സര്‍ക്കാരിന് എന്‍എസ്എസ്സിന്റെ മുന്നറിയിപ്പ്

Monday 3 December 2018 5:00 am IST
നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി ഒരു ബന്ധവുമില്ല. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവര്‍ത്തങ്ങളിലൂടെ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാര അനുഷ്ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്‌നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നില്ക്കുന്നത്.

ചങ്ങനാശേരി: ഇടതു സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി വീണ്ടും എന്‍എസ്എസ് രംഗത്ത്. ശബരിമല വിഷയത്തില്‍ ജാതീയമായ വേര്‍തിരിവു സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ശ്രമം തുറന്നു കാട്ടി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നായര്‍ ഇന്നലെ വിശദമായ പത്രക്കുറിപ്പു പുറത്തിറക്കി.

വിധി നടപ്പാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍ അതിനെല്ലാം കാരണം സവര്‍ണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീര്‍ത്ത് ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ നവോത്ഥാനത്തിന്റെ പേരില്‍ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി ഒരു ബന്ധവുമില്ല. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവര്‍ത്തങ്ങളിലൂടെ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാര അനുഷ്ഠാനങ്ങളുടെയും ഈശ്വര വിശ്വാസത്തിന്റെയും പ്രശ്‌നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നില്ക്കുന്നത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെപോലും ബന്ദിയാക്കിനിര്‍ത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ഈ സംഗമം എന്നുപറഞ്ഞാല്‍ തെറ്റുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

യഥാര്‍ഥത്തില്‍ ആ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍മൂലമാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ദുരാചരങ്ങളും തൂത്തെറിയപ്പെട്ടത്. അങ്ങനെയിരിക്കെ, ഇപ്പോള്‍ സവര്‍ണനെന്നും അവര്‍ണനെന്നും ചേരിതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുവഴി ശബരിമലവിഷയത്തിന് പരിഹാരം കാണാമെന്നുള്ള സര്‍ക്കാര്‍നീക്കം രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ആര്‍ക്കും മനസിലാകും. ഒരു ജനാധിപത്യസര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് ഇത്.

ഈശ്വരവിശ്വാസികള്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച്, ശബരിമലവിഷയത്തില്‍ രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും, അതു വിജയിക്കില്ലെന്ന മുന്നറിയിപ്പും സുകുമാരന്‍ നായര്‍ നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.