ഇന്ന് ലോക ദിവ്യാംഗദിനം; കാഴ്ചയില്ലെങ്കിലും ഉള്‍ക്കാഴ്ച നല്‍കി ടീച്ചര്‍

Monday 3 December 2018 8:13 am IST

തിരുവനന്തപുരം: കാഴ്ചയില്ലെങ്കിലും നിരവധിപേര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുകയാണ് ഈ ടീച്ചര്‍. ഐതിഹ്യമാല, പഞ്ചതന്ത്രകഥകള്‍, രാഷ്ട്രവിജ്ഞാനകോശം, ബാലരാമായണം തുടങ്ങി 51 പുസ്തകങ്ങള്‍ ബ്രെയിലി ലിപിയില്‍ പുസ്തകരൂപത്തിലാക്കി വഴുതയ്ക്കാട് അന്ധര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപിക ബേബി ഗിരിജ. കാഴ്ചാ പരിമിതിയുള്ളവരില്‍ വായനാശീലം വളര്‍ത്താനുള്ള അക്ഷീണ പരിശ്രമം.

ബൈബിള്‍ കഥകളും കേരളാ സര്‍വീസ് റൂളും ഈ രീതിയിലേക്ക് മാറ്റുന്ന തിരക്കിലാണ് ഇപ്പോള്‍ ടീച്ചര്‍. 2007ല്‍ തുടങ്ങിയ പുസ്തകമെഴുത്ത് ഇപ്പോഴും തുടരുന്നു. സ്‌കൂളിനു സ്വന്തമായി ഒരു ബ്രെയിലി ലിപി ലൈബ്രറി സമ്മാനിച്ചതും ടീച്ചറാണ്. കാഴ്ചശക്തിയില്ലാത്ത അധ്യാപികയുടെ ശ്രമഫലമായി ഒരു ലൈബ്രറി, രാജ്യത്തുതന്നെ ആദ്യത്തേതാകാം. 

ശബ്ദതാരാവലി ബ്രെയിലി ലിപിയില്‍ തയാറാക്കുകയെന്നത് സ്വപ്‌നമെന്നും അതിനായി പരിശ്രമിക്കുമെന്നും ടീച്ചര്‍ പറഞ്ഞു. സുമനസുകളും സ്‌കൂളിലെ ജീവനക്കാരും രക്ഷിതാക്കളും വായിച്ചു നല്‍കുന്നത് ടീച്ചര്‍ ബ്രെയിലി ലിപിയിലേക്കു പകര്‍ത്തുകയാണ് ചെയ്യുക. അധ്യാപനത്തിന്റെ  ഇടവേളയിലാണു പുസ്തകം തയാറാക്കല്‍. 

1993ല്‍ താത്കാലിക അധ്യാപികയായാണ് അന്ധവിദ്യാലയത്തിലെത്തിയത്. പിന്നീട് സ്ഥിരം അധ്യാപികയായി. കൊല്ലം പരവൂര്‍ കൂനയില്‍ വരമ്പെട്ടുവിളവീട്ടില്‍ ബേബി ഗിരിജ അവിവാഹിതയാണ്. 2014ല്‍ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.