പാനൂര്‍ (കണ്ണൂര്‍): യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ മാക്കൂല്‍പ്പീടികയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും സംഘടിപ്പിച്ചു. ആയിരക്കണക്കിന് സ്വയംസേവകര്‍ അണിചേര്‍ന്നു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദു സമൂഹത്തിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന, ഹിന്ദുവിനെ അടിച്ചമര്‍ത്താനുള്ള വലിയ നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോയ ശശികല ടീച്ചറെ സന്നിധാനത്ത് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡും ഗുഡ് സര്‍വീസ് എന്‍ട്രിയും കൊടുത്തു. ഇത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ആ വെല്ലുവിളി നാം ഏറ്റെടുത്തേ പറ്റൂയെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി അഭിജാത് മിശ്ര, സംസ്ഥാന പ്രസിഡന്റ്് അഡ്വ.കെ.പി. പ്രകാശ് ബാബു, ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്, ഖണ്ഡ് സംഘചാലക് എന്‍.കെ. നാണു മാസ്റ്റര്‍, ജില്ലാ കാര്യവാഹ് ഒ. രാഗേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ .രഞ്ജിത്ത്, കെ. പ്രമോദ്, കെ.ബി. പ്രജീല്‍, കെ.പി. അരുണ്‍, സി.സി. രതീഷ്, എന്‍. രതി തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചന നടന്നു. വൈകിട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠപുരത്ത് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന പൊതുയോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അഭിജാത് മിശ്ര, ബിജെപി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, വി.വി. ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: