അനുരാഗ ഗാനം പോലെ

Sunday 2 December 2018 2:54 am IST
മലയാളത്തിന്റെസിനിമാഗാനരംഗത്തെ മലര്‍മന്ദഹാസമായ ഗായകന്‍ പി.ജയചന്ദ്രന്റെ പാട്ടുജീവിതത്തിന് 60 വര്‍ഷം തികയുന്നു

പാട്ടിന് 60 തികഞ്ഞിട്ടും മലയാളിയുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ശബ്ദത്തിന് ഇപ്പോഴും യുവത്വം. ഭാവസാന്ദ്രമായ ആ നാദസുഖത്തിന്റെ രഹസ്യം എന്താണ്? നിഷ്‌കളങ്കമായ നാദം, അതു തന്നെ. 

തനിക്കു ലഭിക്കുന്ന പാട്ട് ഏതായാലും അതിന്റെ ഭാവ-രാഗ-ലയങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് ഏക ലക്ഷ്യം. ഭാവിയില്‍ അതിന്റെ ജയപരാജയങ്ങള്‍ ജയചന്ദ്രന്‍ എന്ന ഗായകനെ ആകുലപ്പെടുത്തുന്നില്ല. അവസരങ്ങള്‍ വെട്ടിപ്പിടിക്കുക, വ്യാപാരം, പ്രശസ്തി ഇവയൊന്നും ബാധിക്കുന്നില്ല... ഇരിങ്ങാലക്കുട ഭാഷയില്‍ ജീവിതം പാട്ടന്നെ!

ശാസ്ത്രീയ സംഗീതത്തില്‍ അക്കാദമിക് യോഗ്യതകളോ പാണ്ഡിത്യമോ ആര്‍ജിച്ചിട്ടില്ല. ആകെയുള്ളത് മൃദംഗ പഠനമായിരുന്നു. പിന്നെയുള്ള പഠനം ഓരോരോ റിഹേഴ്‌സലുകളാണെന്ന് ജയചന്ദ്രന്‍ പറയാറുണ്ട്.

മലയാള ഭാഷയുടെ മാദകഭംഗി മലര്‍മന്ദഹാസമായ് വിരിയുകയാണ് ജയചന്ദ്ര നാദത്തിലൂടെ. നൂറുശതമാനവും സാഹിത്യത്തോടു നീതിപുലര്‍ത്തുന്ന ആലാപന ശൈലി. ഓരോ അക്ഷരങ്ങളുടെ ഉച്ചാരണവും വാക്കുകളുടെ സൂക്ഷ്മധ്വനികളും വളരെ കണിശമായാണ് കൈകാര്യം ചെയ്യുന്നത്. 'റ' അക്ഷരത്തിന്റെ ഉച്ചാരണം എല്ലാ പാട്ടുകാര്‍ക്കും ഒരു വെല്ലുവിളിയാണ്. ധീര എന്ന ചിത്രത്തിലെ ഓ മൃദുലേ... എന്ന ഗാനത്തിന്റെ പല്ലവിയില്‍ നൂറു പൂക്കള്‍ താലമേന്തും.. എന്നത് മേല്‍സ്ഥായിയില്‍ പാടുമ്പോള്‍ 'റ' എന്നത് ഭംഗിയായി കൈകകാര്യം ചെയ്തിരിക്കുന്നു. ലളിത സംഗീത വിഭാഗത്തിന് തന്റെ ശബ്ദവും ഭാവവുംകൊണ്ട് പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ ജയചന്ദ്രന് സാധിച്ചിട്ടുണ്ട്.

ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, എം.എസ് വിശ്വനാഥന്‍, ബാബുരാജ്, കെ.രാഘവന്‍, എം.കെ.അര്‍ജുനന്‍, ജോണ്‍സണ്‍, വിദ്യാസാഗര്‍ എന്നീ പ്രതിഭാധനന്മാരായ സംഗീതജ്ഞരെല്ലാം ജയചന്ദ്രനില്‍ കണ്ടെത്തിയത് ഈ നിഷ്‌കളങ്ക സ്വരമാണ്.

ആദ്യഗാനം കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂ മാലയായ് നീന്തി... എന്നതാണെങ്കിലും 1967-ല്‍ പുറത്തിറങ്ങിയ 'കളിത്തോഴന്‍' എന്ന ചിത്രത്തിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനത്തിലൂടെയാണ് ജയചന്ദ്രനാദം മലയാളികള്‍ ശ്രദ്ധിക്കുന്നത്. ബാബുരാജിന്റെ സംഗീതത്തില്‍ 'അനുരാഗഗാനം പോലെ...' എന്ന ഗാനം ഹിറ്റായി. ഇതോടെ പാട്ടു ജീവിതം തുടരാനുള്ള മനക്കരുത്ത് ജയചന്ദ്രന് ലഭിച്ചു. 'കല്ലോലിനീ വന കല്ലോലിനീ...' എന്ന പ്രകൃതിയുടെ ആശങ്കകളെ അവതരിപ്പിക്കുന്ന താരാട്ടു രൂപത്തിലുള്ള ഒഎന്‍വി-ദേവരാജന്‍ ഗാനത്തില്‍ തന്റെ ശൈലി പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ സാധിച്ചു. 

1972-ല്‍ പണിതീരാത്ത വീട് എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് എം.എസ് വിശ്വനാഥന്റെ സംവിധാനത്തില്‍ 'നീലഗിരിയുടെ സഖികളെ...' എന്ന ഗാനത്തിന്റെ ആലാപനത്തിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 78-ല്‍ 'ബന്ധനം' എന്ന ചിത്രത്തില്‍ 'രാഗം ശ്രീരാഗം ഉദയ ശ്രീ രാഗം...' എന്ന ഗാനം ജയചന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവാണ്. ശാസ്ത്രീയ സംഗീതത്തില്‍ വലിയ അവഗാഹമൊന്നുമില്ലാതെ വിവിധ രാഗങ്ങളുടെ സത്തുമാത്രം കോര്‍ത്തിണക്കിയ രാഗമാലിക അവതരിപ്പിച്ചത് വലിയ അത്ഭുതമായി ഇന്നും അവശേഷിക്കുന്നു. ഈ ഗാനത്തിന് മികച്ച ഗാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 'ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ...' എന്ന ശ്രീനാരായണഗുരുവിന്റെ കൃതി പാടിയതിന് 1986-ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം 1998-ല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. നിറം എന്ന ചിത്രത്തില്‍ പ്രായം നമ്മില്‍ മോഹം നല്‍കി... എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം തേടിയെത്തി. പിന്നീട് ഹിറ്റുകളുടെ പ്രവാഹമായിരുന്നു. ആലിലത്താലിയുമായ്..., മറന്നിട്ടുമെന്തിനോ..., കല്ലായിക്കടവത്തെ..., ആരാരും കാണാതെ... എന്നിങ്ങനെ അവ നീളുന്നു. മലര്‍വാകക്കൊമ്പത്ത്..., ശാരദാംബരം...., ഓലഞ്ഞാലിക്കുരുവീ... എന്നിവ അടുത്ത കാലത്തെ മെഗാഹിറ്റുകളാണ്.

ചില പാട്ടുകളിലെ ചോദ്യഭാവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടിനു പ്രത്യേക മാനം കൈവരുന്നു. 'നഖക്ഷതങ്ങളി'ലെ 'കേവലം മര്‍ത്യഭാഷ...' എന്ന ഗാനത്തില്‍ പല്ലവിയില്‍ ഹംസ ഗീതങ്ങള്‍ ഇല്ലയോ..., 'ഹര്‍ഷബാഷ്പം തൂകി...' എന്ന ഗാനത്തില്‍ 'വിരഹിയായ കാമുകനോ..., റംസാനിലെ ചന്ദ്രികയോ... എന്ന ഗാനത്തില്‍ ദൂതിയോ, സ്വര്‍ഗ്ഗ ദൂതിയോ, സന്ധ്യക്കെന്തിനു സിന്ദൂരം എന്ന ഗാനത്തിലെ 'തങ്കവും വൈരവുമുണ്ടോ... എന്നീ ഗാനങ്ങളില്‍ ഈ അതുല്യ ഗായകന്‍ തന്റേതായ ശൈലി മെനഞ്ഞെടുത്തിരിക്കുന്നു. 

ദുഃഖഗാനങ്ങള്‍ ജയചന്ദ്രന്‍ ആലപിക്കുമ്പോള്‍ കദനം തിങ്ങുന്ന ഭാവപ്പകര്‍ച്ചയിലൂടെ മനസ്സിനെ അനുഭവിപ്പിക്കുന്നു.  ഏകാകിയാമെന്‍ സ്വപ്‌നങ്ങള്‍ക്കൊക്കെയും..., ഏകാന്ത പഥികന്‍ ഞാന്‍, കരിമുകില്‍ക്കാട്ടിലെ... നീലമല പൂങ്കുയിലേ..., രാജീവ നയനേ നീയുറങ്ങൂ... ഒന്നിനി ശ്രുതിതാഴ്ത്തി പാടുക... എന്നീ ഗാനങ്ങളില്‍ വാത്സല്യഭാവവും, നിന്‍മണിയറയിലെ..., ഹൃദയേശ്വരീ നിന്‍ നെടുവീര്‍പ്പില്‍..., അഷ്ടപദിയിലെ ഗായികേ... എന്നിവയില്‍ പ്രേമഭാവങ്ങളും ഉജ്ജ്വലമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

മലയാള സിനിമാ സംഗീതത്തില്‍നിന്ന് ഏകദേശം 20 വര്‍ഷക്കാലം വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് ജയചന്ദ്രന്. ഈ അവസരങ്ങളില്‍ നിരവധി ഭക്തിഗാനങ്ങളിലും തമിഴ് സിനിമയിലും ശ്രദ്ധപതിപ്പിച്ചു. 'മണ്ഡലമാസ പുലരികള്‍ പൂക്കും...' എന്ന പി. കുഞ്ഞിരാമന്‍ നായരുടെ ഗാനവും, കുളത്തൂര്‍ പുഴയിലെ ബാലകനേ...,  ടി.എസ്. രാധാകൃഷ്ണജിയുടെ പടിപൂജ ചെയ്യുന്ന..., പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ എസ്. രമേശന്‍ നായര്‍ - പികെ കേശവന്‍ നമ്പൂതിരി കൂട്ടുകെട്ടില്‍ പിറന്ന വിഘ്‌നേശ്വര ജന്മനാളികേരം..., മൂകാംബികേ..., നെയ്യാറ്റിന്‍ കര വാഴും...  എന്നിവ ഭക്തിഗാനങ്ങളിലെ എക്കാലത്തെയും റെക്കോര്‍ഡാണ്. ഈ ഗാനങ്ങള്‍ ഇന്നും മലയാളി മനസ്സുകളെ കുളിരണിയിക്കുന്നു.

തമിഴിലും ജയചന്ദ്രന്‍ തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 'രാസാത്തി ഉന്നെ... എന്ന ഗാനം ഇപ്പോഴും തെന്നിന്ത്യ മുഴുവനും ഹിറ്റായി തുടരുന്നു. ഒരു തലൈ രാഗത്തിലെ 'ഈശ്വരന്റെ കോവിലിലാകെ..., സാഗരസംഗമത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ 'തകിട തധിമി..., കാര്‍മേഘ വര്‍ണ്ണന്റെ മാറില്‍..., ഇന്‍ട്ര കൈയേ  ഇന്ത ആനന്ദമേ..., കാത്തിരുന്ത് കാത്തിരുന്ത്..., കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ 'ഒരു ദൈവം തന്ത പൂവേ...' എന്ന തമിഴ് ഹിറ്റുകളാണ്. 1994 -ല്‍ തമിഴ്‌നാടിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും 2004-ലെ കലൈമാമണി അവാര്‍ഡും ലഭിച്ചു. കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

അഭിനയ ജീവിതത്തിലും ജയചന്ദ്രന്‍ മികവു തെളിയിക്കുന്ന ചിത്രങ്ങളാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, കൃഷ്ണപ്പരുന്ത്, നഖക്ഷതങ്ങള്‍, ട്രിവാണ്‍ഡ്രം ലോഡ്ജ് എന്നീ ചിത്രങ്ങളില്‍ സഹ വേഷങ്ങളിലും അഭിനയിച്ചു.

ഒരു ചാനല്‍ ഷോയിലെ സംഗീത മത്സരത്തില്‍നിന്ന് കൊലവെറി ഗാനത്തോടു കലഹിച്ച് അവിടെനിന്നും ഇറങ്ങിപ്പോന്നത് ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ശുദ്ധസംഗീതത്തെ ഈ ഗായകന്‍ ജീവവായുപോലെ സ്‌നേഹിക്കുന്നതിനാലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.