുണ്ടെന്ന് ഗീത. 

അതിരപ്പിള്ളി സമരം

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരായ സമരം ഗീതയ്ക്ക് ജീവിതത്തില്‍ മറക്കാനാവില്ല. പദ്ധതിക്കെതിരായി വനവാസികളുടെ നേതാവായി സമരം നയിച്ചത് ഗീതയാണ്. അതിരപ്പിള്ളിയില്‍ പന്തല്‍കെട്ടി നിരാഹാര സമരം ചെയ്തു. ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തി. വിവിധ പരിസ്ഥിതി സംഘടനകളും സിപിഎം ഒഴികെയുള്ള പാര്‍ട്ടികളും സമരത്തെ പിന്തുണച്ചത്  ഊര്‍ജ്ജം പകര്‍ന്നു. വിവിധ ജില്ലകളിലെ പട്ടിക വിഭാഗങ്ങളും ഐക്യദാര്‍ഢ്യവുമായെത്തി. സമരവുമായി ബന്ധപ്പെട്ട് സി.കെ.ജാനുവും ഗീതാനന്ദനുമായി സമരവേദി പങ്കിട്ടു. 

2000 മുതല്‍ എട്ടു വര്‍ഷത്തോളം തുടര്‍ച്ചയായി അതിരപ്പിള്ളി പദ്ധതിക്കെതിരെ സമരങ്ങള്‍ നടത്തി. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പാകാതെ പോയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഗീത. 

ഗാഡ്ഗിലിന്റെ സന്ദര്‍ശനം 

വാഴച്ചാല്‍ വനവാസി കോളനിക്കു സമീപമാണ് അതിരപ്പിള്ളി പദ്ധതിയ്ക്കായുള്ള ഡാം സൈറ്റ്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പഠനത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റി അതിരപ്പിള്ളി സന്ദര്‍ശിച്ചതാണ് വനവാസികള്‍ക്ക് തുണയായതെന്ന് ഗീത പറയുന്നു. പദ്ധതി പ്രദേശങ്ങളെല്ലാം അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചു. ചാലക്കുടിയില്‍ ട്രൈബല്‍ വകുപ്പും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ ഗാഡ്ഗിലുമായി ചര്‍ച്ച നടത്തി. 

പൊകലപ്പാറ മുതല്‍ വാഴച്ചാല്‍ വരെ  ഗാഡ്ഗിലിനോടൊപ്പം ഗീത യാത്ര ചെയ്തു.  40,000 ഹെക്ടറുള്ള വാഴച്ചാല്‍ കോളനിക്ക് വനാവകാശം ലഭിച്ചിട്ടില്ലേയെന്ന് ഗാഡ്ഗില്‍ ഗീതയോട് ചോദിച്ചു.  ഈ ചോദ്യമാണ് വാഴച്ചാല്‍ വനവാസി കോളനിക്ക് വനാവകാശം ലഭിക്കാനിടയാക്കിയത്. ഗാഡ്ഗില്‍ മടങ്ങിയതോടെ വനാവകാശം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഒടുവില്‍ 2014-ല്‍ ജില്ലാ കളക്ടര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ ഒപ്പിട്ട വനാവകാശ രേഖ ലഭിച്ചു, 

വനാവകാശം നേടുന്നു

സാമൂഹിക വനാവകാശം നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ വനവാസി കോളനിയാണ് വാഴച്ചാല്‍. വനവാസിക്ക് വ്യക്തിഗത അവകാശം നല്‍കുന്ന രേഖ പ്രകാരം ഇവര്‍ക്ക് യഥേഷ്ടം സാമൂഹിക വനവിഭവ ശേഖരണം നടത്താം. വനാവകാശം നടപ്പിലായതോടെ ഒന്‍പത് ഊരുകളുടെ അനുമതി ഇല്ലാതെ നിയമപ്രകാരം യാതൊരു വികസനവും വാഴച്ചാല്‍ കോളനിയില്‍ നടത്താനാകില്ല. സാമൂഹിക വനാവകാശം ലഭിച്ച ഉടനെയാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയത്.

വാഴച്ചാലിലെ ഒന്‍പതു ഊരുകളെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ നിലവില്‍ ഏജന്‍സിയില്ല. ഈ സാഹചര്യത്തിലാണ് 2014-ല്‍ വാഴച്ചാല്‍ സിഎഫ്ആര്‍ കോ-ഓഡിനേഷന്‍ സംഘത്തിന്റെ രൂപീകരണം. ഒരു ഊരില്‍നിന്ന് മൂന്ന് പേര്‍ വീതം മൊത്തം 27 പേരടങ്ങിയ രജിസ്‌ട്രേഡ് സംഘത്തില്‍ പുറത്തുനിന്ന് ആരുമില്ല. പ്രസിഡന്റും സെക്രട്ടറിയുമുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നത് ട്രൈബല്‍ വിഭാഗത്തിലെ യുവജനങ്ങളെ കേന്ദ്രീകരിച്ചാണ്. വനാവകാശ സംരക്ഷണം, ഓരോ സീസണിലും ചെയ്യേണ്ട ജോലികള്‍ തുടങ്ങിയവയെക്കുറിച്ച് യുവജനങ്ങള്‍ക്കായി കമ്മിറ്റി അംഗങ്ങള്‍ ക്ലാസെടുക്കും. വനവിഭവങ്ങളുടെ ശേഖരണം, മീന്‍ പിടിത്തം എന്നിവയെ സംബന്ധിച്ച് പരിശീലനവും നല്‍കുന്നുണ്ട്.

ഇറോം ശര്‍മിളയെ ഇഷ്ടം

അങ്കണവാടി അധ്യാപികയായും ട്രൈബല്‍ പ്രമോട്ടറായും പ്രവര്‍ത്തിച്ചിരുന്ന ഗീതയെ സാമൂഹിക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് പരിസ്ഥിതി പ്രവര്‍ത്തക ഡോ.ലതയാണ്. ഇവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയുമാണ് തന്നെ ഇപ്പോഴും തളരാതെ മുന്നോട്ട് നയിക്കുന്നതെന്ന് ഗീത. അടുത്തിടെ മരിച്ച ഡോ.ലതയെ ഓര്‍ക്കുമ്പോള്‍ ഗീതയുടെ കണ്ണുകള്‍ അറിയാതെ നിറയും. 

സാമൂഹിക പ്രവര്‍ത്തകരില്‍ ഗീതയുടെ റോള്‍ മോഡല്‍ ഇറോം ശര്‍മിളയാണ്. സുഗതകുമാരി, സാറാജോസഫ് എന്നിവരോടും ആരാധനയുണ്ട്. വനാവകാശ രേഖ ലഭിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് സി.കെ.ജാനുവുമായി ആദ്യം സംസാരിക്കുന്നത്. പിന്നീട് ഒരുമിച്ച് വേദികള്‍ പങ്കിട്ടു. ഊരില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഊരുക്കൂട്ടം വിളിച്ചു ചേര്‍ക്കും. എല്ലാവരുടെയും പരാതികള്‍ ശ്രദ്ധയോടെ കേട്ട് അന്തിമ തീരുമാനം അറിയിക്കും. 90 ശതമാനവും താന്‍ പറയുന്ന തീരുമാനം അംഗീകരിക്കാറുണ്ട്. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്‍ പോലീസിന്റെ സഹായം തേടി തീരുമാനമെടുക്കും.

രാഷ്ട്രീയത്തിലേക്കില്ല

സാമൂഹിക പ്രവര്‍ത്തനം ഇഷ്ടമാണെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗീത വ്യക്തമാക്കുന്നു. താനടക്കമുള്ള കാടര്‍ വിഭാഗത്തിന് വ്യക്തിപരമായ രാഷ്ട്രീയമുണ്ട്. എല്ലാവര്‍ക്കും അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കാം, വോട്ടു ചെയ്യാം. ഇതിനുള്ള എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ കോളനിയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായി ആരുമില്ല. ഏതു പാര്‍ട്ടി ഭരിച്ചാലും കോളനിക്കാര്‍ക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് ഗീതയുടെ അഭിപ്രായം. ട്രൈബല്‍, ഫോറസ്റ്റ് വിഭാഗങ്ങളില്‍നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ മാത്രമേ നിലവില്‍ എടുത്തുപറയാനുള്ളൂ. താന്‍ ജനിച്ചതിനു ശേഷവും മുന്‍പും കാടര്‍ സമുദായം മുഖ്യധാരയിലേക്കെത്തിയിട്ടില്ല.

തന്റെ സമൂഹത്തിനും അവരുടെ ഉന്നമനത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാഗ്രഹമുണ്ട്. കോളനിയിലുള്ള അഭ്യസ്തവിദ്യരെ പിഎസ്‌സി പരീക്ഷ എഴുതിച്ച് സര്‍ക്കാര്‍ ജീവനക്കാരാക്കണം. കോളനിയിലുള്ള നാലുപേര്‍ ഇപ്പോള്‍ ഫോറസ്റ്റ് വാച്ചര്‍മാരായി ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്കാരുടെ എണ്ണം കോളനിയില്‍ കൂടണം. 

ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ തിരിച്ചെത്തുമ്പോള്‍ ഊരിലെ സംസ്‌കാരങ്ങളില്‍ നിന്ന് അകലുന്നതായി തോന്നാറുണ്ട്. ഊരിലെ മക്കള്‍  ഊരിന്റെ മക്കളായി തന്നെ വളരണം. തങ്ങളുടെ സമൂഹത്തെ മനസ്സിലാക്കി പഠിക്കണം. പരിസ്ഥിതി, വനം, മരങ്ങള്‍ എന്നിവ അറിഞ്ഞുള്ള ജീവിതം കാടിന്റെ മക്കള്‍ ഭാവിയില്‍ നയിക്കണം. ഇതിനുള്ള അവബോധം കോളനിയിലെ കുട്ടികള്‍ക്ക് നല്‍കണം. എന്നാല്‍ ജോലിത്തിരക്കിനിടെ ഇതിനായി കൂടുതല്‍ സമയം ലഭിക്കുന്നില്ല എന്ന വിഷമത്തിലാണ് ഗീത.

ഹൈടെക് റേഷന്‍ വിതരണം 

റേഷന്‍ സാധനങ്ങള്‍ ഊരുകളിലെ വീടുകളിലെത്തിച്ചു കൊടുക്കുന്ന സംവിധാനം കോളനിക്കാര്‍ക്ക് ഏറെ സഹായകമാണ്. റേഷന്‍ അരിയും പഞ്ചസാരയും ഗോതമ്പുമെല്ലാം വിതരണത്തിന് തയ്യാറായെന്ന സന്ദേശം എല്ലാ വീടുകളിലും മൊബൈല്‍ ഫോണ്‍ വഴിയെത്തും. വിതരണ സ്ഥലവും തിയ്യതിയും വാട്‌സ് ആപ് ഗ്രൂപ്പിലൂടെ ആദ്യം അറിയിക്കും. പിന്നീട് സന്ദേശം മറ്റു കുടുംബങ്ങളിലേക്ക് എത്തിക്കും. സപ്ലൈ ഓഫീസര്‍ നേരിട്ടെത്തിയായിരിക്കും റേഷന്‍ സാധനങ്ങളുടെ വിതരണം.

വാഴച്ചാല്‍ ഊരിന് നിരവധി ആവശ്യങ്ങളുണ്ട്. വീടുകളുടെ അറ്റകുറ്റപ്പണി, പുനര്‍ നിര്‍മ്മാണം, ആശുപത്രി സ്ഥാപിക്കല്‍, വീടുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കല്‍.  കോളനിയിലേക്ക് പ്രത്യേകം റോഡില്ല. ഇപ്പോഴുള്ള ഗവ.എല്‍പി സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തല്‍. ആവശ്യങ്ങളുടെ പട്ടിക നീളുന്നു. ഊരിലെ നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ ദൂരെനിന്നാണ് പഠിക്കുന്നത്. വീട്ടില്‍ നിന്നകന്നുള്ള പഠനം കുട്ടികളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്. ട്രൈബല്‍ കുട്ടികള്‍ക്ക് ഊരുകളുടെ അടുത്തുതന്നെ പഠനത്തിന് സൗകര്യം ഒരുക്കണമെന്നാണ് വനവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം. പെരിങ്ങല്‍കുത്തില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലും വാഴച്ചാലില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലും നിര്‍മ്മിക്കണം. 

ചാലക്കുടിയിലെ ഹോസ്റ്റലില്‍ ഇപ്പോള്‍ കുട്ടികള്‍ തിങ്ങിക്കൂടിയാണ് താമസിക്കുന്നത്.  ഊരിലുള്ള കുട്ടികള്‍ക്ക് പ്ലസ് ടു കഴിഞ്ഞാല്‍ ഉന്നത പഠനത്തിന് സൗകര്യമില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രശ്‌നത്തിനും പരിഹാരം വേണം. രോഗങ്ങള്‍ പിടിപ്പെട്ടാല്‍ 19 കി.മീ. അകലെയുള്ള വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ് വാഴച്ചാല്‍ വനവാസി കോളനിക്കാര്‍ ആശ്രയിക്കുന്നത്. ഗുരുതരഘട്ടങ്ങളില്‍ മറ്റു ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. 

പോലീസ് ആംബുലന്‍സിലാണ് ഗുരുതര രോഗികളെ ഇപ്പോള്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രി സേവനങ്ങള്‍ക്കായി പ്രത്യേക വാഹനം ഏര്‍പ്പെടുത്തണമെന്നതാണ് കോളനിക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. കോളനിയിലുള്ള കുടുംബത്തിലൊരാള്‍ക്കെങ്കിലും മൊബൈല്‍ ഫോണുണ്ട്. വീടുകളില്‍ ടി.വി, മിക്‌സി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവയും.  

പൂജകളും ഉത്സവവും 

വാഴച്ചാല്‍ വനവാസികള്‍ പൂജകളും ഉത്സവവും ഇപ്പോഴും നടത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള രീതിയില്‍. കോളനിയിലാര്‍ക്കെങ്കിലും മാരക രോഗം പിടിപെട്ടാല്‍ ഊരുകൂട്ടം വിളിച്ച് പൂജകള്‍ നടത്തും. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ പ്രത്യേക 'തേന്‍ പൂജ'യുണ്ടാകും. കോളനിയിലുള്ളവര്‍ ഫോറസ്റ്റ് ഫയര്‍ ലൈന്‍ ജോലികള്‍ക്ക് പോകുമ്പോഴും പൂജ നടത്തും. ഏഴു ദിവസം വ്രതമെടുത്താണ് കാട് കയറല്‍. കാടിനുള്ളിലെ ക്ഷേത്രം 'അമ്പലപരടി'യിലെത്തിയാണ് പൂജകള്‍.

 ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ് ക്ഷേത്രത്തിന്റെ തറ. കാനനപാതയിലൂടെ നടന്ന് സ്ത്രീകളും ക്ഷേത്രത്തിലെത്തി മലദൈവത്തിന് വിളക്കുവച്ച് പൂജകള്‍ ചെയ്യും. കാണിക്കയിടാന്‍ ഇവിടെയുള്ള ഒരു മരത്തില്‍ പൊത്തുണ്ട്. ഇതില്‍ നാണയങ്ങളും രൂപയും ഇടാമെങ്കിലും ഒരിക്കലും കൈയിട്ട് തിരിച്ചെടുക്കാനാവില്ലെന്നതാണ് സവിശേഷത. വനദൈവങ്ങളെ വിശ്വസിച്ച് പ്രാര്‍ത്ഥിച്ചാല്‍ എന്തും നടക്കുമെന്നാണ് കാടരുടെ വിശ്വാസം. കോളനിക്കാരുടെ ആരുഢസ്ഥാനമാണ് ദേവീസങ്കല്‍പ്പത്തില്‍ കല്ല് പ്രതിഷ്ഠയുള്ള ക്ഷേത്രം. ഇവിടെ എല്ലാ വര്‍ഷവും മകരത്തില്‍ ഉത്സവവും നടത്തുന്നുണ്ട്. കോളനിയിലെ ആബാലവൃദ്ധം ജനങ്ങളും താളവും മേളവും നൃത്തവും പാട്ടുമെല്ലാമുള്ള ഉത്സവത്തില്‍ പങ്കാളികളാകും. വനവാസികളുടെ തനതു കലാരൂപങ്ങള്‍ കൂടാതെ പുറമേനിന്ന് ബാന്റ് മേളമടക്കമുള്ള വാദ്യങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടും.

 'ഇത് എങ്കല്‍ അടാവി'

കാടര്‍ വിഭാഗം വാഴച്ചാലിലെത്തുന്നത് ഡാം നിര്‍മ്മാണത്തിന്റെ ഭാഗമായി ഒഴിപ്പിക്കലിനെ തുടര്‍ന്നാണ്. സംസ്ഥാനത്ത് പൂര്‍വികരായി കാടര്‍ വിഭാഗം താമസിക്കുന്ന ഭാഗങ്ങളില്‍ ഡാമുകളുണ്ട്. പറമ്പിക്കുളത്തായിരുന്നു ആദ്യം ഇവരുടെ ഊരുകള്‍. ഇവിടെ കൃഷി ഉണ്ടായിരുന്നു. ഡാമുകള്‍ നിര്‍മ്മിക്കാനായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ഇവര്‍ പിന്നീട് അതിരപ്പിള്ളിയിലെത്തി. ഇവിടെനിന്ന് മാട്ടുമ്മലിലേക്കും തുടര്‍ന്ന് വാഴച്ചാലിലേക്കുമെത്തി താമസം തുടങ്ങി. പൂമ്പാറ്റ ചിറക് മാറി മാറി പറക്കുന്നതിനോടാണ് തങ്ങളുടെ പലായനത്തെ ഗീത ഉപമിക്കുന്നത്.

വിനോദ സഞ്ചാരികളെത്തുന്നതില്‍ സന്തോഷമുണ്ടെങ്കിലും ഇവര്‍ കോളനിക്കാരുടെ സ്വകാര്യത നശിപ്പിക്കുന്നുവെന്ന് ഗീതയ്ക്ക് പരാതിയുണ്ട്. കാടിന് ഒരു നിയമമുണ്ട്. അതിനനുസരിച്ച് നാട്ടില്‍ നിന്നെത്തുന്നവര്‍ ഇടപെടുകയും പെരുമാറുകയും വേണം. വിനോദസഞ്ചാരികളുടെ സെല്‍ഫിയെടുക്കലും മദ്യപാനവും പ്ലാസ്റ്റിക് മാലിന്യം തള്ളലും കോളനിക്കാരെ ബുദ്ധിമുട്ടിക്കുന്നു. 

പച്ച മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സാ രീതികള്‍ കോളനിയില്‍ ഇന്നും നിലവിലുണ്ട്. ഇതുവരെ അലോപ്പതി മരുന്നുകള്‍ കഴിക്കാത്ത ഗീതയ്ക്ക് പ്രിയം ആയൂര്‍വ്വേദം. അമ്മ ഗിരിജ ഒന്നാന്തരം വിഷ ചികിത്സകയാണ്. വിട്ടുമാറാത്ത മൈഗ്രെയ്ന്‍ നാട്ടുമരുന്നുകൊണ്ട് മാറ്റാമെന്ന് ഗീതയുടെ സാക്ഷ്യം. അതിനാല്‍ പാരമ്പര്യ ചികിത്സ കോളനിയില്‍ നിലനില്‍ക്കണമെന്നും തലമുറകളായി പിന്തുടരണമെന്നുമാണ് ഗീതയുടെ ആഗ്രഹം. ഇതിനായി വരുംതലമുറയ്ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഗീത. 

കാട് നല്‍കുന്ന സുരക്ഷിതത്വം മറ്റെവിടെയുമില്ലെന്ന് ഗീത പറയുന്നു. ഊരു മൂപ്പത്തി, വാഴച്ചാല്‍ എന്ന് മാത്രം എഴുതി അയച്ചാല്‍ ഇന്ന് ഗീതയ്ക്ക് കത്ത് കിട്ടും. ഊരുകളില്‍നിന്ന് മുമ്പത്തേക്കാളും കൂടുതല്‍ സ്ത്രീകള്‍ മുഖ്യധാരയിലേക്ക്  കടന്നു വരുന്നുണ്ട്. കാടിന്റെ ചരിത്രം എഴുതാനുള്ള ശ്രമത്തിലാണ് കാടിന്റെ സ്വന്തം മകള്‍. കുറെയൊക്കെ എഴുതി. വാഴച്ചാല്‍ വിട്ട് സഞ്ചരിച്ചാല്‍ ഗീതയ്ക്ക് ഉടനെ തലവേദന വരും. കാടാണെങ്കിലും കാര്യമായ വന്യജീവി ആക്രമണമില്ല. മനുഷ്യരുടെ മണം കിട്ടിയാല്‍ മൃഗങ്ങള്‍ വഴി മാറി പോകുമെന്നും ഊരുകളില്‍ ആനയിറങ്ങല്‍ അപൂര്‍വ്വമാണെന്നും ഗീത. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.