ഗൗരിയമ്മയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവര്‍...

Monday 3 December 2018 8:17 am IST
കേരള ജനതയെ വനിതാ മുഖങ്ങള്‍ കാണിച്ച് എന്നും പറ്റിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.ആര്‍. ഗൗരിയമ്മ.

ആലപ്പുഴ: വനിതകള്‍ എന്നും സഖാക്കള്‍ക്ക് മറയായിരുന്നു. പാര്‍ട്ടിയുടെ കൊലപാതക-അരാഷ്ട്രീയവാദത്തിന്റെ വികൃതമുഖം അംഗീകരിക്കാത്ത കേരള ജനതയെ അവര്‍ വനിതാ മുഖങ്ങള്‍ കാണിച്ച് എന്നും പറ്റിച്ച ചരിത്രമാണുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ.ആര്‍. ഗൗരിയമ്മ. വനിതാമതില്‍ സംഘടിപ്പിച്ച് വിശ്വസികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാമെന്ന് തെറ്റിദ്ധരിക്കുന്ന പഴയ കമ്മ്യുണിസ്റ്റ് ബുദ്ധിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്.

 വനിതാപ്രേമം വഴിഞ്ഞൊഴുകുന്ന സിപിഎം നേതാക്കള്‍ ഓര്‍ക്കുന്നുണ്ടോ പൂര്‍വകാല ചരിത്രം? കെ.ആര്‍.ഗൗരിയമ്മയുടെ അനുഭവം? കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം വിളിച്ച് 1987ല്‍ വിജയിച്ച ശേഷം നായനാരെ മുഖ്യമന്ത്രിയാക്കി ഗൗരിയമ്മയോട് ആദ്യ നന്ദികേട് കാട്ടി. അന്ന് ഗൗരിയമ്മയെ വേലിക്ക് പുറത്ത് നിര്‍ത്തിയത് പാര്‍ട്ടി സെക്രട്ടറി കൂടിയായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനായിരുന്നു. പിന്നിട് വിഎസിനെ മുന്നില്‍ നിര്‍ത്തി വിജയിച്ച ശേഷം അദ്ദേഹത്തെ വെട്ടി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എന്നത് ചതിയുടെ തുടര്‍ച്ച മാത്രം.

ഗൗരിയമ്മയുടെ യുവത്വത്തിന്റെ ചോരയും നീരുമെല്ലാം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശേഷം കറിവേപ്പിലപ്പോലെ ഒഴിവാക്കപ്പെടുകയായിരുന്നു. വനിതകളെ എക്കാലവും പാര്‍ശ്വവല്‍ക്കരിച്ചിട്ടുള്ള സിപിഎമ്മിന് വനിതാമതില്‍ തീര്‍ക്കാനുള്ള അര്‍ഹത അവരുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുമ്പോള്‍ ചോദ്യംചെയ്യപ്പെടേണ്ടതാണ്. 

ജീവിക്കുന്നവരും, കടന്നുപോയവരുമായവരുടെ ഉദാഹരണങ്ങള്‍ ധാരാളമാണ്. പുരുഷമേധാവിത്വത്തിന്റെ കാല്‍ ക്കീഴില്‍ക്കിടന്ന് ചൂടും വെയിലും കെണ്ട് മുദ്രാവാക്യം വിളിച്ച് കടന്ന് പോയ വനിതകള്‍ക്ക് ഒരിക്കല്‍ പോലും ആ പ്രസ്ഥാനം മാന്യമായ നീതി നല്‍കിയിട്ടില്ല. അഭിപ്രായങ്ങള്‍ പറയുന്ന വനിതകളെ എന്നും വിരട്ടിയും ഭീഷണിപ്പെടുത്തിയും ഒതുക്കുന്ന സിപിഎം ഗൗരിയമ്മയ്ക്ക് അവസാനം നല്‍കിയ വിശേഷണങ്ങള്‍ ധിക്കാരി, തന്‍പ്രമാണിത്തക്കാരി, 'ബൂര്‍ഷ്വാ പാരമ്പര്യമുള്ള സഖാവ്' എന്നിങ്ങനെയാണ്. 

വെല്ലുവിളികള്‍ നേരിട്ട് വരുന്ന വനിതാ നേതാക്കള്‍ക്ക് ഗൗരിയമ്മയുടെ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രം പറയുന്നു. കുടുംബ സ്വത്ത് വിറ്റും പാര്‍ട്ടി വളര്‍ത്തിയ ഗൗരിയമ്മയ്ക്ക് അഴിമതി നേതാക്കളുടെ ഇംഗിതത്തിന് തുള്ളാന്‍ കഴിഞ്ഞില്ല. പി.കൃഷ്ണപിള്ളയില്‍ നിന്ന് പാര്‍ട്ടി അംഗത്വം നേടിയ ഗൗരിയമ്മ അനുഭവിച്ച ജയില്‍ പീഡനത്തിന് സമാനതയില്ലാഞ്ഞിട്ടും അവര്‍ പാര്‍ട്ടിക്ക് വേണ്ടാതായി. വനിതകളുടെ ശക്തി കാണിച്ച് മതില്‍ തീര്‍ത്ത് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായിക്ക് ഗൗരിയമ്മയോട് ഇനിയെങ്കിലും മാപ്പുചോദിക്കാനും നീതി പുലര്‍ത്താനും കഴിയുമോ?

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.