ന്യൂദല്‍ഹി : സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലേയറ്റു. ഒാംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് അറോറ നിയമിതനായിരിക്കുന്നത്.
മൂന്നു വര്‍ഷത്തേയ്ക്കാണ് കാലാവധി. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇനി അറോറയുടെ നേതൃത്വത്തിലാകും. കൂടാതെ ജമ്മു കശ്മീര്‍, ഒഡീഷ, മഹാരാഷ്ട്ര അന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് ഹരിയാന സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇനി അറോറയുടെ നേതൃത്വത്തിലാവും നടക്കുക.
1980 ബാച്ച് രാജസ്ഥാന് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ധനകാര്യം, ടെക്സ്റ്റയില്‍, പ്ലാനിങ് കമ്മീഷന് തുടങ്ങി വിവിധ വകുപ്പുകളില്‍ അറോറ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999-2002 കാലയളവില്‍ സിവില്‍ എവിയേഷന്‍ ജോയിന്റ് സെക്രട്ടറിയായും, ഇന്ത്യന്‍ എയര്‍ലൈന്‍സ് സിഎംഡിയായി അഞ്ചുവര്‍ഷവും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: