ജുഡീഷ്യല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കില്ല

Sunday 2 December 2018 1:36 am IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീം കോടതി. പുനപരിശോധനാ ഹര്‍ജിയില്‍ കഴമ്പില്ലെന്നും 470 ദിവസത്തിന് ശേഷമാണ് നല്‍കിയതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ മദന്‍ ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.എം. ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയല്‍ ചെയ്ത് 19 മാസത്തിന് ശേഷം നവംബര്‍ 27നാണ് കോടതി തീരുമാനമെടുത്തത്.

ജഡ്ജിമാരെ അവര്‍ തന്നെ തെരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനത്തിന് പകരം ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ 2015 ഒക്ടോബര്‍ 16നാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 124ാം വകുപ്പ് ഭേദഗതിയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തു. കമ്മീഷന്‍ രൂപവത്കരണം ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിയോജനക്കുറിപ്പെഴുതിയിരുന്നു. 

 സുതാര്യതക്കുള്ള മുറവിളി വെറുതെ

നീതിന്യായരംഗത്തെ സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കാനുള്ള പോരാട്ടമെന്നാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം വിളിച്ച നടപടിയെ നാല് ജഡ്ജിമാരും ന്യായീകരിച്ചത്. പത്രസമ്മേളനത്തിന് നേതൃത്വം നല്‍കിയ രഞ്ജന്‍ ഗൊഗോയ് ഇപ്പോള്‍ ചീഫ് ജസ്റ്റിസാണ്. ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ജഡ്ജി നിയമനത്തിലെ സുതാര്യത ഉറപ്പാക്കാനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ റദ്ദാക്കിയ വിധിയെ കഴിഞ്ഞ ദിവസം അംഗീകരിച്ചതെന്നതാണ് വൈരുധ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.